Content | ഈ കാലഘട്ടത്തിൽ മറ്റേതൊരു വൈദികന്റെ മരണവും ലോകത്തെ ഇത്രയധികം നടുക്കിയിട്ടുണ്ടാവില്ല, അത്രക്ക് വാർത്താപ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു നൽകുന്നത്. വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും അവരെ കൊലചെയ്യുന്നതും ചില തീവ്രവാദ സംഘടനകൾ ചെയ്യാറുള്ളതാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ, ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മനുഷ്യാവകാശ പ്രവർത്തകനായ ഒരു വൃദ്ധ വൈദികൻ മരണം വരിക്കേണ്ടി വന്നത് ഇന്ത്യയിൽ മതേതരത്വവും മനുഷ്യാവകാശങ്ങളും മരിക്കുന്നു എന്ന മഹാവിപത്തിന്റെ സൂചനയാണോ?
കർഷകരിലും പാവപ്പെട്ടവരിലുമാണ് ഭാരതത്തിന്റെ ആത്മാവ് ഉറങ്ങുന്നതെങ്കിൽ ഈ ആത്മാവിനെ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ഫാ. സ്റ്റാൻ സ്വാമി. ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യാവകാശ പ്രവർത്തകനായ അദ്ദേഹത്തെ, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദേശീയ സുരക്ഷ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തത്. 2018 ജനുവരി ഒന്നിനു പുനെയിലെ ഭീമ-കൊറേഗാവിലുണ്ടായ കലാപവുമായി ബന്ധം ആരോപിച്ചായിരുന്നു നടപടി. കലാപപ്രദേശം കണ്ടിട്ടുപോലുമില്ലാത്ത അദ്ദേഹത്തെ, കെട്ടിച്ചമച്ച കേസിൽ അറസ്റ്റുചെയ്തപ്പോൾ അദ്ദേഹത്തിന് 83 വയസ്സായിരുന്നു പ്രായം.
ജാർഖണ്ഡിൽ ബിജെപി സർക്കാർ കുത്തക മുതലാളിമാർക്ക് വേണ്ടി നിയമങ്ങളിൽ ഇളവു വരുത്തുകയും, ഇതിലൂടെ ആദിവാസികളുടെ ഭൂമി വ്യവസായികൾക്ക് നൽകുന്നതിന് നിയമ സാധുത വരുത്തുകയും ചെയ്‌തതിൽ പ്രതിഷേധിച്ചുകൊണ്ട് ഫാ സ്റ്റാൻ സ്വാമി ആദിവാസികൾക്കു വേണ്ടി ശബ്ദമുയർത്തിയതാണ് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുന്നതിന് കാരണമായത് എന്ന് പരക്കെ ആരോപണമുയർന്നിരുന്നു. ജീവിതം മുഴുവന്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവായതിനാലാണ് അദ്ദേഹം അറസ്റ്റിലായതെന്നും ആദിവാസികളുടെ ജീവനും ജീവിതവുമല്ല ഖനന കമ്പനികളുടെ ലാഭമാണ് മോദി സര്‍ക്കാരിന് പ്രധാനമെന്നും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായി.
ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തലോജ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. അറസ്റ്റ് നടന്നു ദിവസങ്ങള്‍ക്കകം, ഒക്ടോബര്‍ 12നു ഫാ. സ്റ്റാന്‍ സ്വാമിയുടെ വീടും വീട്ടിലെ മുഴുവന്‍ സാധനങ്ങളും ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. ക്രിസ്തുവിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകി പാവപ്പെട്ടവർക്കു വേണ്ടി നിലകൊണ്ട ഈ വൈദികന്റെ ഭവനം ഈ ഒരു തീവ്രവാദിയുടെ ഭവനം അരിച്ചുപെറുക്കുന്ന രീതിയില്‍ അവർ തിരച്ചിൽ നടത്തി. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് തികച്ചും ലളിതമായ ഒരു ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ നാംകും ബഗിച്ചയിലെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. പിന്നീടുള്ള അദ്ദേഹത്തിന്റെ തടവറയിലുള്ള ജീവിതം അതിജീവനത്തിനു വേണ്ടിയുള്ള നിയമപ്പോരാട്ടമായിരിന്നു.
