Content | 1996 ജൂൺ 23നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽവച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകന്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദീകൻ.
1915 ഫെബ്രുവരി 28 ന് ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ റീസിലാണ് കാൾ ലീസ്നർ ജനിച്ചത്. 1921-ൽ കുടുംബം ക്ലീവിലേക്ക് താമസം മാറ്റി, അവിടെ കാൾ പ്രാഥമിക സ്ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. 1925 ൽ ഹൈസ്കൂളിൽ പഠനം തുടങ്ങിയ കാൾ ഇക്കാലഘട്ടത്തിൽ ഒരു പുരോഹിതനുമായി സൗഹൃദത്തിലായി, അദ്ദേഹത്തിന്റെ ജീവിതം ആ കൗമാരക്കാരനെ ആകർഷിച്ചു. പുരോഹിതനാകണമെന്ന ആഗ്രഹം ആദ്യം പൊട്ടി മുളയ്ക്കുന്നത് ആ സൗഹൃദത്തിലാണ്. വേദപാഠ - കായിക അദ്ധ്യാപകനായിരുന്ന ആ പുരോഹിതന്റെ പേര് വാൾട്ടർ വിന്നൻബെർഗ് എന്നായിരുന്നു.
യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന കാൾ 1934 ക്ലീവ്, ഗോച്ച് എന്നീ ഫെറോനകളിലെ യുവജനപ്രസ്ഥാനത്തിന്റെ നേതാവായി. അതേ വർഷം തന്നെ ഹൈസ്കൂൾ പഠനം (Abitur) പൂർത്തിയാക്കി. പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ കാൾ മൂൺസ്റ്ററിൽ ദൈവശാസ്ത്രം പഠനം ആരംഭിച്ചു. 1934 മെയ് 1 ന് തന്റെ തന്റെ ഡയറിയിൽ എഴുതി: “ക്രിസ്തു - നീയാണ് എന്റെ അഭിനിവേശം.”
യുവനേതാവിന്റെ ഗുണങ്ങളെ തിരിച്ചറിഞ്ഞ മൂൺസ്റ്റർ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ്, 19 കാരനായ കാളി നെ “രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതാവാക്കി ". അക്കാലത്തു രൂപതയിലെ യൂത്ത് ഗ്രൂപ്പിൽ 30,000 ത്തിലധികം ആൾബലം ഉണ്ടായിരുന്നു.
1936ൽ കാൾ ലൈസ്നർ രണ്ട് സെമസ്റ്ററുകൾ തുടർ പഠനത്തിനായി ഫ്രൈബുർഗ് സർവകലാശാലയിലേക്ക് മാറി. അവിടെ കാൾ താൻ ആതിഥിയായി താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത മകളായ എലിസബത്തിനെ കണ്ടുമുട്ടി ഇരുവരും പ്രണയത്തിലായി. 1937 ഒക്ടോബറിൽ കാൾ ക്ലീവിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി, മാതാപിതാക്കളോടു എലിസബത്തുമായുള്ള പ്രേമ ബന്ധത്തെക്കുറിച്ചു സംസാരിച്ചു. കാൾ ഏതു തീരുമാനം എടുത്താലും മാതാപിക്കാൾ സഹായം വാഗ്ദാനം ചെയ്തു. നീണ്ട പ്രാർത്ഥനകൾക്കും വിചിന്തനങ്ങൾക്കും ഒടുവിൽ കാൾ ഒരു പുരോഹിതനാകാൻ തീരുമാനിക്കുകയും എലിസബത്തുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
1939 മാർച്ച് മാസത്തിൽ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ് വോൺ ഗാലെൻ കാളിനു ഡീക്കൻ പട്ടം നൽകി. അധികം താമസിയാതെ, 24 വയസുകാരന് ശ്വാസകോശത്തിൽ ക്ഷയരോഗം സ്ഥിരീകരിച്ചു. ഷ്വാർസ് വാൾഡിലെ സാനിറ്റോറിയത്തിലായിരുന്നു തുടർ ചുരുങ്ങിയ കാലയളവിലെ ചിട്ടയായ ചികത്സ കാളിനു വേഗത്തിൽ രോഗശാന്തി സമ്മാനിച്ചു. ക്രിസ്തുമസിനു മുമ്പു പുരോഹിതനാകാൻ കാൾ ലെയ്‌സ്‌നർ അതിയായി ആഗ്രഹിച്ചു.
