Content | സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി വാങ്ങി കൊടുക്കണം എന്ന ആവശ്യം ഉയരുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കുന്നു: മാനന്തവാടി കാരക്കമലയിലെ എഫ്സിസി കോൺവെൻ്റിൽ ലൂസി കളപ്പുരയോടൊപ്പം ജീവിക്കുന്ന മറ്റ് ആറ് സിസ്റ്റേഴ്സിൻ്റെ സഹനങ്ങളും, അവർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും.
കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി ഏതെല്ലാം വിധത്തിൽ ഈ ആറ് കന്യാസ്ത്രീകളുടെ മൗലിക അവകാശങ്ങൾ ചവിട്ടി മെതിയ്ക്കപ്പെട്ടിട്ടുണ്ട്? സത്യത്തിൽ മറ്റാരെക്കാളും ഈ കന്യാസ്ത്രീകൾ അനുദിനവും നിന്ദനത്തിൻ്റെയും അവഹേളനത്തിൻ്റെയും കള്ളക്കഥകളുടെയും കൂരമ്പുകൾ ആഞ്ഞു തറയ്ക്കപ്പെട്ട് നിശബ്ദമാക്കപ്പെട്ടുപോയ ബലിയാടുകൾ അല്ലേ? കഴിഞ്ഞ മൂന്നുവർഷമായി ശാന്തമായി അവർക്ക് ഒന്ന് ഉറങ്ങുവാൻ കഴിഞ്ഞിട്ടുണ്ടോ? അന്തിചർച്ചകളും ദീർഘദൂരയാത്രകളും കഴിഞ്ഞ് രാത്രിയുടെ ഏതോ യാമങ്ങളിൽ കയറിവരുന്ന ഒരു സഹസന്യാസിനി ചാനലുകളിൽകൂടിയും സോഷ്യൽമീഡിയവഴിയും വിളിച്ചുകൂവുന്ന നിന്ദനങ്ങളും പരിഹാസങ്ങളും കേട്ട് കണ്ണുകൾ നിറയാതിരിക്കാൻ എന്തേ ആ കന്യാസ്ത്രീകളുടെ ഹൃദയങ്ങൾ കരിങ്കല്ലുകൾ ആണോ? അതോ ലൂസി കളപ്പുരയുടെ ഹൃദയം മാത്രമാണോ മാംസളമായിട്ടുള്ളത്?
കാരക്കാമല മഠത്തിൽ നടക്കുന്ന ഓരോ ചലനവും ഒപ്പിയെടുക്കാൻ തുറന്നു പിടിച്ച മൊബൈൽ ക്യാമറയുമായി ഒരു വ്യക്തി മുന്നിലും പിന്നിലും ഉള്ളപ്പോൾ ആ സഹസന്യാസിനിമാർക്ക് ഒന്നു സമാധാനമായി ജീവിക്കാൻ സാധിച്ചിട്ടുണ്ടോ? തീൻമേശയിൽ പോലും തങ്ങളുടെ സ്വകാര്യത ഹനിക്കത്തക്ക വിധത്തിൽ മൊബൈൽ ക്യാമറ ഓൺ ആക്കി ലൂസി കളപ്പുര നിരന്തരം ഒപ്പിയെടുത്തിരുന്ന വീഡിയോകൾ കണ്ടു സംതൃപ്തിയടഞ്ഞ കപട നവോത്ഥാന നായികാ - നായകന്മാരെ എന്ത് പേര് ചൊല്ലിയാണ് വർണ്ണിക്കേണ്ടത്?
ലൂസി കളപ്പുരയെ കാണാൻ മാധ്യമപ്രവർത്തകർ അടക്കം പലരും രാപകലില്ലാതെ കയറിയിറങ്ങുന്ന ആ കൊച്ചുമഠത്തിൽ ശാന്തമായി ഒന്ന് പ്രാർത്ഥിക്കുവാനോ പരസ്പരം തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനോ ആ സഹസന്യാസിനിമാർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നിങ്ങൾ ആരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ?
