category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിതാവിനോടൊപ്പം കുരിശിന്റെ വഴിയേ...!
Contentയൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴിയേ... ദൈവ പുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ കുരിശു വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. മംഗല വാർത്ത മുതൽ കുരിശുകളുടെ ഒരു പരമ്പര അവനെ തേടി വന്നു. നോമ്പിലെ ഈ വിശുദ്ധ വാരത്തില്‍ വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം കുരിശിൻ്റെ വഴി ചൊല്ലി നമുക്കു പ്രാർത്ഥിക്കാം. #{blue->none->b-> പ്രാരംഭ പ്രാർത്ഥന ‍}# സ്വർഗ്ഗസ്ഥനായ പിതാവേ, നിൻ്റെ പ്രിയപുത്രൻ ലോകരക്ഷക്കായി കുരിശു വഹിച്ചുകൊണ്ടു നടത്തിയ അന്ത്യയാത്രയിൽ വിശുദ്ധ യുസേപ്പിതാവിനൊപ്പം സഞ്ചരിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു. കൃപയും രക്ഷയും സമൃദ്ധമായി വർഷിക്കപ്പെടുന്ന ഈ രക്ഷണീയ യാത്രയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ സാന്നിധ്യം ഞങ്ങൾക്കു ബലം നൽകട്ടെ. കുരിശിന്റെ വഴിയിലൂടെ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും നീ വിശുദ്ധികരിക്കയും നയിക്കുകയും ചെയ്യണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ഒന്നാം സ്ഥലം ‍}# ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോ ലോകരക്ഷയ്ക്കായി മരിക്കാൻ പിറന്നവനാണ്. രക്ഷിക്കാൻ പിറന്ന ഈശോ രക്ഷയുടെ കുരിശിൻ്റെ വഴി ആരംഭിക്കുന്നു. വേദനകളും യാതനകളും നിറഞ്ഞ ഈ രക്ഷണീയ കൃത്യം എന്നെങ്കിലും സംഭവിക്കുമെന്ന് യൗസേപ്പിനു ഉറപ്പായിരുന്നു. ദൈവാലയത്തിൽ വച്ചുള്ള ശിമയോൻ്റെ പ്രവചനം " ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും." (ലൂക്കാ 2 : 34) അവൻ എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. യൗസേപ്പിതാവും ഈശോയും മരണത്തിൻ്റെ വഴികളിലൂടെ കടന്നു പോയി, ഞാനും ഒരിക്കൽ മരണത്തിനു കീഴടങ്ങേണ്ടവനാണ്. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, മരണം എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കി ജീവിക്കാനും ജീവിതം ക്രമീകരിക്കാനും എന്നെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> രണ്ടാം സ്ഥലം ‍}# ഈശോ മിശിഹാ കുരിശു ചുമക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: റോമൻ പടയാളികൾ ഈശോയുടെ കരങ്ങളിലേക്ക് ഒരു മരക്കുരിശു നൽകുന്നു. കാൽവരിയിലേക്ക് അവൻ അതു തനിയെ ചുമക്കണം. യൗസേപ്പിതാവിൻ്റെ മരപ്പണിശാലയിൽ ചെറുപ്രായത്തിൽ ഈശോ കളിക്കുമ്പോൾ ഒരു ചെറിയ മരക്കുരിശ് നിർമ്മിച്ചിരുന്നു. ഇപ്പോൾ അവൻ ചുമക്കുന്ന കുരിശ് തനിയെ നിർമ്മിച്ചതല്ല, നമ്മുടെ പാപങ്ങൾ തീർത്ത വൻകുരിശാണത്. രക്ഷകൻ അത് വഹിച്ചാലേ മനുഷ്യ വംശത്തിനു രക്ഷ കൈവരുകയുള്ളു. പ്രാർത്ഥന യൗസേപ്പിതാവേ എൻ്റെ ജീവിത കുരിശുകളെ അംഗീകരിക്കാനും അവ വഹിക്കുവാനും എന്നെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> മൂന്നാം സ്ഥലം ‍}# ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശിൻ്റെ ഭാരം താങ്ങാനാവാതെ ഈശോ കുരിശുമായി ഒന്നാം പ്രാവശ്യം നിലത്തു വീഴുന്നു. ശിശുവായിരിക്കുമ്പോൾ ഈശോ പലതവണ നിലത്തു വീണിട്ടുണ്ട്. അപ്പോഴെല്ലാം യൗസേപ്പിതാവ് ഏതൊരു പിതാവിനെപ്പോലെയും ഈശോയെ കൈകളിലെടുത്ത് ആശ്വസിപ്പിച്ചട്ടുണ്ട്. മനുഷ്യവതാര രഹസ്യത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഈശോയെ ആശ്വസിപ്പിച്ച യൗസേപ്പിതാവാണങ്കിൽ വേദന നിറഞ്ഞ രണ്ടാം ഘട്ടത്തിൽ മറിയം നിഴൽ പോലെ പിൻതുടരുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ ജീവിതഭാരത്താൽ ഞാൻ തളർന്നു വീഴുമ്പോൾ എൻ്റെ സഹായത്തിനു വരണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> നാലാം സ്ഥലം ‍}# ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശു യാത്രയിൽ ഈശോയും അമ്മയായ മറിയവും കണ്ടുമുട്ടുന്നു. തൻ്റെ തിരുസുതൻ്റെ മുഖദർശനം ഒരു നിമിഷ നേരത്തേക്കെങ്കിലും വേദനിക്കുന്ന അവളുടെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നു. തിരുപ്പിറവിയുടെ ദിനത്തിൽ തൻ്റെ മകനെ ആദ്യം ദർശിക്കുമ്പോൾ മറിയത്തിനൊപ്പം യൗസേപ്പിതാവുണ്ടായിരുന്നു. ഇപ്പോൾ അവൾ ഏകയാണങ്കിലും ആ ഓർമ്മ മറിയത്തെ ധൈര്യപ്പെടുത്തുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളിൽ രോഗവും ദു:ഖങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ ഞങ്ങളെ സഹായിക്കാൻ വരണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> അഞ്ചാം സ്ഥലം ‍}# ശിമയോൻ ഈശോയെ സഹായിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: റോമൻ പടയാളികൾ കുറച്ചു നേരത്തേക്കു ഈശോയുടെ കുരിശു കിറേനാക്കാരന്‍ ശിമയോനെ ഏല്പിക്കുന്നു. സ്വപ്നത്തിൽ ദൈവദൂതൻ്റെ വാക്കുകൾ ശ്രവിച്ച് ഈജിപ്തിലേക്കു പലായനം ചെയ്ത യൗസേപ്പിതാവിൻ്റെ സുരക്ഷിതത്വം ഒരു നിമിഷം ഈശോ ഓർമ്മിക്കുന്നു. മരണത്തിൻ്റെ നിഴൽ വീണ ആ യാത്രയിൽ എത്ര സൂക്ഷ്മതയോടാണ് അവൻ ഉണ്ണിയേശുവിനെ കാത്തു സംരക്ഷിച്ചത്. പ്രാർത്ഥന വിശുദ്ധ യൗസേേപ്പിതാവേ, ഏറ്റവും അത്യാവശ്യമുള്ള സമയങ്ങളിൽ എന്നെ സഹായിക്കാനായി വ്യക്തികളെ അയക്കുവാൻ നിൻ്റെ തിരു കുമാരനോടു പ്രാർത്ഥിക്കണമേേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ആറാം സ്ഥലം ‍}# വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ജനക്കൂട്ടത്തിനു നടുവിൽ നിന്നു രക്തം ഒഴുകുന്ന ഈശോയുടെ തിരുമുഖം വെറോനിക്ക കാണുന്നു. ആൾകൂട്ട ബഹളത്തിനിടയിലും ധൈര്യപൂർവ്വം അവൾ മുന്നോട്ടു വന്നു ഈശോയുടെ മുഖം