Content | ഇർബിൽ: യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ കടലിൽ വീണു മരിച്ച അലൻ കുർദി എന്ന സിറിയൻ ബാലന്റെ പിതാവ് അബ്ദുല്ല കുർദി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ആറു വർഷങ്ങൾക്കു മുമ്പ് തുർക്കി കടൽത്തീരത്ത് മരിച്ചുകിടക്കുന്ന അലൻ കുർദിയുടെ ചിത്രം ലോക മനഃസാക്ഷിയെ പിടിച്ചുകുലുക്കിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനവേളയിൽ ഇർബിൽ നഗരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷമാണ് അബ്ദുല്ല കുർദിയുമായി കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാൻ പത്രക്കുറിപ്പിൽ അറിയിച്ചു. വിവർത്തകന്റെ സഹായത്തോടെ കുടുംബത്തെ നഷ്ടപ്പെട്ട പിതാവിന്റെ വേദന പാപ്പ കേട്ടു.
സ്വന്തം രാജ്യത്ത് നിന്ന് ജീവൻ പണയപ്പെടുത്തി സുരക്ഷയും, സമാധാനവും തേടി പലായനം ചെയ്യുന്ന ആളുകളുടെ ദുരിതവും, ദുഃഖവും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് അബ്ദുല്ല കുർദി ഫ്രാൻസിസ് മാർപാപ്പയോട് നന്ദി രേഖപ്പെടുത്തി. തുർക്കി കടൽതീരത്ത് നിന്ന് യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി പുറപ്പെട്ട കപ്പലിൽ അലൻ കുർദിയോടൊപ്പം, അവന്റെ അമ്മയും, സഹോദരനുമുണ്ടായിരുന്നു.
അഭയാർത്ഥികളെ അനുകമ്പയോടെ കാണണമെന്ന് നിരന്തരം ആവശ്യപ്പെടുന്നയാളാണ് ഫ്രാൻസിസ് മാർപാപ്പ. ഇറാഖിലെ സ്വതന്ത്ര കുർദിഷ് മേഖലയിലാണ് അബ്ദുല്ല കുർദി ഇപ്പോൾ ജീവിക്കുന്നത്. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷവും അക്രമവും അവസാനിപ്പിക്കണമെന്ന് പാപ്പ ഇവിടെവെച്ച് നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HYMpVuDKmbSLMVyaJxfQqK}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |