Content | നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടക്കുന്നത് അബോർഷൻ വഴിയാണ്! 2019 ൽ മാത്രം ലോകത്ത് നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തോളം. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എണ്ണാവുന്നതിലും വേഗത്തിൽ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു! ലോകത്തെ മുഴുവൻ ബാധിച്ച കോവിഡ്-19 മഹാമാരി പോലും ഇതുവരെ 26 ലക്ഷം പേരുടെ ജീവനേ കവർന്നിട്ടുള്ളൂ എന്നോർക്കണം!
ഈ കൂട്ടക്കുരുതിക്കു കൂടുതൽ കുടപിടിക്കുന്ന ഒരു കരിനിയമ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നു. അതാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ പുതിയ ഭേദഗതി.
1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം അമ്മയുടെ ഉദരത്തിൽ 20 ആഴ്ച വരെ പ്രായമുള്ള കുഞ്ഞിനെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു. എന്നാൽ ഇപ്പോൾ 20 എന്നുള്ളത് 24 ആഴ്ചയായി വർദ്ധിപ്പിച്ച് കൂടുതൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ വഴിയൊരുക്കുന്ന ഒരു പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നിരിക്കുന്നു. ലോക്സഭ കഴിഞ്ഞ വർഷം തന്നെ ഭേദഗതി അംഗീകരിച്ചു. രാജ്യസഭയാകട്ടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അത് പാസാക്കിയിരിക്കുന്നു.
അതായത് ഉദരത്തിലുള്ള കുഞ്ഞുങ്ങളെ ആറു മാസം വരെ കൊല്ലാം. അവർ മനുഷ്യ വ്യക്തികളല്ല, വെറും മാംസപിണ്ഡങ്ങൾ മാത്രം! അവർക്കു ജീവിക്കാനുള്ള അവകാശമില്ല, ഉണ്ടെങ്കിൽത്തന്നെ അതു മറ്റൊരാൾക്കു തീരുമാനിക്കാം! അതിർത്തി കാക്കുന്ന സൈനികരുടെ സൗഹൃദവും ജീവിതസംഘർഷങ്ങളും പ്രമേയമാക്കിയ 'പിക്കറ്റ് 43' എന്നൊരു മനോഹര ചലച്ചിത്രകാവ്യമുണ്ട്.
ഇന്ത്യാ പാക് അതിർത്തിയിലെ സംഘർഷഭൂമി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ കുടുംബത്തിന്റെ സ്നേഹവാൽസല്യങ്ങളുടെ തണലിലേക്കു മടങ്ങിയെത്തുന്ന ഒരു പാക്കിസ്ഥാൻ സൈനികൻ. ഒഴിവുദിനങ്ങൾ അവസാനിച്ച് തിരികെപ്പോരും നേരത്ത് അയാൾ തന്റെ പ്രിയതമയുടെ ഉദരത്തോടു കാതുചേർത്തു വച്ച്, പിറക്കാൻ പോകുന്ന തന്റെ കുഞ്ഞിനോടു യാത്ര പറഞ്ഞ്, യുദ്ധഭൂമിയിലേക്ക് നടന്നു മറയുന്ന കണ്ണു നനയിക്കുന്ന ഒരു രംഗമുണ്ടതിൽ.
ഒരിക്കൽ പോലും അയാളാ കുഞ്ഞിനെ കണ്ടിട്ടില്ല. പിറന്ന ശേഷം ഇനി കാണാൻ ഭാഗ്യമുണ്ടാകുമോ എന്നുമറിയില്ല. തനിക്കു മാത്രം മനസ്സിലാവുന്ന ഏതൊക്കെയോ മുറിഞ്ഞ ശബ്ദങ്ങളിലൂടെ അയാളെ "അപ്പാ" എന്ന് ആ കുഞ്ഞ് ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. കുഞ്ഞുമിഴികൾ പാതിതുറന്ന് ഒരു പാൽപ്പുഞ്ചിരി സമ്മാനിച്ചിട്ടില്ല. പക്ഷെ അയാളെ സംബന്ധിച്ച് അവളുടെ ഉദരം പേറുന്നത് വെറുമൊരു മാംസപിണ്ഡമല്ല, നാളെ അവർക്കു തണലായി മാറേണ്ട അയാളുടെ ജീവനുള്ള കുഞ്ഞിനെത്തന്നെയാണ്; പൂവണിഞ്ഞ അയാളുടെ സ്വപ്നങ്ങളെത്തന്നെയാണ്!
അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ, അയാൾ എപ്പോൾ മുതലാണ് ആ കുഞ്ഞിന്റെ പിതാവായത്?
അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽക്കു തന്നെ; ഒരുപക്ഷേ അതിനും മുൻപേ മാതൃ പിതൃ പുത്ര ബന്ധങ്ങളുടെ അദൃശ്യമായൊരു നൂലിഴ കൊണ്ട് അവർ കൂട്ടിയിണക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ദൈവം പറഞ്ഞതാണു ശരി, "അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു." അപ്പനെന്നും അമ്മയെന്നും മക്കളെന്നുമൊക്കെയുള്ള ഐഡന്റിറ്റി രൂപമെടുക്കുന്നത് ഉദരത്തെക്കാൾ മുമ്പ് ഹൃദയത്തിലാണ്. ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്ക് രക്തബന്ധത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും അവബോധ രഹസ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ദേവാലയമാണ് അമ്മയുടെ ഉദരം. അപ്പോൾ ഭ്രൂണഹത്യ എന്നു പറയുന്നത് ഗർഭപാത്രത്തിൽ നിന്ന് ഒരു മുഴ നീക്കം ചെയ്യുന്ന പ്രവൃത്തിയല്ല, ഒരു മനുഷ്യ ജീവനെ പുലരാൻ അനുവദിക്കാത്ത കൊടും ക്രൂരതയാണ്!
ഈ ഭൂമിയിൽ ദൈവസാന്നിദ്ധ്യമുള്ള, ഏറ്റവും പരിശുദ്ധവും സുരക്ഷിതവുമായ ഒരിടം ഏതാണെന്നു ചോദിച്ചാൽ അതൊരമ്മയുടെ ഉദരമാണെന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നത്. അത് എപ്പോൾ വേണമെങ്കിലും തിരുത്തപ്പെടാവുന്നൊരു ബോധ്യമാണെന്ന് പിന്നീടു മനസ്സിലായി. കാരണം ക്രിസ്തു പറയും പോലെ ഏതു ദേവാലയവും അശുദ്ധമാക്കപ്പെടുകയും കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുകയും ചെയ്യാവുന്ന കാലം വരുന്നു; അല്ല വന്നു കഴിഞ്ഞു.
ഈ നിയമ ഭേദഗതി മാതൃദേവാലയത്തെ കുരുതിക്കളമാക്കാനുള്ള ഗൂഢാലോചനയുടെ ലേറ്റസ്റ്റ് അപ്ഡേറ്റാണ്. എന്തിനും ഏതിനും അപ്‌ഡേറ്റുകളുള്ള 'e' കാലത്ത് കുടുംബവും ബന്ധങ്ങളും മതവും വിശ്വാസങ്ങളും ജീവിതശൈലികളും ചിന്തയും സ്വഭാവവും മൂല്യങ്ങളും നിലപാടുകളുമെല്ലാം വരുംവരായ്‌കകൾ നോക്കാതെ പുതിയ കാലത്തിന്റെ പകിട്ടിനൊപ്പിച്ചു തിരുത്തിയെഴുതാൻ ഒരു തലമുറ മുഴുവൻ നിർബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ടെക്നോളജികളിലേക്കും ഉൽപ്പന്നങ്ങളിലേക്കും സൗകര്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും അനുദിനം അപ്ഗ്രേഡ് ചെയ്തു സായൂജ്യമടയാൻ ശീലിച്ച മനുഷ്യന്റെ കാലം.
വളരെ 'പ്രൊഫഷണലായി' ലാഭവും സുഖവും ഉന്നം വച്ചു മാത്രം ബന്ധങ്ങളെ കാണുന്ന കാലം. ഉപയോഗത്തിന് അനുസരിച്ച് വ്യക്തികൾക്ക് വിലയിടുന്ന ആധുനിക യുഗത്തിലെ വിരൽത്തുമ്പിന്റെ വിപ്ലവകാരികൾക്ക് പരിധികളും നിയന്ത്രണങ്ങളുമില്ലാത്ത ഒരു 'ലിബറൽ ലൈഫ് സ്റ്റൈൽ' ഒട്ടും 'ഹാങ്' ആവാതെ ആസ്വദിക്കാൻ ഭരണ സിരാകേന്ദ്രങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഹോട്ട് അപ്ഡേറ്റ് പോലെ തോന്നുന്നു, MTP ആക്ടിന്റെ ഭേദഗതി.
കത്തോലിക്കാ സഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്, ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ്. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശം അതിൽപെട്ടതാണ്. മന:പൂർവ്വം ഭ്രൂണഹത്യ നടത്തുന്നതും അതിനു കൂട്ടു നിൽക്കുന്നതും പാപമാണ് (CCC. 2270). ജീവനെ ബഹുമാനിക്കാത്ത ഒരു സാമ്രാജ്യവും ഒരു സംസ്കാരവും അധിക കാലം നിലനിന്നിട്ടില്ല. നിങ്ങളെടുത്ത വാൾ തന്നെ നിങ്ങളുടെ നാശത്തിനു കാരണമാവും!
മനുഷ്യൻ മുളപൊട്ടുന്ന ജീവപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നൊരായുധം, അമ്മയുടെ ഉദരഭിത്തികളിൽ നിന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ പറിച്ചെടുക്കുന്നത് തുടിക്കുന്ന ഒരു ജീവനെത്തന്നെയാണ്. അപ്പോൾ നിലവിളിച്ചൊന്നു കരയാനോ ഒന്നു നൊമ്പരപ്പെടാനോ ആവതില്ലാതെ തീർത്തും നിസ്സഹായരായി മരണത്തിനു കീഴടങ്ങുന്ന ഉദരഫലങ്ങളോടുള്ള ഈ ക്രൂരത, പ്രതികരിക്കാനും പ്രതിരോധിക്കാനും ശേഷിയുള്ളവനോട് എന്നതിനേക്കാൾ എത്രയോ മൃഗീയമാണ്. ബോധപൂർവ്വം ചെയ്യുന്ന ഇത്തരം ഹത്യകൾ കൊലപാതകവും പാപവുമല്ലെന്ന് ഇനിയും വറ്റാത്ത അലിവിന്റെ ഉറവകൾ ഉള്ളിൽ സൂക്ഷിക്കുന്നൊരാൾക്ക് നെഞ്ചിൽ കൈവച്ചു പറയാനാവുമോ?
ലോകത്ത് ആകെ നടക്കുന്ന ഭ്രൂണഹത്യകളുടെ മൂന്നിലെന്ന് ഇന്ത്യയിലാണ്. ലോകത്ത് ആകമാനം നാലേകാൽ കോടി കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിൽ ഒന്നരക്കോടിയും ദൈവവിശ്വാസികളുടെ ഇന്ത്യയിലാണ്. ലഭ്യമായ കണക്കനുസരിച്ച് നമ്മെക്കാൾ ജനസംഖ്യയുള്ള ചൈനയിൽ അത് ഒരു കോടിയാണ്. പുതിയ നിയമ ദേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യയിൽ എന്തായിരിക്കും അവസ്ഥ!
This is not Medical Termination of PREGNANCY, but Medical Termination of a CHILD.
സത്യത്തിൽ അബോർഷനിൽ 'കൊല്ലപ്പെടുന്നത്' ഒരാളല്ല, രണ്ടു പേരാണ്. കുഞ്ഞു മാത്രമല്ല, അമ്മയും കൂടിയാണ്. അമ്മയുടെ ഗർഭപാത്രത്തിൽ മാത്രമല്ല കുഞ്ഞ് ഉരുവാകുന്നത്, ഹൃദയപാത്രത്തിലും കൂടിയാണ്. കുഞ്ഞു വളരുന്നത് ശാരീരികമായി മാത്രമല്ല, അമ്മയുമായുള്ള സ്നേഹത്തിലും ബന്ധത്തിലും കൂടിയാണ്. കുഞ്ഞ് അമ്മയെ ഭക്ഷിച്ചു വളരുന്നു എന്നു പറയുമ്പോൾ അമ്മയുടെ വികാരവിചാരങ്ങൾ കൂടിയാണ് അത് ആഹരിക്കുന്നത്. അതിനാൽ ശരീരത്തിൽ നിന്ന് എടുത്തുകളയുമ്പോൾ ആത്മാവിൽ നിന്നു കൂടി നീക്കം ചെയ്യേണ്ടി വരും.
