Content | വിശുദ്ധ യൗസേപ്പിതാവിൻ്റെ നിശബ്ദതയുടെ വിശിഷ്ടമായ മറ്റൊരു സവിശേഷതയാണ് ഇന്നത്തെ ചിന്താവിഷയം. കുറ്റം പറയാൻ അറിയാത്ത യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. കുറ്റം പറയാതെ മൗനത്തിനു വഴിമാറുന്ന ജീവിതങ്ങളിൽ ജോസഫ് ചൈതന്യം രൂഢമൂലമായുണ്ട്. മറ്റൊരു കഴിവും നമുക്കില്ലങ്കിലും മറ്റുള്ളവരെപ്പറ്റി കുറ്റം പറയാതിരിക്കാൻ നമുക്കാകുമെങ്കിൽ അതാണ് ഏറ്റവും മികച്ച കഴിവെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു.
ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ തുറവിയോടെ സഹകരിച്ച യൗസേപ്പിനു പരിതപിക്കാനും പരാതി പറയുവാനും നിരവധി ന്യായങ്ങൾ ഉണ്ടായിരുന്നു, അവയെല്ലാം വിശുദ്ധമായ നിശബ്ദതയിൽ അവൻ ഒതുക്കി. മൗനം ചിലപ്പോൾ ഔഷധമാകാറാണ്ട്. എരിതീയിൽ എണ്ണ പകരാതെ വാക്കുകൾ നിയന്ത്രിക്കുന്നവൻ കുലീനത്വമുള്ളവനാണ്. വാ തുറന്നാൽ കുറ്റം മാത്രം പറയുന്നവർ സൃഷ്ടിക്കുന്ന അപായത്തിനു അതിരുകളില്ല. അത്തരം സന്ദർഭങ്ങളിൽ തിന്മയൊഴുവാക്കാനായി മൗനം പാലിക്കുന്നത് ശ്രേഷ്ഠമായ പുണ്യമാണ്.
നാവിന്റെ നിയന്ത്രണത്തെപ്പറ്റിയുള്ള പത്രോസ് ശ്ലീഹായുടെ ഈ വാക്കുകൾ വിസ്മരിക്കാതിരിക്കാം: "ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ." (1 പത്രോസ് 3 : 10). വാക്കിൽ വിശുദ്ധി കലർത്തി വേണം ഓരോ നിമിഷവും ജീവിതം പടുത്തുയർത്താൻ. വാക്കിൻ്റെ വിശുദ്ധി നഷ്ടപ്പെടുമ്പോൾ അസ്മതിക്കുന്നത് ജീവിതത്തിൻ്റെ തെളിമയും സൗരഭ്യവുമാണ്. മറ്റുള്ളവരെ കുറ്റം പറയാൻ നീട്ടുന്ന നാവുകൊണ്ട് അവരെ അഭിനന്ദിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും തുടങ്ങുമ്പോൾ നമ്മളും "യൗസേപ്പുമാർഗ്ഗ"ത്തിലാണ്. |