Content | വത്തിക്കാന്‍ സിറ്റി: ഉയിർപ്പ് ആഘോഷത്തിനുപോലും സ്വാതന്ത്ര്യമില്ലാതെ ദേവാലയ ശുശ്രൂഷകൾ മുടങ്ങിയ നിരവധി രാജ്യങ്ങളുണ്ടെന്നും ആരാധനയ്ക്കും മതസ്വാന്ത്ര്യത്തിനുമുള്ള വിലക്കുകൾ മാറ്റി ന്യായമായി പ്രാർത്ഥിക്കുവാനും ദൈവത്തെ സ്തുതിക്കുവാനുമുള്ള സ്വാതന്ത്ര്യം ജനതകൾക്കു നല്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന. ഇന്നലെ ഞായറാഴ്ച നല്‍കിയ റോമ നഗരത്തിനും ലോകത്തിനുമായുള്ള ഊർബി എത് ഔർബി സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വിവിധ തരത്തിലുള്ള ജീവിതക്ലേശങ്ങൾ അനുഭവിക്കുന്ന ഇക്കാലഘട്ടത്തിൽ, ക്രിസ്തുവിന്‍റെ മുറിവുകളാൽ സൗഖ്യപ്പെട്ടവരാണ് ക്രൈസ്തവ മക്കൾ എന്ന പത്രോസ് ശ്ലീഹായുടെ ആദ്യലേഖനത്തിലെ വചനം ഉദ്ധരിച്ച (1 പത്രോസ് 2, 24) പാപ്പ ഉത്ഥിതന്‍റെ ആത്മീയ കരുത്തിനാൽ ജീവിതവ്യഥകളെ രൂപാന്തരപ്പെടുത്തിയവരാണ് ക്രൈസ്തവ മക്കളെന്നും പറഞ്ഞു.
കുരിശിനെ ആശ്ലേഷിച്ച ക്രിസ്തുവിന്റെ ആത്മീയശക്തിയാൽ മാനുഷിക യാതനകൾക്ക് അർത്ഥം കണ്ടെത്തുന്ന സൗഖ്യദാനത്തിന്‍റെ ചൈതന്യം ലോകത്ത് എവിടെയും പ്രബലപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. തന്റെ സന്ദേശത്തില്‍ വിവിധങ്ങളായ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. ലോകത്തുള്ള സകല യുവജനങ്ങൾക്കും, പ്രത്യേകിച്ച് ജനാധിപത്യ സംവിധാനങ്ങൾ മ്യാന്മാറിൽ പുനർസ്ഥാപിക്കുവാൻവേണ്ടി പോരാടുന്ന യുവജനങ്ങളുടെ ചാരത്ത് താനുണ്ടെന്നും വെറുപ്പിനെ സ്നേഹംകൊണ്ടേ കീഴടക്കാനാകൂവെന്നും, അതിനാൽ എവിടെയും നീതിക്കായുള്ള പോരാട്ടത്തിന്‍റെ ശബ്ദവും സമാധാന പൂർണ്ണവുമായിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
യുദ്ധത്തിൽനിന്നും കൊടും പട്ടിണിയിൽനിന്നും ഒളിച്ചോടുന്ന അഭയാർത്ഥികൾക്ക് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദിവ്യപ്രഭ നവജീവന്‍റെ പ്രത്യാശപകരട്ടെയെന്നു പാപ്പ ആശംസിച്ചു. കാൽവരിയിലേക്കുള്ള തന്റെ യാത്രയിൽ ശാരീരികവും മാനസികവുമായ വേദനയാൽ മുഖം വികൃതമായും കുരിശിന്‍റെ ഭാരത്താൽ പ്രഭ മങ്ങിയിരുന്നത് വേദനിക്കുന്ന അഭയാർത്ഥികളിൽ കാണുവാൻ സാധിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. സിറിയയിലെ സംഘർഷാവസ്ഥയിൽനിന്നും ഒളിച്ചോടുന്ന ആയിരങ്ങൾ മനുഷ്യത്വത്തിന് ഇണങ്ങാത്ത അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥയിലാക്കിയ യുദ്ധവും കലാപവും കീറിമുറിച്ച സിറിയയിലെ സായുധപോരാട്ടങ്ങൾക്ക് ക്രിസ്തു അറുതിവരുത്തട്ടെയന്നു പാപ്പ പ്രാർത്ഥിച്ചു.
അനിശ്ചിതത്വത്തിന്‍റേയും ജീവിത ക്ലേശങ്ങളുടേയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ലബനോനെയും വിശുദ്ധനാട്ടിലെ, അക്രമവും സായുധപോരാട്ടങ്ങളും ദുരിതങ്ങളില്‍ കരകയറുന്ന ഇറാഖിലെ ജനങ്ങളും മനുഷ്യാവകാശവും ജീവനോടുള്ള ആദരവും സാഹോദര്യവും സംവാദവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സംജാതമാകാനും നഗോർണോ-കാരാബാക് ആഭ്യന്തര സംഘർഷ വിഷയങ്ങളും പാപ്പ തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു. |