Content | ഈശോയ്ക്കു വേണ്ടി ആദ്യം രക്തം ചിന്താൻ ഭാഗ്യം ലഭിച്ച ശിഷ്യനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനമാണ് ജൂലൈ 25. സെബദിയുടെ പുത്രന്മാരിൽ ഒരുവനായിരുന്നു യാക്കോബ്. ഈശോയുടെ രാജ്യത്തില്‍ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ! എന്ന ആഹ്വാനവുമായി അവരുടെ അമ്മ സമീപിക്കമ്പോൾ നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത് എന്നു ഈശോ പറയുന്നു: " നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം (മത്തായി 20 : 27 ).
ശുശ്രൂഷകനും ദാസനും ആയിരിക്കുന്നതിൽ അഭിമാനം കണ്ടെത്തിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവപുത്രനും ദൈവമാതാവിനും ശുശ്രൂഷ ചെയ്ത ആ നല്ല മനുഷ്യന് സ്വർഗ്ഗീയ പിതാവ് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അലങ്കരിച്ചു. ദൈവത്തിൻ്റെ ശുശ്രൂഷകനും ദാസനും നിശബ്ദനായിരിക്കണം എന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. ദൈവസ്വരം ശ്രവിക്കാനായി അവരുടെ ഹൃദയം സദാ തുറന്നിരിക്കുന്നു. യൗസേപ്പിതാവു നിശബ്ദനായതിനാലാണ് സദാസമയവും ദൈവീക വെളിപ്പെടുത്തലുകൾ ശ്രവിച്ചതും അതനുസരിച്ച് പ്രത്യുത്തരിച്ചതും.
ഭൂമിയിലെ കോലാഹലങ്ങൾ സ്വർഗ്ഗവാതിൽ തുറക്കാൻ അപര്യാപ്തമാണ്. സ്വർഗ്ഗരാജ്യത്തിൽ സ്ഥാനം കരസ്ഥമാക്കാക്കണോ യൗസേപ്പിതാവിനെപ്പോലെ നിശബ്ദനായി ദൈവസ്വരം ശ്രവിച്ചു അതനുസരിച്ച് ജീവിക്കുക അപ്പോൾ നീതിയുടെ കിരീടം നാം സ്വന്തമാക്കും.
|