അഞ്ചക്ക ശമ്പളം മേടിക്കുന്ന ഒരു അധ്യാപികയാണ് താനെന്ന് അഭിമാനിക്കുമ്പോൾ ലൂസി കളപ്പുര മറന്നുപോകുന്ന ഒരു സത്യമുണ്ട്, വെന്ത ചോറിന് പിന്നിൽ എരിഞ്ഞടങ്ങിയ കനലുകൾ ഉണ്ട് എന്ന പച്ചയായ യാഥാർത്ഥ്യം. വയറുനിറച്ച് പ്രഭാതഭക്ഷണം കഴിച്ച് ഉച്ചയ്ക്കുള്ള ടിഫിൻ ബോക്സുമായി സ്കൂളിൽ പോകാനും പിന്നെ സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ചൂടാറാത്ത ഭക്ഷണം വയറുനിറച്ച് കഴിക്കുവാനും സാധിച്ചത് സഹസന്യാസിനികളുടെ അധ്വാനം മൂലമാണെന്ന സത്യം മറന്നല്ലേ ഇതുവരെ ജീവിച്ചത്? കാരക്കാമല മഠത്തിലെ അടുക്കളയിൽ തീക്കനലിൻ്റ ചൂടേറ്റ് തളർന്ന സഹോദരിമാരെ ആരോപണത്തിൻ്റെ ശരങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചപ്പോഴല്ലേ ആ മഠത്തിൽ രണ്ട് അടുക്കള ഉയർന്നുവന്നത്? കഴിഞ്ഞ 25 വർഷമായി സ്വായത്തമാക്കിയ ശീലങ്ങളിൽ വ്യതിയാനം സംഭവിച്ച്, സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞപ്പോളല്ലേ സ്വയാവബോധം ഉണ്ടായത്?
"പറമ്പുകിളയ്ക്കലും പശുവിനെ നോക്കലും ചാണകം വാരലും എച്ചിൽ പാത്രങ്ങൾ" കഴുകലുമൊക്കെയായി പകലന്തിയോളം പണിയെടുത്താലും മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കുന്നവർ" എന്ന ലൂസി കളപ്പുരയുടെ വാക്കുകൾ തന്നെ ഈ ലോകത്തോട് വിളിച്ചു പറയുന്ന പരമമായ സത്യം, പതിനഞ്ചാം വയസ്സിൽ FCC സന്യാസ സമൂഹത്തിലേക്ക് കടന്നുവന്ന ഒരു കിളുന്ത് പെൺകുട്ടിയെ ഹൈസ്കൂൾ ടീച്ചർ എന്ന പദവിയിൽ എത്തിക്കാൻ സാധിച്ചത് നിരവധി പാവപ്പെട്ട കന്യാസ്ത്രീമാരുടെ കഠിനാധ്വാനം ചെയ്ത് കിട്ടിയ എണ്ണിചുട്ട അപ്പം പോലുള്ള ചില്ലിക്കാശ് കൂട്ടി വച്ചതിനാലാണ്.
ലൂസിയെയും ലൂസിയെപ്പോലുള്ള FCC യിലെ മറ്റ് പലരെയും ഉന്നത വിദ്യാഭ്യാസത്തിന് വിട്ടത് ഇങ്ങനെ സ്വരുക്കൂട്ടിയ വരുമാനം ചേർത്ത് വച്ചാണ്. വിവിധ സ്ഥാനമാനങ്ങൾ അലങ്കരിക്കുമ്പോൾ തങ്ങളുടെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്ത പാവപ്പെട്ട കന്യാസ്ത്രീമാരെ പലരും മറന്നു പോവുകയും സന്യാസഭവനങ്ങളുടെ അകത്തളങ്ങളിൽ അവർ ചെയ്യുന്ന എളിയ പ്രവർത്തികളെ പുച്ഛത്തോടെ കാണുകയും കളിയാക്കുകയും തങ്ങൾ കൊണ്ടുവരുന്ന അഞ്ചക്ക ശമ്പളത്തിൻ്റെ മേന്മയെക്കുറിച്ച് വാതോരാതെ വർണ്ണിക്കുകയും ചെയ്യുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക.
