category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവെല്ലുവിളികള്‍ സധൈര്യം ഏറ്റെടുത്ത് കര്‍ത്താവിന്റെ സുവിശേഷവുമായി ഡാനിയേല്‍ അച്ചന്‍ ഛത്തീസ്ഗഡില്‍: കുറിപ്പ് വൈറല്‍
Contentതിരുവനന്തപുരം: പ്രമുഖ വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിനെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും ബാലരാമപുരം ഇടവക വികാരിയുമായ ഫാ. ഷീന്‍ പാലക്കുഴി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അപ്രതീക്ഷിതമായ തന്നെ സന്ദര്‍ശിച്ച ഡാനിയേല്‍ അച്ചനെ കുറിച്ചും വെല്ലുവിളികളെ അതിജീവിച്ചു അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സുവിശേഷവത്ക്കരണ ശുശ്രൂഷകളെ കുറിച്ചുമാണ് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. നമ്മുടെ സ്വന്തം നാട്ടിൽ ഒരു സേഫ് സോണിലിരുന്ന് ക്രിസ്തുവിന്റെ പേരിൽ നാം അനാവശ്യമായ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുമ്പോൾ, അവിടെ രാജ്യത്തിന്റെ മറ്റൊരറ്റത്ത് ഒരു ഡെയിഞ്ചർ സോണെന്നു വിളിക്കാവുന്ന ഒരിടത്ത് സുവിശേഷത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെന്നും അവിടങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് അത്ഭുതകരമായ അനുഭവത്തിലൂടെയുമാണെന്ന് ഡാനിയേല്‍ അച്ചന്‍ വിവരിച്ചതായി ഫാ. ഷീന്‍ പാലക്കുഴിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഭാരതത്തിന്റെ സമരിയൻ ഗ്രാമങ്ങളിൽ നസ്രായനേക്കുറിച്ച് ഇനിയും കേൾക്കാത്തവരുടെ പക്കലേക്കു പോകാൻ ആഗ്രഹിക്കുന്ന കാലയളവില്‍ പരിശുദ്ധാത്മാവ് സംസാരിച്ചത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ആസ്ഥാനമായുള്ള രൂപതാധ്യക്ഷന്‍ ജേക്കബ് മാർ ബർണ്ണബാസ് തിരുമേനിയാണെന്ന് ഫാ. ഡാനിയേല്‍ വെളിപ്പെടുത്തിയതായും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ വിധത്തില്‍ എഴുതിയിരിക്കുന്ന പോസ്റ്റു ചുരുങ്ങിയ സമയം കൊണ്ട് നൂറുകണക്കിന് ആളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറിപ്പു വായിക്കുമ്പോൾ ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് അസ്വസ്ഥതയുമുണ്ടാകുമെന്നും ക്രിസ്തുവിനു സംഭവിച്ചതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലാത്തവർക്ക് എന്തു ഭയപ്പെടാൻ എന്ന സുദൃഡമായ വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. #{green->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: ‍}# അവധി ദിവസത്തിന്റെ ആലസ്യത്തിലാണ്ടു കിടന്ന ബാലരാമപുരത്തെ പള്ളിമേടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്നു പ്രഭാതത്തിൽ അസാധാരണക്കാരനായ ആ അതിഥി വന്നു കയറിയത്. ദൈവത്തെ അത്ര അകലെയല്ലാതെ അനുഗമിക്കാൻ ശ്രമിക്കുന്ന ഒരാൾ- പ്രിയപ്പെട്ട