സാനിറ്റോറിയത്തിൽ ആയിരിക്കുമ്പോൾ 1939 നവംബർ 8 ന് ഹിറ്റ്‌ലറിനെതിരായ എൽസറിന്റെ കൊലപാതകശ്രമം പരാജയപ്പെട്ടതു കാൾ അറിഞ്ഞു. അതു കേട്ടപ്പോൾ "അയ്യോ സംഭവിച്ചില്ലല്ലോ " എന്ന കാളിന്റെ മറുപടി ഒരു സഹ രോഗി ഹിറ്റ്ലറിന്റെ രഹസ്യ പോലീസായ ഗസ്റ്റപ്പോയിൽ റിപ്പോർട്ട് ചെയ്തു. ഉടനെ കാളിനെ അറസ്റ്റ് ചെയ്തു. 1940 ഡിസംബറിൽ ആദ്യം ബെർലിനിലെ സാക്സൺഹൗസിലും പിന്നീടു മ്യൂണിക്കിലെ ദാഹാവു തടങ്കൽപ്പാളയത്തിലേക്കും കാൾ ലൈസനറെ മാറ്റി. ദാഹാവിലെത്തിയ ഡീക്കൻ കാളിന്റെ രജിസ്റ്റർ നമ്പർ 22356 ആയിരുന്നു . ഡീക്കനായിരുന്നതിനാൽ പുരോഹിതന്മാർ താമസിച്ചിരുന്ന ബ്ലോക്കിലാണ് കാൾ കഴിഞ്ഞുരുന്നത്. ആ സമയത്തു ദാഹാവു തടങ്കൽ പാളയത്തിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 2,700 പുരോഹിതന്മാർ അവിടെ താമസിച്ചിരുന്നു, അവരിൽ 1,072 പുരോഹിതന്മാർ അവിടെ മരണത്തിനു കീഴടങ്ങി. 1944 സെപ്റ്റംബറിൽ ക്ലർമോണ്ട്-ഫെറാണ്ടിൽ നിന്നുള്ള ഫ്രഞ്ച് ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റ് ദഹാവിൽ തടവുകാരനായി എത്തി. “പ്രീസ്റ്റ് ബ്ലോക്കിലെ” പുരോഹിതന്മാർ 29 കാരനായ കാൾ ലൈസനറിനു തിരുപ്പട്ടം നൽകാനുള്ള ക്രമീകരണങ്ങൾ നടത്തി.
വളരെ രഹസ്യമായി, മൂൺസ്റ്റർ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ് വോൺ ഗാലെനിൻ നിന്നും മ്യൂണിക്ക് ആർച്ചു ബിഷപ്പ്കർദിനാൾ ഫൗൾഹാബറിൽ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്നതിനുള്ള അനുവാദം വാങ്ങി. 1944 ഡിസംബർ 17 ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച കാൾ ലൈസ്നറുടെ ജീവിത സ്വപ്നം യാഥാർത്ഥ്യമായി. പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റ് കാളിനെ ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷേകം ചെയ്തു. ലോകമെമ്പാടുമുള്ള നിരവധി പുരോഹിത തടവുകാർ ലൈസറിനെ കൈവെച്ചു അനുഗ്രഹിച്ചു.
ഡിസംബർ 26 നു വിശുദ്ധ സ്റ്റീഫന്റെ തിരുനാൾ ദിനത്തിൽ കാൾ തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചു. അമേരിക്കൻ സൈന്യം 1945 മെയ് മാസത്തിൽ ദാഹാവു ക്യാമ്പു വിമോചിപ്പിക്കുമ്പോൾ ഫാ. കാൾ വീണ്ടും തീവ്രരോഗിയായിരുന്നു. മ്യൂണിക്കിനടുത്തുള്ള പ്ലാനെഗ് ഫോറസ്റ്റ് സാനിറ്റോറിയത്തിലാണ് പിന്നീടു ചിലവഴിച്ചത്. അവിടെ വച്ച് തന്റെ അമ്മയെയും സഹോദരിമാരെയും ഒരിക്കൽ കൂടി കാണാൻ കാളിനു ഭാഗ്യം ലഭിച്ചു. 1945 ഓഗസ്റ്റ് 12 ന് ആ വിശുദ്ധ വൈദീകന്റെ പാവനാത്മാവ് നിത്യസമ്മാനം സ്വീകരിക്കാനായി പിതൃഭവനത്തിലേക്കു യാത്രയായി.
1945 ജൂലൈ 25 നു കാൾ ലൈസ്നർ തന്റെ ഡയറിയിൽ അവസാനമായി ഇപ്രകാരം കുറിച്ചു: “ഓ അത്യുന്നതനെ എന്റെ ശത്രുക്കളെയും അനുഗ്രഹിക്കണമേ.” ജർമ്മൻ ഗവൺമെൻറ് ഫാ. കാൾ ലൈസനറിന്റെ ബഹുമാനാർത്ഥം 2015 പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ഈ വാക്കുകൾ ആലേഖനം ചെയ്തുട്ടുണ്ട് (Segne auch, höchster, meine feinde!). ഫാ. കാൾ ലൈസ്നറുടെ മൃതദേഹം 1945 ഓഗസ്റ്റ് 20 ന് ക്ലീവിൽ സംസ്കരിച്ചു 1966 പൂജ്യവശിഷ്ടങ്ങൾ സാന്റൻ കത്തീഡ്രലിലെ ക്രിപ്റ്റിൽ അടക്കം ചെയ്തു. 1996 ജൂൺ 23 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ബെർലിൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ കാൾ ലൈസ്നറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|