Content | വാര്‍സോ: കോവിഡ് 19 നിയന്ത്രണങ്ങൾക്ക് നടുവിലും വിശുദ്ധ കുർബാനയുടെ തിരുനാൾ വിപുലമായി ആഘോഷിച്ച് പോളിഷ് ജനത. തിരുനാള്‍ ദിനമായ ഇന്നലെ ജൂൺ 3 വ്യാഴാഴ്ച പലരും മുഖാവരണം ധരിച്ചാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മറ്റ് ശുശ്രൂഷകള്‍ക്കുമായി എത്തിയത്. പാരമ്പര്യമനുസരിച്ച് ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ച പെൺകുട്ടികൾ ദിവ്യകാരുണ്യ നാഥനു മുന്നിൽ റോസാപ്പൂക്കൾ വിതറി. ദിവ്യകാരുണ്യ ആഘോഷങ്ങളിൽ ആഴപ്പെടാൻ സാധിച്ചില്ലെങ്കിൽ ഒരു ക്രൈസ്തവ സമൂഹത്തിനും ഏകാന്തത മാറ്റാൻ സാധിക്കില്ലെന്ന് പോസ്നനിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷങ്ങൾക്കിടെ സന്ദേശം നൽകിയ പോളിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസ്ലോ ഗഡേക്കി പറഞ്ഞു.
ചെസ്റ്റകോവയിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ജാസ്ന ഗോര തീർത്ഥാടന കേന്ദ്രത്തിന് വെളിയിൽ വിശുദ്ധ കുർബാനയുടെ തിരുനാളിനോടനുബന്ധിച്ച് ഓക്സിലറി ബിഷപ്പ് ആന്ധ്രേജ് പ്രിബിൽസ്കി വിശുദ്ധ കുർബാന അർപ്പിച്ചു. തീർത്ഥാടന കേന്ദ്രത്തിലെ ഏറ്റവും അമൂല്യമായ നിധി മനോഹരമായ മാതാവിന്റെ ചിത്രമല്ലെന്നും, മറിച്ച് അത് വിശുദ്ധ കുർബാന ആണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാന നമ്മുടെ പ്രാർത്ഥനയുടെ ഹൃദയമാണ്. മറ്റു പോളിഷ് രൂപതകളിലും വലിയ ആഘോഷങ്ങളാണ് നടന്നത്. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനം പോളണ്ടിൽ ഔദ്യോഗികമായി അവധി ദിവസമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്ന സമയത്ത് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷങ്ങൾ ദേശീയ ഐക്യത്തിന്റെയും, വിശ്വാസത്തിന്റെയും പ്രതീകങ്ങളായാണ് കണക്കാക്കിയിരിന്നത്. ഇതിനിടെ നിരവധി തവണ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളെ കമ്മ്യൂണിസ്റ്റ് അടിച്ചമർത്താൻ ഭരണാധികാരികൾ ശ്രമിച്ചിട്ടുണ്ടെന്നതും ചരിത്ര സത്യമാണ്. മൂന്നുകോടി എണ്‍പതുലക്ഷം ജനസംഖ്യയുള്ള പോളണ്ടിൽ 93 ശതമാനം ആളുകളും കത്തോലിക്ക വിശ്വാസികളാണ്. |