Content | കൊച്ചി: മാര്‍ത്തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ദിനമായ ഇന്നു സീറോ മലബാര്‍ സഭയില്‍ സഭാ ദിനാചരണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കി. രാവിലെ 9.30ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തി. തുടര്‍ന്നു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള റാസ കുര്‍ബാനയില്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. സഭാദിനത്തോടനുബന്ധിച്ചു മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലെയും പള്ളികളില്‍ ഞായറാഴ്ച വായിച്ചിരുന്നു. |