ഡാനിയേൽ പൂവണ്ണത്തിലച്ചൻ! ഒപ്പം അദ്ദേഹത്തിന്റെ ആത്മീയ സഹയാത്രികൻ കൂടിയായ ആദർശച്ചനും. ഒരു യാത്രയ്ക്കിടയിൽ അവിചാരിതമായി സംഭവിച്ച സന്ദർശനമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ അതത്ര യാദൃശ്ചികമല്ലെന്നു തോന്നി. ദൈവം നയിക്കുന്ന പൗരോഹിത്യ വഴികളിൽ അങ്ങിങ്ങായി ഇത്തിരി ദൂരം ഒരുമിച്ചു സഞ്ചരിക്കാൻ നിയോഗമുണ്ടായ, ഒട്ടും പ്രധാനപ്പെട്ടവനല്ലാത്ത ഒരു പഴയ ചങ്ങാതിയെ തേടി, തന്റെ തിരക്കിട്ട ശുശ്രൂഷകൾക്കിടയിൽ നിന്ന്, ഒരു ധ്യാനഗുരു കൂടിയായ അദ്ദേഹം വന്നെത്തിയെങ്കിൽ ദൈവത്തിന് എന്നോടെന്തോ പറയാനുണ്ടെന്ന് ഞാൻ ഭയപ്പെടുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹം ഛത്തിസ്ഗഡിലായിരുന്നു. ഇപ്പോൾ അങ്ങനെയാണ്. എല്ലാമാസവും പകുതിയോളം ദിവസങ്ങൾ അവിടെയാണ്. അവിടെയൊരു ചെറിയ ഗ്രാമത്തിൽ കുറെ പാവപ്പെട്ട മനുഷ്യരുണ്ട്. അവിടെ അവർക്കൊപ്പം വളരെ പരിമിതമായ സൗകര്യങ്ങളിൽ താമസിച്ച് അവരോടു ദൈവത്തെക്കുറിച്ചു പറയുന്നു. അവരാരും ക്രിസ്തുവിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. വെളുത്ത നീളൻ കുപ്പായമിട്ട വൈദികരേയോ സന്യാസിനിമാരേയോ കണ്ടിട്ടില്ല. സഭയെക്കുറിച്ചു കേട്ടിട്ടില്ല. പൊക്കം കുറഞ്ഞ ചെറിയ വീടുകൾ. കുടിക്കാൻ ഘനജലം. ശൗചാലയങ്ങളേയില്ല. അതിതീവ്രമായ ഉത്തരേന്ത്യൻ കാലാവസ്ഥ. "ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ എന്തൊരു തിളക്കമാണെന്നറിയാമോ അവരുടെ കണ്ണുകളിൽ! ഡാനിയേലച്ചൻ ആവേശത്തോടെ പറഞ്ഞുതുടങ്ങി. "വിരിച്ചു കെട്ടിയ ഒരു തുണിക്കീറിന്റെ തണലിൽ, വെറും നിലത്തു ചമ്രം പടഞ്ഞിരുന്ന് അവർ കാതോർക്കുകയാണ്. ദൈവം സ്നേഹമാണെന്നും ദൈവം നിങ്ങൾക്കു വേണ്ടി മരിച്ചു' എന്നൊക്കെ ലളിതമായി പറഞ്ഞു കൊടുക്കുമ്പോൾത്തന്നെ പൊട്ടിക്കരയുന്ന മനുഷ്യർ. ഓർക്കുമ്പോൾ കുറ്റബോധം തോന്നേണ്ട ഒരു കാര്യമുണ്ട്. ഇവിടെ നമ്മുടെ സ്വന്തം നാട്ടിൽ ഒരു സേഫ് സോണിലിരുന്ന് ക്രിസ്തുവിന്റെ പേരിൽ നാം അനാവശ്യമായ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുമ്പോൾ, അവിടെ നമ്മുടെ രാജ്യത്തിന്റെ മറ്റൊരറ്റത്ത് ഒരു ഡെയിഞ്ചർ സോണെന്നു വിളിക്കാവുന്ന ഒരിടത്ത് അവർ സുവിശേഷത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുകയാണ്!" കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളോടുമായി പിന്നീടദ്ദേഹം ചോദിച്ച ചോദ്യങ്ങൾ ഹൃദയത്തെ വല്ലാതെ പൊള്ളിച്ചു കളഞ്ഞു. "സുവിശേഷത്തിനായുള്ള അവരുടെ വിശപ്പും ദാഹവും നമ്മെ അൽപ്പം പോലും ഭാരപ്പെടുത്താത്തത് എന്തുകൊണ്ടാണ്? റീത്തു വ്യത്യാസങ്ങൾക്കപ്പുറത്ത് ഇന്ത്യയുടെ സുവിശേഷവൽക്കരണമെന്ന ദൗത്യം നമ്മെ തെല്ലും ദണ്ഡിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഗൗരവമാർന്ന ഈ നിയോഗത്തെ നാം കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?" ചാട്ടുളി പോലെ ചോദ്യങ്ങളുതിർക്കുന്തോറും അദ്ദേഹത്തിന്റെ തീക്ഷ്ണ മിഴികളിൽ ആത്മാവിന്റെ അഗ്നി ചിതറുന്നത് ഞാൻ കണ്ടു. "അച്ചന്റെ വചന സന്ദേശങ്ങൾക്കു കാതോർത്ത് പതിനായിരങ്ങൾ ഇവിടെ കാത്തു നിൽക്കുമ്പോൾ അതൊക്കെ വിട്ടിട്ട് എന്താണിപ്പോ ഇങ്ങനെ ചിന്തിക്കാൻ?" എനിക്ക് ആകാംക്ഷ അടക്കാനായില്ല. "ഇതൊരു പുതിയ ചിന്തയൊന്നുമല്ല. ഏറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പരിശുദ്ധാത്മ പ്രേരണയാണ്. കുറേ നാളുകൾക്കു മുമ്പ്, വ്യക്തിപരമായ ചില ആന്തരിക സംഘർഷങ്ങളുടെ സഹനവഴികളിലൂടെ കടന്നുപോകാൻ ദൈവം എനിക്കൊരവസരം തന്നു. നാളുകളോളം അതെന്നെ വല്ലാതെ ക്ലേശിപ്പിച്ചു. ഞാൻ ദൈവത്തോടു ചോദിച്ചു, 'ദൈവമേ എന്താണീ സഹനത്തിന്റെ അർത്ഥം?' കടുത്ത ആത്മസംഘർഷത്തിന്റെ ആ നാളുകളിൽ ദൈവം എന്നോടു സംസാരിച്ചു. അപ്പസ്തോല പ്രവർത്തനങ്ങളിൽ എനിക്കുള്ള ഉത്തരം രേഖപ്പെടുത്തിയിരിക്കുന്നത് പരിശുദ്ധാത്മാവ് എനിക്കു കാണിച്ചു തന്നു. 'ജറുസലേമിൽ വലിയ പീഡനങ്ങളുണ്ടായപ്പോൾ അപ്പസ്തോലൻമാരുൾപ്പെടുന്ന ആദിമ ക്രിസ്തീയ സമൂഹം സമരിയായിലേക്കും മറ്റു പട്ടണങ്ങളിലേക്കും പോവുകയും അവിടെയുള്ള ആളുകളോട് ക്രിസ്തുവിനെക്കുറിച്ച് പറയുകയും ചെയ്തു.' അതെനിക്കുള്ള സന്ദേശമായി എനിക്കു തോന്നി. 'പോകണം! ഭാരതത്തിന്റെ സമരിയൻ ഗ്രാമങ്ങളിൽ നസ്രായനേക്കുറിച്ച് ഇനിയും കേൾക്കാത്തവരുടെ പക്കലേക്കു പോകാൻ ഇനി വൈകിക്കൂടാ!' ആ നിയോഗത്തിൽ കൂടുതൽ തീക്ഷണമായി പ്രാർത്ഥിച്ചു. ആത്മീയ പിതാക്കൻമാരെ കണ്ടു. ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം കിട്ടാൻ ആ കാലയളവിൽ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു." അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ ദൈവം മനുഷ്യരോടു സംസാരിക്കുന്ന വഴികളെക്കുറിച്ചോർത്ത് ഞാൻ അദ്ഭുതപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി ഡാനിയേലച്ചൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന സമയത്താണ് അഭിവന്ദ്യ ജേക്കബ് മാർ ബർണ്ണബാസ് തിരുമേനിയെ അദ്ദേഹം യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ആസ്ഥാനമായുള്ള രൂപതയുടെ അധ്യക്ഷനാണദ്ദേഹം. വളരെ പാവപ്പെട്ട കുറേ മിഷനുകളുണ്ട് ആ രൂപതയിൽ. അവിടെയുള്ള കഷ്ടപ്പാടുകളെപ്പറ്റി വേദനയോടെ പങ്കുവയ്ക്കുന്നതിനിടയിൽ, കടുത്ത മാനസിക വ്യഥയിൽ, കണ്ഠമിടറി അദ്ദേഹം പറഞ്ഞ ഒരു വാചകം ഡാനിയേലച്ചനെ ഞെട്ടിച്ചുകളഞ്ഞു. "പരിശുദ്ധാത്മാവിനു പോലും ഇപ്പോ ഞങ്ങളെ വേണ്ടച്ചോ!" അക്ഷരാർത്ഥത്തിൽ അതു പറഞ്ഞ് അദ്ദേഹം കരഞ്ഞു. "അതെന്താ പിതാവേ അങ്ങനെ പറഞ്ഞത്?" "കേരളത്തിൽ എത്രയോ ധ്യാനഗുരുക്കൻമാരും ധ്യാന കേന്ദ്രങ്ങളുമുണ്ട്. എന്നിട്ടെന്തേ അവരാരും ഉത്തരേന്ത്യൻ മിഷനുകളിലേക്കു വന്ന് അവിടെയൊരു