Content | ഇർബില്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്രൈസ്തവ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഇറാഖിലെ കത്തോലിക്ക യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി 1.8 മില്യൺ ഡോളറിന്റെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏക കത്തോലിക്ക സര്‍വ്വകലാശാലയായ കുർദിസ്ഥാൻ പ്രവിശ്യയിലുള്ള ഇർബിലിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 150 വിദ്യാർത്ഥികൾക്ക് 1.5 മില്യൺ ഡോളർ സാമ്പത്തിക സഹായം സംഘടന നൽകും. 2015ൽ ഇർബിൽ ആർച്ച് ബിഷപ്പ് ബാഷർ വർദയാണ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്. സന്നദ്ധ സംഘടനയുടെ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
സർവ്വകലാശാല ഏവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് വെളിച്ചവും, പ്രത്യാശയുടെ അടയാളവുമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് അടുത്ത നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാർത്ഥികളുടെ എണ്ണം ആയിരമാകണമെന്ന ആഗ്രഹം പങ്കുവെച്ചു. ഇർബിൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിലവില്‍ പഠിക്കുന്ന വിദ്യാർത്ഥികളിൽ 170 പേരും ബാഗ്ദാദ്, സിൻജാർ, കിർകുക് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത് എത്തിയവരാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളില്‍ 72 ശതമാനം പേർ ക്രൈസ്തവരും, 18% പേർ യസീദികളും 10 ശതമാനം പേർ മുസ്ലീങ്ങളുമാണ്.
നാളെ മാർച്ച് അഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ എത്തിച്ചേരുന്നത്. ഞായറാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ഇർബിൽ നഗരത്തിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ മാര്‍പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. പേപ്പൽ സന്ദർശനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി കൂടാൻ സാധ്യതയുള്ള ചടങ്ങ് ഇർബിലെ പാപ്പയുടെ ദിവ്യബലി ആയിരിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |