Content | വത്തിക്കാന്‍: കത്തോലിക്ക സഭയ്ക്ക് ഇപ്പോള്‍ എത്ര മാര്‍പാപ്പാമാരുണ്ട്?. ചോദ്യം ഈ കാലത്ത് പ്രസക്തമാണെന്നു കരുതുന്നവരായിരിക്കും കൂടുതല്‍ പേരും. എന്നാല്‍ ഈ ചോദ്യത്തിനു ഈ കാലത്തിലും എല്ലാ കാലത്തിലും ഒരു ഉത്തരം മാത്രമേ ഉള്ളു. "ഒന്ന്" എന്നതാണ് ആ ഉത്തരം. ബനഡിക്ട്റ്റ് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്യുകയും അതിനെ തുടര്‍ന്ന് പരിശുദ്ധാത്മ പ്രേരണയാലും ദൈവഹിതത്താലും മാത്രം, തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഏല്‍ക്കുകയും ചെയ്തതോടെ ചിലരുടെ വിചാരം സഭയ്ക്കു രണ്ടു മാര്‍പാപ്പാമാരുണ്ടെന്നാണ്.
വിശ്വാസികള്‍ എല്ലാവരും തന്നെ ഇത്തരത്തില്‍ വിചാരിക്കുന്നില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഇറ്റലിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുക പതിവായിരിക്കുകയാണ്. പത്രത്തിലെ തങ്ങളുടെ കോളം തികയ്ക്കുവാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് മാര്‍പാപ്പ വത്തിക്കാനില്‍ തന്നെ താമസമാക്കിയതിനെ ചുറ്റിപറ്റിയും ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പടച്ചു വിടുന്നു.
സഭയുടെ പലകാര്യങ്ങളിലും ബനഡിക്ടറ്റ് പതിനാറാമനും ഇടപെടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാര്‍പാപ്പയുമായി ബന്ധപ്പെട്ട എന്തു വാര്‍ത്തയ്ക്കും ലോകജനതകള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇവരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഈ വിഷയത്തില്‍ തുടരുന്ന അവ്യക്തതകള്‍ മാറ്റുവാന്‍ നിരവധി തവണ മുന്‍ മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാങ്‌സ്‌വെയില്‍ തന്നെ നേരിട്ടുള്ള പ്രസ്താവനകള്‍ പലവട്ടം നടത്തിയിരുന്നു.
ചിലര്‍ വാദിക്കുന്നതു പോലെ രണ്ടു തരം അധികാരങ്ങള്‍ സഭയില്‍ ഇല്ല. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി ബനഡിക്ടറ്റ് പതിനാറാമന്‍ പാപ്പയും പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയും എന്ന ധാരണ പൂര്‍ണ്ണമായും തെറ്റാണ്. കാരണം പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പാപ്പമാര്‍. ശിമയോന്‍ എന്ന വ്യക്തി പ്രാര്‍ത്ഥിക്കുവാനും പത്രോസ് എന്ന വ്യക്തി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയും നിലകൊണ്ടവരല്ല. ശിമയോന്‍ പത്രോസ് എന്നത് ഒരാളാണ്. ഇതിനാല്‍ തന്നെ ബനഡിക്ടറ്റ് പാപ്പ, ഫ്രാന്‍സിസ് പാപ്പ എന്നിങ്ങനെ രണ്ടു പാപ്പാമാരില്ല. ഫ്രാന്‍സിസ് പാപ്പ എന്ന ഒരേ ഒരു മാര്‍പാപ്പ മാത്രമാണ് കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവന്‍. പ്രായമായ ഒരു ബിഷപ്പ് ചുമതലകളില്‍ നിന്നും വിരമിക്കുമ്പോള്‍ എത്തരത്തിലാണോ സേവനം ചെയ്യുന്നത് ഇതു പോലെ തന്നെ ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് പാപ്പയും സേവനം ചെയ്യുന്നു.
2013 ഫെബ്രുവരി 28-ാം തീയതി രാത്രി എട്ടു മണിക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ എന്ന മാര്‍പാപ്പ, കത്തോലിക്ക സഭയുടെ ഭരണതലപ്പത്തു നിന്നും മാര്‍പാപ്പ എന്നുള്ള എല്ലാ അധികാരങ്ങളില്‍ നിന്നും മാറി. അദ്ദേഹം അന്നു മുതല്‍ ഒരു ഡമ്മി പോപ്പ് അല്ല. പ്രാര്‍ത്ഥനയ്ക്കു വേണ്ടി മാത്രമായി നിലകൊള്ളുന്ന പോപ്പുമല്ല. വിശ്രമ ജീവിതത്തിലേക്കു കടക്കുന്ന ബിഷപ്പുമാരെ പോലെ തന്നെയുള്ള ഒരു വ്യക്തി. എന്നാല്‍ ജീവിച്ചിരിക്കുന്ന മുന്‍ മാര്‍പാപ്പ എന്ന രീതിയിലുള്ള എല്ലാ ബഹുമാനങ്ങളും അദ്ദേഹത്തിനു നല്‍കണം. അത് ആവശ്യമാണ്. സഭയില്‍ പുതിയ ചരിത്രമായി മാറിയ സംഭവത്തെ ഇത്തരത്തില്‍ വേണം മാധ്യമ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുവാന്‍.
|