മാതൃത്വത്തിന്റെ അടയാളങ്ങളെ ശരീരത്തിൽ നിന്നു പറിച്ചുകളയാം. പക്ഷെ മനസ്സിലുണർന്നു പോയ മാതൃത്വത്തെ ഏതായുധം കൊണ്ടു മുറിച്ചു മാറ്റും! ഒരിക്കലും പിറക്കാത്ത ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് ശരിക്കും എത്രകാലമാണ് വിഷാദത്തിന്റെ ഇരുട്ടിൽ ഒരമ്മയ്ക്കു നഷ്ടപ്പെടാനിടയുള്ളത്! കുഞ്ഞു മാത്രമല്ല, കുറച്ചു കാലത്തേക്കെങ്കിലും അമ്മ കൂടിയാണ് ഇല്ലാതാവുന്നത്!
ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാൻ അനേകം കാരണങ്ങളുണ്ടാവാം. പക്ഷെ ജീവിതം കൊടുക്കാൻ ഒറ്റ കാരണമേയുള്ളൂ. പിറക്കാൻ അവസരം കിട്ടിയവൻ അതിനനുവാദവും അനുഗ്രഹവും തന്ന, ജീവന്റെ മേൽ അധികാരമുള്ള പരംപൊരുളിനോടും പിന്നെ കരുതിയ സഹജീവികളോടും വളർത്തിയ പ്രകൃതിയോടും കാട്ടുന്ന ആദരവും നന്ദിയും നീതിയും കടമയും കടപ്പാടുമാണത്!
പിറക്കാനും ജീവിക്കാനും അവകാശം നിഷേധിക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങളുടെ നിലയ്ക്കാത്ത തേങ്ങലുകളും തോരാത്ത കണ്ണീരും പ്രതികാരത്തിനായി ദൈവമുമ്പാകെ നിലവിളിച്ചു കരയുന്ന രക്തവും മാനവരാശിയുടെ തലയ്ക്കു മീതെ ഡെമസ്തനീസിന്റെ വാളു പോലെ എന്നുമുണ്ടാവും; എപ്പോൾ വേണമെങ്കിലും ശിരസ്സു പിളർക്കാൻ പാകത്തിന്...!
അരുതു കാട്ടാളൻമാരേ...!
NB: ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച രണ്ടു രാജ്യങ്ങളാണ് അർജന്റീനയും പോളണ്ടും. അർജന്റീന ഏതാണ്ട് പൂർണ്ണമായും അബോർഷൻ നിയമ വിധേയമാക്കുമ്പോൾ പോളണ്ട് ഏതാണ്ട് പൂർണ്ണമായും അബോർഷൻ നിയമം മൂലം നിരോധിച്ചിരിക്കുന്നു. രണ്ടിടത്തും അനുകൂലമായും പ്രതികൂലമായും പ്രക്ഷോഭങ്ങൾ അരങ്ങേറുന്നു. തന്റെ ജന്മനാടായ അർജന്റീനയിലെ ഈ വിഷയത്തിൽ ഫ്രാൻസിസ് പാപ്പാ ഇടപെട്ടിട്ടുണ്ട്. പിറന്ന മണ്ണായ പോളണ്ടിനുവേണ്ടി ജോൺ പോൾ രണ്ടാമൻ പാപ്പാ സ്വർഗ്ഗത്തിലിരുന്നു പ്രാർത്ഥിക്കും.
ഒരു മൃഗത്തെ കൊന്നാൽ പോലും പ്രതിഷേധം അലയടിക്കുന്ന നമ്മൾ പിറന്ന നാട്ടിൽ മനുഷ്യനെ കൊല്ലാനുള്ള നിയമം പ്രാബല്യത്തിലാകുമ്പോൾ എന്തിനാണു മിണ്ടാതിരിക്കുന്നത്! ഒരു മൃഗത്തിന്റെ ജീവന്റെ വില പോലും മനുഷ്യജീവന് ഇല്ലെന്നാണോ?
ചില നേരങ്ങളിലെ നമ്മുടെ നിശബ്ദതയുണ്ടല്ലോ, അതു വളരെ ക്രൂരമാണ്!
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|