Content | മെക്സിക്കൻ കലാകാരി നതാലിയ ഒറോസ്സോകോ (Nathalia Orozco) വരച്ച യൗസേപ്പിതാവിൻ്റെ ചിത്രമാണ് സാൻ ജോസേ (San José) എന്നത്. ഇടതു കൈയ്യിൽ ഒരു റാന്തലും വലതു കൈയ്യിൽ ഒരു പുഷ്പിച്ച വടിയുമായി നിൽക്കുന്ന യുവാവായ യൗസേപ്പിനെയാണ് നതാലിയ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ യൗസേപ്പ് വടിയും റാന്തലും മുറുക്കി പിടിച്ചിരിക്കുന്നു. തൻ്റെ ദൗത്യ നിർവ്വണത്തോടുള്ള തീക്ഷ്ണതയും സദാ സന്നദ്ധനാണെന്നുള്ള ഓർമ്മപ്പെടുത്തലുമാണിത്. പുഷ്പ്പിച്ച വടിയും റാന്തലും യൗസേപ്പിതാവിൻ്റെ ഇടയ ധർമ്മത്തെയാണ് സൂചിപ്പിക്കുക. ഇടറാതെയും പതറാതെയും മനുഷ്യവംശത്തെ രക്ഷകനിലേക്കു നയിക്കുന്ന വഴികാട്ടിയാണ് യൗസേപ്പിതാവ്.
ലോകത്തിൻ്റെ പ്രകാശമായ ഈശോയ്ക്കും മറിയത്തിനും വഴിവിളക്കാകുക അതായിരുന്നു യൗസേപ്പിൻ്റെ ജീവിതനിയോഗം. തിരു കുടുംബത്തിൻ്റെ രക്ഷായാത്രകൾ പലതും രാത്രിയിലും അന്യദേശങ്ങളിലേക്കുമായിരുന്നു, അത്തരം സന്ദർഭങ്ങളിൽ ഒരല്പം ഉദാസീനതപോലും കാണിക്കാതെ യൗസേപ്പിതാവ് വിശ്വസ്തയോടെ ദീപം തെളിച്ചു തിരുക്കുടുംബത്തെ നയിച്ചു. തിരുസഭ വിശുദ്ധ യൗസേപ്പിൻ്റെ സവിധേ അണയുമ്പോൾ പ്രകാശത്തിൻ്റെ നേർവഴിയിലൂടെ നീങ്ങാൻ പരിശീലനം നേടുകയാണ്. സഭ തൻ്റെ ജീവിതം എത്ര കൂടുതൽ യൗസേപ്പിൻ്റേതു പോലെയാക്കുന്നുവോ അത്ര കൂടുതലായി അവൾ സുരക്ഷിതയാകുന്നു.
പ്രകാശം പരത്തുന്ന യൗസേപ്പിതാവിൻ്റെ കരം പിടിച്ചു പ്രകാശമായ ഈശോയിലേക്കു നമുക്കു യാത്ര തുടരാം. |