Content | നസറത്തിലെ തിരുകുടുംബത്തിൽ അധ്വാനം സ്നേഹത്തിന്റെ അനുദിന ആവിഷ്കാരമായിരുന്നു. സുവിശേഷത്തിൽ ഏതു തരത്തിലുള്ള ജോലിയാലാണ് യൗസേപ്പിതാവ് കുടുംബത്തെ സഹായിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആശാരിപ്പണി യൗസേപ്പിതാവിനു സ്വജീവിതത്തിൽ സ്നേഹത്തിന്റെ ആവിഷ്ക്കരണമായിരുന്നു. ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനമാണ്. പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടവനാണ് മനുഷ്യൻ എന്ന് ഓർമ്മപ്പെടുത്തുന്ന ദിനം. നസറത്തിലെ ദൈവപുത്രന്റെ എളിയ കുടുബം പ്രകൃതിയോടൊത്തു ജീവിച്ച കുടുംബമായിരുന്നു. അധ്വാനത്തെ സ്നേഹത്തിന്റെ ആവിഷ്ക്കാരമായി യൗസേപ്പിതാവു കണ്ടപ്പോൾ ചൂഷണത്തിനോ സ്വാർത്ഥലാഭത്തിനോ കമ്പോളവത്കരണത്തിനോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല.
2021 ലെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം "പരിസ്ഥിതി പുനസ്ഥാപനം" (Ecosystem Restoration) എന്നതാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പുനസ്ഥാപിക്കാൻ മനുഷ്യവതാരം ചെയ്ത ദൈവപുത്രന്റെ വളർത്തു പിതാവായതുവഴി ആ ബന്ധത്തെ ദൃഢപ്പെടുത്തുവാനും പുനസ്ഥാപിക്കുവാനും യൗസേപ്പിതാവു സഹകാരിയായി. യൗസേപ്പിതാവിന്റെ ജീവിതമാതൃക ദൈവത്തോടും അവന്റെ സൃഷ്ടിയായ പ്രപഞ്ചത്തോടുമുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ പവിത്രമാക്കട്ടെ. |