Content | ലണ്ടന്‍: ആണവായുധങ്ങള്‍ നിരോധിക്കേണ്ട ആവശ്യഗതയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനു ലണ്ടനില്‍ ബിഷപ്പുമാരുടെ പ്രത്യേക യോഗം നടന്നു. കത്തോലിക്ക സഭയിലെ 40 ബിഷപ്പുമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ജര്‍മ്മനി, ഓസ്ട്രിയ, ഫ്രാന്‍സ്. യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരെ കൂടാതെ വിഷയത്തില്‍ ശാസ്ത്രീയമായി പഠനം നടത്തിയവരും ശാസ്ത്രജ്ഞരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു രണ്ടു ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പൊതുജനങ്ങളെ പങ്കെടുപ്പിച്ച ഒരു പരിപാടിയും, ബിഷപ്പുമാരും ക്ഷണിക്കപ്പെട്ടവരും മാത്രം പങ്കെടുത്ത ഒരു ചര്‍ച്ചയും.
ഇംഗ്ലണ്ടിലെ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സണ്‍ യോഗങ്ങളുടെ നടപടികള്‍ക്ക് നേതൃത്വം വഹിച്ചു."ആണവായുധങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യം വര്‍ധിച്ചു വരുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഈ ദൗത്യത്തിന്റെ ധാര്‍മികമായ മൂല്യങ്ങള്‍ എന്താണെന്നു നാം കണക്കിലെടുക്കണം". കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സണ്‍ പറഞ്ഞു. ക്രോക്ക് ഇന്‍സ്റ്റിട്യൂട്ടും, കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍ ഓഫ് ഇംഗ്ലണ്ടും, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ ചില സംഘടനകളുമാണ് യോഗം സംഘടിപ്പിച്ചത്.
"തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷയുടെ ഉത്തരവാദിത്വം ലോകനേതാക്കളുടെ കൈയിലാണുള്ളത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ അഭിപ്രായം പറയുവാനും ഇടപെടലുകള്‍ നടത്തുവാനും വിശ്വാസ സമൂഹത്തിനും സഭയ്ക്കും കഴിയും.".യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ലോര്‍ഡ് ബ്രൗണി യോഗത്തില്‍ പങ്കെടുത്തു തന്റെ അഭിപ്രായം വ്യക്തമാക്കി.
കത്തോലിക്ക വിശ്വാസികളായ പുതുതലമുറയെ ആണവ ആയുധങ്ങളുടെ അപകടങ്ങളെ കുറിച്ചും ഇതിനെ എല്ലാ കാലത്തേക്കുമായി ഉപേക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും പറഞ്ഞു മനസിലാക്കണമെന്നായിരുന്നു ബിഷപ്പ് ഓസ്‌കാര്‍ ക്യാന്റുവിന്റെ അഭിപ്രായം. ആണവായുധങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് അടുത്തിടെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും തന്റെ ഹിരോഷിമ സന്ദര്‍ശനത്തിനിടെ സൂചിപ്പിച്ചിരുന്നു. കത്തോലിക്ക സഭ വര്‍ഷങ്ങളായി ലോകനേതാക്കളോട് ആവശ്യപ്പെടുന്ന വിഷയമാണ് ആണവായുധങ്ങളുടെ നിരോധനം എന്നത്.
|