പാർക്കിൻസൺസ്, ഹെർണിയ എന്നിവയും മറ്റ് ആരോഗ്യപ്രശ്നങ്ങളും വലയ്ക്കുമ്പോഴും വൃദ്ധനായ ഈ സാധു വൈദികന് കേവലം മാനുഷിക പരിഗണനപോലും ജയിൽ അധികൃതർ നൽകിയില്ല. വിറയൽ മൂലം വിഷമിക്കുന്ന അദ്ദേഹത്തിന് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയും സിപ്പര്‍ കപ്പും ശൈത്യകാല വസ്ത്രങ്ങളും നൽകണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥന പലവട്ടം മുന്നോട്ടുവെച്ചെങ്കിലും രണ്ടു മാസത്തോളം അതു ചെവി കൊള്ളാന്‍ ജുഡീഷ്യറി തയ്യാറായില്ലായെന്നത് ഖേദകരമായ വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ, ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളയുകയാണ് ചെയ്തത്.
ഇതിനിടെ ആരോഗ്യസ്ഥിതി വഷളായ ഇദ്ദേഹത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവിടെനിന്നും അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചില്ല. ജെജെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന് അദ്ദേഹം കോടതിയോട് തുറന്നു പറഞ്ഞു. തുടർന്ന് ഏറെ നാളെത്തെ നിയമപോരാട്ടത്തിനൊടുവിലാണ് മേയ് അവസാനം ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റുന്നത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയും തുടർന്ന് 2021 ജൂലൈ 5-ന് മരണം സംഭവിക്കുകയുമായിരുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടേത് വെറും ഒരു മരണമല്ല അത് ഒരു ജുഡീഷ്യൽ കൊലപാതകമാണെന്നും; എൻ.ഐ.എ, കേന്ദ്രത്തിലെ ബി ജെ പി ഗവൺമെന്റടക്കം ഇതിൽ പങ്കാളികളാണെന്നും, ഇന്ത്യയിലെ ക്രിസ്ത്യാനികളോട് ഇവിടുത്തെ ചില ഭരണകൂടവും നിയമപാലകരും നടത്തുന്ന ക്രൂരതകൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചുകൊണ്ട് പ്രതിഷേധം ശക്തമാകുകയാണ്.
ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച വൃദ്ധനായ ഒരു വൈദികനെ ആരാണ് ഭയപ്പെട്ടിരുന്നത്? അദ്ദേഹത്തിന്റെ പ്രവർത്തികളിൽ കൂടി ക്രിസ്‌തുവിനെ ആരെങ്കിലും തിരിച്ചറിയുമോ എന്ന് ചില ഭരണാധികൾ ഭയപ്പെട്ടിരിക്കണം. വാക്കുകളിലൂടെ ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നവരെ മതപരിവർത്തകർ എന്ന് മുദ്രകുത്തി ആക്രമിക്കുകയും, പ്രവർത്തികളിൽ കൂടി ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലടക്കുകയും ചെയ്യുമ്പോൾ "എത്രത്തോളം..?" എന്ന ചോദ്യം നിരവധിപേർ ഉയർത്താറുണ്ട്. അതിനുള്ള ഉത്തരമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം. നിങ്ങൾക്ക് ഇത്രയേ ചെയ്യാൻ കഴിയൂ. നശ്വരമായ ഈ ലോകജീവിതമേ നിങ്ങൾക്ക് കവർന്നെടുക്കാൻ സാധിക്കൂ.
ഒരു ക്രിസ്‌തു ശിഷ്യന്റെ ജീവിതം ഈ ലോകജീവിതം മാത്രം ലക്ഷ്യം വച്ചുള്ളതല്ല. അങ്ങനെയായിരുന്നുവെങ്കിൽ വിശുദ്ധ യോഹന്നാൻ ഒഴികെ ക്രിസ്‌തുവിന്റെ അപ്പസ്തോലന്മാർക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വരികയില്ലായിരുന്നു. നിത്യതയുമായി തുലനം ചെയ്യുമ്പോൾ ഈ ലോകജീവിതം വെറും നിസ്സാരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ ഒരു അപ്പസ്തോലൻ മരിച്ചപ്പോൾ ആയിരക്കണക്കിന് ക്രിസ്തുശിഷ്യന്മാർ ഉണർന്നെഴുന്നേറ്റു. അങ്ങനെ ക്രൈസ്തവ വിശ്വാസം ഭൂമിയുടെ അതിർത്തികൾ വരെ വ്യാപിച്ചു. അതിനാൽ ഇവിടെ ഫാ. സ്റ്റാൻ സ്വാമി എന്ന മനുഷ്യൻ മാത്രമേ മരിക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ ആത്മാവ് ദൈവത്തോടോപ്പവും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഈ ലോകത്തിലും എന്നേക്കും നിലനിൽക്കും. അതിനാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം എന്നും തുടർന്നുകൊണ്ടേയിരിക്കും.
#{black->none->b->പ്രവാചകശബ്ദം }#
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |