category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭയുടെ നേതൃത്വ ശുശ്രൂഷയിൽ ഒരു ദശാബ്ദം പൂർത്തിയാക്കുന്നു
Contentകാക്കനാട്: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭയുടെ അമരക്കാരനായി സ്ഥാനമേറ്റെടുത്തിട്ട് നാളെ മെയ് 29 ന് പത്ത് വർഷം പൂർത്തിയാകുന്നു. കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച മെത്രാൻ സിനഡാണ് അന്നു തക്കല രൂപതയുടെ മെത്രാനായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സീറോമലബാർസഭയുടെ തലവനും പിതാവുമായി 2011 മെയ് 14-ാം തീയതി തെരഞ്ഞെടുത്തത്. 2011 മെയ് 29-ന് സിനഡ് പിതാക്കന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്കിടയിൽ മാർ ജോർജ് ആലഞ്ചേരി സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തു. ലളിത ജീവിതം മുഖമുദ്രയാക്കിയ സീറോമലബാർസഭയുടെ വലിയ പിതാവിന്റെ സ്ഥാനരോഹണത്തിന്റെ ദശവാർഷികവും ആഘോഷങ്ങളില്ലാതെ കടന്നുപോകുന്നു. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ പിതാവ് രാവിലെ വി. കുർബാന അർപ്പിക്കും. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കൂരിയായിലെ വൈദികരും സിസ്റ്റേഴ്സും വിവിധ ശുശ്രൂഷകൾ ചെയ്യുന്നവരും വിശുദ്ധ കുർബായിൽ പിതാവിനോടൊപ്പം പങ്കുചേരുന്നു. മാർ ജോർജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തതോടെ സീറോമലബാർ സഭയ്ക്കു ഒരു പുതിയ ഉണർവും ഉന്മേഷവും കൈവന്നു. ഷംഷാബാദ്, ഹോസൂർ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതം മുഴുവനിലും അജപാലനശുശ്രൂഷ ചെയ്യുവാനുള്ള സാധ്യത സീറോമലബാർ സഭയ്ക്ക് പരിശുദ്ധ പിതാവ് നൽകി. സഭയുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത്. അതുപോലെതന്നെ ഫരീദാബാദ്, മെൽബൺ, മിസ്സിസാഗ, ഗ്രേറ്റ് ബ്രിട്ടൻ എന്നീ രൂപതകളുടെ സ്ഥാപനവും, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്ററുടെ നിയമനവും സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോളസഭയുടെ കേന്ദ്രമായ റോമിൽ സീറോമലബാർസഭയ്ക്ക് സ്വന്തമായി ഒരു ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും പിതാവിന്റെ നേതൃത്വം നിർണ്ണായകമായിരുന്നു. ആസ്ട്രേലിയായിൽ മാത്രമൊതുങ്ങിനിന്നിരുന്ന മെൽബൺ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ടു 2021 മാർച്ച് 21-ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഉത്തരവായതും സീറോമലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രേഷിതാഭിമുഖ്യത്തിന് ഉതകുന്ന അജപാലനസൗകര്യങ്ങളുടെ വർദ്ധനവോടെ സീറോമലബാർസഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും സാധിച്ചതിലും അഭിവന്ദ്യ പിതാവിന്റെ ശ്രദ്ധയും താൽപര്യവും ഏറെ പ്രകടമാണ്. സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പ് എന്ന നിലയിൽ, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്. അതോടൊപ്പം, കേരളകത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡണ്ട്, എക്യുമെനിക്കൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇന്റർ ചർച്ച് കൗൺസിൽ പ്രസിഡണ്ട് എന്നീ ഉത്തരവാദിത്വങ്ങളും പിതാവിൽ നിക്ഷിപ്തമാണ്. സഭയിലെ വൈദിക പരിശീലകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാൻസലർ പദവിയും പിതാവാണ് വഹിക്കുന്നത്. സാർവ്വത്രിക സഭയിൽ മാർപാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 115 കർദ്ദിനാൾമാരിൽ ഒരാളാണ് ആലഞ്ചേരി പിതാവ്. കർദ്ദിനാളെന്ന നിലയിൽ പിതാവ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കൽ കൗൺസിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗൺസിലിലും അംഗമാണ്. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ലെയണാർഡോ സാന്ദ്രിയും സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജോ ഗല്ലാറോയും ഇന്ത്യയുടെ നിയുക്ത വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലിയും സീറോമലബാർ സഭയുടെ തലവന് ആശംസകൾ നേർന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-28 18:14:00
Keywordsസീറോ മലബാര്‍
Created Date2021-05-28 18:15:20