ശുശ്രൂഷാ കേന്ദ്രം ആരംഭിക്കാത്തത്? ഈ പാവപ്പെട്ട മനുഷ്യർക്കല്ലേ നിങ്ങളെ കൂടുതൽ ആവശ്യമുള്ളത്! എന്തേ പരിശുദ്ധാത്മാവ് നിങ്ങളെ അതിനു പ്രേരിപ്പിക്കാത്തത്?" അദ്ദേഹത്തിന്റെ ശബ്ദമുയർന്നു. കണ്ണുകൾ ജ്വലിച്ചു. ഡാനിയേലച്ചൻ അക്ഷരാർത്ഥത്തിൽ ഇടിവെട്ടേറ്റതു പോലെ ഇരുന്നു പോയി. താൻ തേടി നടന്ന ഒരുത്തരം ദൈവം ഇതാ നേരിട്ട് മുഖത്തു നോക്കിപ്പറഞ്ഞിരിക്കുന്നു! കാതുകളിൽ കേട്ട ദൈവ സ്വരത്തിന്റെ തീവ്രത താങ്ങാനാവാതെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയം മെഴുകു കണക്കെ ഉരുകിയൊലിച്ചു. "എന്തേ ഛത്തിസ്ഗഡ് തെരഞ്ഞെടുക്കാൻ കാരണം?" എന്റെ ചോദ്യം ഡാനിയേലച്ചനെ ഓർമ്മകളിൽ നിന്നുണർത്തി. "ബർണ്ണബാസ് തിരുമേനിയാണ് ആദ്യം ഛത്തിസ്ഗഡ് നിർദ്ദേശിച്ചത്. കൂടാതെ മറ്റു പല സൂചനകളിലൂടെയും ദൈവം ആ തെരഞ്ഞെടുപ്പിനെ സ്ഥിരീകരിച്ചു. തിരുമേനിക്കൊപ്പം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് ധ്യാനകേന്ദ്രത്തിന്റെ ശുശ്രൂഷകൾ ദൈവം ആഗ്രഹിക്കും വിധം വിസ്തൃതമാക്കാൻ ഞാൻ തീരുമാനിച്ചു. ക്രിസ്തുവിനെ അറിഞ്ഞവർക്കു വേണ്ടിയെന്നതിനേക്കാൾ ക്രിസ്തുവിനെ അറിയാത്തവർക്കായി എന്റെ ജീവിതം പകുത്തു കൊടുക്കുമെന്ന് ഞാനദ്ദേഹത്തിനു വാക്കു കൊടുത്തു. തിരുവനന്തപുരം മലങ്കര മേജർ അതിരൂപതയുടെ ഉത്തരവാദിത്വത്തിൽ, കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ ആശീർവാദത്തോടെ അതാരംഭിക്കുകയും ചെയ്തു." അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ മനസ്സുകൊണ്ട് ഞാനാ ഗ്രാമത്തിലെത്തി. ഛത്തിസ്ഗഡിലെ ആ കൊച്ചു ഗ്രാമം ക്രിസ്തുവിനെ ആവേശത്തോടെ അറിയാൻ തുടങ്ങിയിരിക്കുന്നു. മുഖങ്ങളിൽ സന്തോഷവും ഹൃദയത്തിൽ ആനന്ദവും നിറഞ്ഞു തുടങ്ങിയിരിക്കുന്നു. കുടുംബങ്ങളിൽ സമാധാനം പുലരാൻ തുടങ്ങിയിരിക്കുന്നു. ക്രിസ്തു അവർക്കൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഒരു മനുഷ്യന്റെ വ്യക്തിപരമായ ആത്മീയ അനുഭവമാണ്. ദൈവം മനുഷ്യരുടെ ജീവിതത്തിൽ എങ്ങനെ ഇടപെടുകയും നയിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു ചെറിയ അടയാളം. ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് മതപരിവർത്തനത്തിന്റെ സാധ്യതകളല്ല, മറിച്ച്, ക്രിസ്തുവിനെ അറിഞ്ഞ ഒരു സഭാഗാത്രം അതനുസരിച്ചു ജീവിക്കാനും ക്രിസ്തുവിനെ പങ്കുവയ്ക്കാനും പാടുപെടുന്നതിലുള്ള ആശങ്കയും ആത്മവിമർശനവുമാണ്. ഈ കുറിപ്പു വായിക്കുമ്പോൾ ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് അസ്വസ്ഥതയുമുണ്ടാവും. ക്രിസ്തുവിനു സംഭവിച്ചതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലാത്തവർക്ക് എന്തു ഭയപ്പെടാൻ! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-12 11:05:00
Keywordsഡാനിയേ
Created Date2021-03-12 11:05:54