Content | ജൂലൈ പതിനൊന്നാം തീയതി പാശ്ചാത്യ സന്യാസജീവിതത്തിന്റെയും യുറോപ്പിന്റെയും മധ്യസ്ഥനായ നൂർസിയായിലെ വിശുദ്ധ ബനഡിക്ടിന്റെ (480-547) തിരുനാൾ ആഘോഷിക്കുന്നു. സന്യാസജീവിത സംഹിതയ്ക്കു പുതിയ മാനം നൽകിയ പെരുമാറ്റചട്ടങ്ങൾ വിവരിക്കുന്ന വിശുദ്ധൻ്റെ "ബെനഡിക്ടിന്റെ നിയമം" സന്യാസ ചരിത്രത്തിലെ സുപ്രധാന ഏടാണ്.
ഈ നിയമസംഹിതയിലെ സുവർണ്ണ നിയമമാണ് ora et labora (പ്രാർത്ഥനയും അധ്വാനവും ) എന്നത്. ഈ നിയമപ്രകാരം ബെനഡിക്ടൻ സന്യാസിമാർ ദിവസത്തിലെ എട്ടു മണിക്കൂർ പ്രാർത്ഥനയ്ക്കും എട്ടു മണിക്കൂർ വിശ്രമത്തിനും എട്ടു മണിക്കൂർ അധ്വാനത്തിനുമായി ചെലവഴിക്കുന്നു.
നസറത്തിലെ മരപ്പണിക്കാരനായ യൗസേപ്പിതാവിൻ്റെ ജീവിത നിയമം യഥാർത്ഥത്തിൽ പ്രാർത്ഥിക്കുക അധ്വാനിക്കുക എന്നതായിരുന്നു. ബെനഡിക്ടിനു മുമ്പേ പ്രാർത്ഥനയുടെയും അധ്വാനത്തിൻ്റെയും സുവർണ്ണ നിയമം ജീവിതത്തിൽ പ്രവർത്തിപഥത്തിലെത്തിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. അധ്വാനം ആത്മീയ ഉത്കർഷത്തിനു മാർഗ്ഗം തെളിയിക്കും എന്നു പഠിപ്പിക്കുന്ന പാഠപുസ്തമായിരുന്നു യൗസേപ്പിതാവ്.
തൊഴിലിനൊപ്പം പ്രാർത്ഥനയും കൂടെ കൊണ്ടുപോകുമ്പോഴാണ് ദൈവ പിതാവിൻ്റെ സൃഷ്ടികർമ്മത്തിൽ താൻ പങ്കു ചേരുകയാണ് എന്ന ബോധ്യം ഒരു തൊഴിലാളിക്കു കൈവരുകയുള്ളു. അതിനു തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവു നമ്മളെ സഹായിക്കട്ടെ.
|