തുടയ്ക്കുന്നു. ഉണ്ണിയേശുവിനെ ചെറുപ്രായത്തിൽ പരിചരിച്ച യൗസേപ്പിതാവിൻ്റെ ആർദ്രത നമുക്കു സ്വന്തമാക്കാം. ഒരു പിതാവിൻ്റെ സ്നേഹത്തോടെ മുറിവുകൾ വൃത്തിയാക്കിയതും കണ്ണീരു തുടച്ചതുമെല്ലാം ഈശോ ഓർത്തെടുക്കുന്നു. പ്രാർത്ഥന വിശുദ്ധ യൗസേേപ്പിതാവേ, സഹായം ആവശ്യമുള്ളവരെ ഏതു പ്രതികൂല സാഹചര്യത്തിലും സഹായിക്കാനുള്ള വിശുദ്ധമായ മനോഭാവം എനിക്കു നൽകണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ഏഴാം സ്ഥലം ‍}# ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശിൻ്റെ കനത്ത ഭാരത്താൽ ഈശോ വീണ്ടും നിലത്തു വീഴുന്നു. പതുക്കെ ശക്തി സംഭരിച്ചു കുരിശുമായി വീണ്ടും യാത്ര തുടരുന്നു. കർത്താവിൻ്റെ ദൂതൻ മൂന്നാം തവണ യൗസേപ്പിനെ സന്ദർശിക്കുമ്പോൾ ഈജിപ്തിൽ നിന്നു മടങ്ങി വരാനായിരുന്നു നിർദേശം. സ്വന്തം നഗരമായ നസറത്തിലേക്കു തിരിച്ചു വന്നപ്പോൾ യൗസേപ്പ് അത്യധികം സന്തോഷിക്കുന്നു. സാധാരണ ജീവിതക്രമത്തിലേക്കുള്ള അവൻ്റെ മടങ്ങിവരവ് അവൻ ദൈവത്തിലർപ്പിച്ച പ്രത്യാശയുടെ പ്രതിഫലനമായിരുന്നു. ജീവിതത്തിൽ ഞാൻ വീഴുമ്പോൾ ദൈവീക പദ്ധതികളിൽ ആഴമായി ശരണപ്പെട്ടാലേ എഴുന്നേൽക്കുവാനും മുന്നോട്ടു നീങ്ങാനും സാധിക്കു എന്ന് ഈശോയും യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, നീ ദൈവത്തിൽ ആശ്രയിച്ചതുപോലെ ആശ്രയിക്കാൻ എന്നെയും പഠിപ്പിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ #{green->none->b-> എട്ടാം സ്ഥലം ‍}# ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശു യാത്രയിൽ വഴിയരുകിൽ തന്നെ ആശ്വസിപ്പിക്കാനായി കാത്തു നിന്ന ജറുസലേം നഗരിയിലെ ഭക്ത സ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നു. അവരോടു സിയോൻ പുത്രിമാരെ നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ എന്നു ഈശോ പറയുന്നു. സ്വന്തം വേദന മറന്നു മറ്റുള്ളവരെ സമാശ്വസിപ്പിക്കാൻ ഈശോ പഠിച്ചതു നസറത്തിലെ തൻ്റെ വളർത്തു പിതാവായ യൗസേപ്പിൽ നിന്നാണ്. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, സ്വവേദന മറന്നു മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന വിശാലമായ ഹൃദയം ഈശോയിൽ നിന്നു എനിക്കു വാങ്ങിത്തരമെ കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> ഒൻപതാം സ്ഥലം ‍}# ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: കുരിശിൻ്റെ ഭാരത്താൽ ഈശോ മൂന്നാം വട്ടവും നിലത്തു വീഴുന്നു. യൗസേപ്പിതാവിനും പലപ്പോഴും ജീവിതം ഭാരമുള്ളതായി തോന്നിയതാണ്. ദൈവീക പദ്ധതികൾ പലപ്പോഴും അതിൻ്റെ പൂർണ്ണതയിൽ ഗ്രഹിക്കാൻ സാധിക്കാത്തപ്പോൾ ആ പിതൃഹൃദയം വേദനിച്ചിട്ടുണ്ടാവാം. മൂന്നു ദിവസം യേശുവിനെ കാണാതെ അന്വേഷിച്ചു ദൈവാലയത്തിൽ കണ്ടെത്തുമ്പോൾ "ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?" (ലൂക്കാ 2 : 49) എന്നു ഈശോ ചോദിക്കുന്നു. ദൈവീക പദ്ധതികൾ പൂർണ്ണമായി മനസ്സിലാകാത്തപ്പോഴും ദൈവത്തിൽ ശരണപ്പെട്ടു യൗസേപ്പു മുന്നോട്ടു നീങ്ങുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള ജ്ഞാനം നേടുന്നതിനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പത്താം സ്ഥലം ‍}# ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ജനിക്കുമ്പോൾ എല്ലാ ശിശുക്കളും നഗ്നരാണ് മാതാപിതാക്കളാണ് അവരെ വസ്ത്രം ധരിപ്പിക്കുന്നത്. ഇപ്പോൾ ഈശോയുടെ മരണത്തിൽ പടയാളികൾ അവൻ്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു. കുട്ടിക്കാലത്ത് ഈശോയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യൗസേപ്പിതാവു മറിയത്തോടൊപ്പം സദാ സന്നദ്ധനായിരുന്നു. ദൈവ സുതൻ നഗ്നനായി കുരിശിൽ മരിക്കുമ്പോൾ സ്വർഗ്ഗീയ പിതാവിനൊപ്പം വളർത്തു പിതാവും കണ്ണീർ തൂകിയിട്ടുണ്ടാവാം. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ദൈവസ്നേഹത്തിൻ്റെ വസ്ത്രത്താൽ എൻ്റെയും മറ്റുള്ളവരുടെയും മുറിവുകൾ വച്ചുകെട്ടുവാൻ എന്നെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പതിനൊന്നാം സ്ഥലം ‍}# ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോയുടെ കൈകളിലും കാലുകളിലും പടയാളികൾ ആണി തറയ്ക്കുന്നു. നസറത്തിലെ മരപ്പണിശാലയിൽ ഈശോയുടെ കൈ ഒന്നു മുറിഞ്ഞാൽ ഓടി എത്തിയിരുന്ന യൗസേപ്പിൻ്റെ മുഖം ഈശോയുടെ മുമ്പിൽ തെളിഞ്ഞു വന്നിരിക്കണം. ഒരു കുറ്റവാളിയേപ്പോൽ ഈശോയെ കുരിശിൽ തറയ്ക്കുമ്പോൾ തങ്ങളുടെ രക്ഷകനെയാണ് ആണികളിൽ തറയ്ക്കുന്നതെന്ന് അവർ അറിയുന്നില്ല. രക്ഷകനെ ബന്ധിക്കാൻ ആർക്കും ആവുകയില്ലെന്നും എല്ലാ ബന്ധനങ്ങളെയും അവൻ പൊട്ടിച്ചെറിയും എന്ന സത്യം യൗസേപ്പിതാവിൽ നിന്നു നമുക്ക് പഠിക്കാം. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, എൻ്റെ വാക്കുകളാൽ ആരെയും ക്രൂശിക്കാതിരിക്കാനും അതിനായി നിശബ്ദനാകാനും എന്നെ പഠിപ്പിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പന്ത്രണ്ടാം സ്ഥലം ‍}# ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: യോഹന്നാൻ്റെ സുവിശേഷമനുസരിച്ച് ഈശോയുടെ കുരിശിൻ ചുവട്ടിൽ പരിശുദ്ധ കന്യകാമറിയം ഉണ്ട്. തനിക്കു പ്രിയപ്പെട്ട ഒരാളുടെ കൂടി മരണത്തിനു മറിയം സാക്ഷ്യം വഹിക്കുന്നു. ആദ്യം അവളുടെ മാതാപിതാക്കൾ, പിന്നെ ബന്ധുക്കളായ എലിസബത്ത്, സക്കറിയ ഏറെ വേദന സമ്മാനിച്ച യൗസേപ്പിൻ്റെ മരണം, ഇപ്പോൾ പ്രിയപുത്രൻ്റെയും. മരണത്തിനു നടുവിൽ അവൾ ഏകയായി നിലകൊള്ളുന്നു. ഈശോ കുരിശിൽ മരിക്കുന്ന സ്ഥലം ധ്യാനിക്കുമ്പോൾ ഈശോയുടെയും മറിയത്തിൻ്റെയും സാമിപ്യത്തിൽ മരിച്ച യൗസേപ്പിൻ്റെ ഭാഗ്യപ്പെട്ട മരണം ഓർമ്മയിൽ തെളിഞ്ഞു വരുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവരോടു കൂടെയായിരിക്കുകയും ചെയ്യണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b->പതിമൂന്നാം സ്ഥലം ‍}# ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിൻ്റെ മടിയിൽ കിടത്തുന്നു. അരുമസുതൻ്റെ മേനി മടിയിൽ കിടത്തി അന്ത്യചുംബനം നൽകുമ്പോൾ തൻ്റെ പ്രിയതമനായ യൗസേപ്പിൻ്റെ ഹൃദയവികാരങ്ങളും അവളുടെ വിമലഹൃദയത്തെ കൂടുതൽ ദു:ഖ സാന്ദ്രമാക്കി. മരണ ശേഷം പാതാളത്തിലേക്കിറങ്ങിയ ഈശോ മരണത്തിൻ്റെ ബന്ധനങ്ങളെ തകർക്കുകയും പുതു ജീവൻ പകരുകയും ചെയ്തു. നിത്യ പറുദീസായുടെ വാതിൽ തുറക്കുകയും ചെയ്തു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, ശുദ്ധീകരണസ്ഥലത്തിൽ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കണമേ. നിൻ്റെയും നിൻ്റെ പ്രിയപ്പെട്ട പരിശുദ്ധ ഭാര്യയുടെയും മദ്ധ്യസ്ഥം അവർക്കു സ്വർഗ്ഗദർശനം സാധ്യമാക്കട്ടെ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{green->none->b-> പതിനാലാം സ്ഥലം ‍}# ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു. ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു. ➤ വിചിന്തനം: ഈശോയുടെ ജനനവും മരണവും പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. പൂജ രാജക്കന്മാർ കാഴ്ചവച്ച മീറാ ഈശോയുടെ ശവസംസ്കാരത്തിൻ്റെ പ്രതീകമായിരുന്നു. ശിശുവായ ഈശോയ്ക്കു വേണ്ടി അന്നു അവ സ്വീകരിച്ചവ യൗസേപ്പായിരുന്നു. യൗസേപ്പിനെ സംസ്കരിച്ച കല്ലറ ഈശോ നിരവധി തവണ സന്ദർശിച്ചിരിക്കണം. ലോക രക്ഷയ്ക്കായുള്ള മരണത്തിനു ഈശോയെ ഭൂമിയിൽ ഒരുക്കിയത് വളർത്തു പിതാവായ യൗസേപ്പായിരുന്നു. പ്രാർത്ഥന വിശുദ്ധ യൗസേപ്പിതാവേ, എൻ്റെ മരണവിനാഴിക അടുക്കുമ്പോൾ നീ എൻ്റെ സഹായത്തിനു എത്തണമേ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. #{red->none->b->സമാപന പ്രാർത്ഥന ‍}# ഈശോയെ, നിൻ്റെ കുരിശിൻ്റെ വഴിയിലൂടെ ഒരു തീർത്ഥയാത്രയായി ഞങ്ങൾ നിന്നെ അനുഗമിക്കുകയായിരുന്നു. ഈ യാത്രയിൽ നിൻ്റെ വത്സല പിതാവിൻ്റെ സാന്നിധ്യം ഞങ്ങളെ ധൈര്യപ്പെടുത്തി. കുരിശിൻ്റെ താഴ് വരകളിലൂടെ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ മഹനീയ മാതൃക ഞങ്ങൾക്കു ശക്തി നൽകട്ടെ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃക പിൻചെന്ന് രക്ഷയുടെ പാതയായ കുരിശിന്റെ മാർഗ്ഗത്തിൽ നിന്നു ഞങ്ങളുടെ കുടുംബങ്ങൾ ഒരിക്കലും ദൃഷ്ടി മാറ്റാതിരിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. കർത്താവേ അനുഗ്രഹിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, മനസ്താപ പ്രകരണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-27 10:27:00
Keywordsജോസഫ്, യൗസേ
Created Date2021-03-05 20:07:17