"മാസാമാസം വലിയ തുകകൾ അധികാരികളുടെ കൈകളിലേയ്ക്ക് ഏൽപ്പിച്ചു കൊടുക്കാൻ ഗതിയില്ലാത്ത ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട് ഇവിടുത്തെ മഠങ്ങളിൽ" എന്ന് ലൂസിയുടെ നാവ് തന്നെ മൊഴിയുമ്പോൾ അവർ മറന്ന് പോയ സത്യമാണ് 'തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളെ അധ്യാപനം എന്ന തൊഴിൽ ചെയ്യാൻ പര്യാപത്മാക്കിയ അവരോടുള്ള കടമ തന്നെയായിരുന്നു മരുന്നും ഭക്ഷണവും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കുക' എന്നുള്ളത്.
"എച്ചിൽ പാത്രം കഴുകുക" എന്ന ആ പ്രയോഗത്തിൽ നിന്ന് തന്നെ മനസ്സിലാകും സഹസന്യാസിനിമാരുടെ അധ്വാനങ്ങളെ ലൂസി കളപ്പുര ഏത് കണ്ണുകൾ കൊണ്ടാണ് കണ്ടിരുന്നത് എന്ന്. വികസിതരാജ്യമോ, ദരിദ്രരാജ്യമോ ആയി കൊള്ളട്ടെ ഈ ലോകത്തിലെ ഏത് കോണിലുമുള്ള ഓരോ കുടുംബത്തിലും ലൂസിയുടെ ഭാഷയിൽ എച്ചിൽ പാത്രങ്ങൾ കഴുകുകയും തറ തുടയ്ക്കുകയും ചെയ്യുന്ന ലക്ഷകണക്കിന് അമ്മമാരും ഭാര്യമാരും സഹോദരിമാരും ഉണ്ട്. അവരിൽ ഒരുവൾ തന്നെയാണ് സന്യാസസഭകളുടെ അകത്തളങ്ങളിലും പാത്രം കഴുകുകയും തറ തുടയ്ക്കുകയും ചെയ്യുന്ന കന്യാസ്ത്രീയും. സന്യാസവസ്ത്രം ധരിച്ചതുകൊണ്ട് ഇവർ മാനത്തു നിന്ന് പൊട്ടിവീണ അമാനുഷികർ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഏത് ജോലിക്കും അതിൻ്റേതായ മേന്മയുണ്ട്, എല്ലാവരും ഡോക്ടർമാരോ എഞ്ചിനീയർമാരോ അല്ലെങ്കിൽ അധ്യാപകരോ മാത്രം ആയിരിക്കുകയും തങ്ങളുടെ തെഴിലിൻ്റെ ഭാഗമായ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും വാശിപിടിച്ചാൽ ഈ ലോകത്തിൻ്റെ അവസ്ഥ എന്തായിരിക്കും..? ഒരു പക്ഷെ മറ്റ് ജീവിതാന്തസുകളിൽ ഉള്ളവർ ഒരു പരിധിവരെ ഇപ്രകാരം ചിന്തിച്ചേക്കാമെങ്കിൽ പോലും സന്യാസിനികൾ ഒരിയ്ക്കലും അങ്ങനെയാവില്ല. ഏത് തൊഴിൽ തിരഞ്ഞെടുത്തവർ ആയാലും അത് ഒരു സന്യാസിനിയോ സന്യാസിയോ ആയാൽ, അവർ ആയിരിക്കുന്ന ഭവനത്തിൽ എല്ലാവരും എല്ലാ അർത്ഥത്തിലും തുല്യരാണ്, അതാണ് യഥാർത്ഥ സന്യാസ ജീവിതം.
#{black->none->b->സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ. }#
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |