Content | ലൂഥറൻ പാസ്റ്ററും ജർമ്മൻ ദൈവശാസ്ത്രജനുമായിരുന്ന ഡിട്രിച്ച് ബോൺഹോഫറിൻ്റെ ( 1906-1945) പ്രസിദ്ധമായ ഗ്രന്ഥമാണ് The Cost of Discipleship (ശിഷ്യത്വത്തിൻ്റെ വില ). സെക്കുലർ സമുഹത്തിൽ ക്രൈസ്തവന്റെ റോൾ എന്തായിരിക്കണമെന്നു വിവരിക്കുന്ന ഈ ഗ്രന്ഥം ക്രൈസ്തവ ചിന്താധാരയ്ക്കു പുതിയ വീക്ഷണം നൽകിയ ഒരു ആധുനിക ക്രിസ്തീയ ക്ലാസ്സിക്കാണ്. ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഒരുവൻ മാത്രമേ അനുസരിക്കാൻ കഴിയു എന്നും അനുസരിക്കുന്നവനുമാത്രമേ വിശ്വസിക്കാൻ കഴിയു എന്നും ബോൺഹോഫർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ഉദ്ധരണി യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശരിയാണ്. ദൈവപിതാവിലും അവൻ്റെ പദ്ധതിയിലും വിശ്വാസമുണ്ടായിരുന്ന യൗസേപ്പിതാവിനു ദൈവത്തെ അനുസരിക്കുന്നതിൽ തെല്ലും പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അത്തരം അനുസരണം എങ്കിൽ കൂടിയും യൗസേപ്പിതാവു വിശ്വസ്തയോടെ നിലനിന്നു. ദൈവ പിതാവിനെ അനുസരിക്കുന്നതിൽ ചഞ്ചലചിത്തനാകാത്ത യൗസേപ്പിനു വിശ്വസിക്കാനും എളുപ്പമായിരുന്നു. അതായിരുന്നു അവനെ ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയാക്കിയത്.
യൗസേപ്പിതാവിനു വിശ്വാസവും അനുസരണവും ഒരു നാണയത്തിൻ്റെ ഇരുവശം പോലെയായിരുന്നു , ആ പുണ്യജീവിതത്തിൽ അവ രണ്ടും പരസ്പരം പൂരകങ്ങളായിരുന്നു. വിശ്വാസമുള്ള അനുസരണക്കാരനാകാൻ യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്കു തേടാം. |