Content | കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലെ ദേവാലയങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കയിലെ ക്രൈസ്തവ വിശ്വാസികള്‍ 'കറുത്ത ഞായര്‍' എന്ന പേരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കരിദിനമായി ആചരിച്ചു. 2019-ല്‍ കൊളംബോയിലെ ദേവാലയങ്ങളില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച സമയമായ രാവിലെ 8:45-ന് വിവിധ ദേവാലയങ്ങളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനകളില്‍ കറുത്ത വസ്ത്രമണിഞ്ഞാണ് വിശ്വാസികള്‍ പങ്കെടുത്തത്. ദേവാലയ മണികള്‍ മുഴക്കിയതിന് പുറമേ പ്രത്യേക പ്രാര്‍ത്ഥനയും ‘കറുത്ത ഞായര്‍’ ആചരണത്തിന്റെ ഭാഗമായി നടന്നു.
കൊളംബോയിലെ കത്തോലിക്ക മേഖലയായ നെഗോംബോയിലെ വിശ്വാസികള്‍ കറുത്ത വസ്തങ്ങള്‍ അണിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് പുറമേ പ്ലക്കാര്‍ഡുകളുമായി ദേവാലയത്തിന് പുറത്ത് നിശബ്ദമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. വിദ്വേഷവും മതസ്പര്‍ദ്ധയും പ്രോത്സാഹിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ പിന്തുണ ഉണ്ടായിരിക്കില്ലെന്നും, ലോകം മുഴുവനുമുള്ള വിവിധ വംശീയ, മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ഐക്യവും സാഹോദര്യവും ഉണ്ടായിരിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പ്രസ്താവിച്ചു. “കലഹങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചല്ല, ഐക്യത്തേയും സാഹോദര്യത്തേയും കുറിച്ച് ചിന്തിക്കൂ” എന്ന് തന്റെ ഇറാഖ് സന്ദര്‍ശത്തിനിടയില്‍ ഫ്രാന്‍സിസ് പാപ്പ വിവിധ മതനേതാക്കളോട് നടത്തിയ ആഹ്വാനത്തേക്കുറിച്ചും കര്‍ദ്ദിനാളിന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് 2019-ലെ ആക്രമണത്തിന്റെ പിന്നില്‍. ആക്രമണത്തെ കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആക്രമണങ്ങള്‍ നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളില്ലെന്നും, ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കറുത്ത ഞായര്‍ ആചരണവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലെ ബോംബാക്രമണങ്ങള്‍ക്കിരയായവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് ജനങ്ങളേയും ഭരണാധികാരികളേയും ബോധ്യപ്പെടുത്തുകയാണ് കറുത്ത ഞായര്‍ ആചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു കൊളംബോ സഹായ മെത്രാന്‍ മാക്സ്വെല്‍ സില്‍വയും പറഞ്ഞു.
2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ രണ്ട് കത്തോലിക്കാ ദേവാലയങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ചുരുങ്ങിയത് 171 കത്തോലിക്കരാണ് കൊല്ലപ്പെട്ടത്. കത്തോലിക്ക ദേവാലയങ്ങള്‍ക്ക് പുറമേ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, 3 ഹോട്ടലുകളിലും തീവ്രവാദികള്‍ ആക്രമണം നടത്തി. ആക്രമണത്തെ കുറിച്ച് സ്വതന്ത്രവും പക്ഷപാതരഹിതവുമായ അന്വേഷണം വേണമെന്ന്‍ ശ്രീലങ്കന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |