Content | സാൻ സാൽവദോര്‍: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളില്‍ നിന്ന് വിടുതലിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവദോറിലെ കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസാ ഷാവേസ്. കഴിഞ്ഞ മാസാവസാനം നടന്ന രാഷ്ട്രീയ റാലിയിൽ രണ്ടു പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കുകയായിരിന്നു. "നിരവധി പൈശാചിക ശക്തികൾ രാജ്യത്ത് കൂടെ സ്വതന്ത്രമായി ഓടി സഞ്ചരിക്കുന്നു. സാത്താനിൽ നിന്നുള്ള മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുക"- സാൻ സാൽവദോറിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകിക്കൊണ്ട് കർദ്ദിനാൾ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ബഹുമാനത്തോടും, ശാന്തതയോടും കൂടി തങ്ങളുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു.
തലസ്ഥാന നഗരിയായ സാൻ സാൽവദോറിൽ നടന്ന അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരിന്നു. മൂന്നു പതിറ്റാണ്ടുകൾക്ക് മുന്‍പ് സമാധാന ഉടമ്പടി ഒപ്പിട്ട് ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ അക്രമമായിരുന്നു ജനുവരി 31നു അരങ്ങേറിയത്. എൽസാൽവദോറിൽ ഫെബ്രുവരി 28നു ജനറൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് അനിഷ്ട സംഭവം ഉണ്ടായത്. പുതിയതായി രൂപമെടുത്ത യാഥാസ്ഥിതിക പാർട്ടിയായ ന്യൂവാസ് ഐഡിയാസ് എന്ന പാർട്ടിയുടെ നേതാവ് നായിബ് ബുക്കിലിയുടെ ആശയങ്ങളാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് വിമർശകർ പറയുന്നത്. രക്തച്ചൊരിച്ചിലിലൂടെ തെരഞ്ഞെടുപ്പ് വിജയിക്കാൻ സാധിക്കില്ലെന്ന് രാജ്യത്തെ അറ്റോണി ജനറൽ രാവുൾ മെലാരാ സംഭവവികാസങ്ങൾക്ക് പിന്നാലെ ട്വീറ്റ് ചെയ്തു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|