Content | വത്തിക്കാന്‍ സിറ്റി: നമ്മുടെ സ്വന്തം ഉപയോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മാത്രമായി ദൈവത്തെ തേടുന്നത് അപക്വമായ വിശ്വാസമാണെന്നു ഫ്രാന്‍സിസ് പാപ്പ. നാം വിശപ്പടക്കാൻ ദൈവത്തെ തേടുകയാണെന്നും എന്നാൽ നാം തൃപ്തരാകുമ്പോൾ അവിടുത്തെ വിസ്മരിക്കുന്നുവെന്നും ഈ അപക്വമായ വിശ്വാസത്തിന്റെ കേന്ദ്രത്തിൽ ദൈവമില്ലായെന്നും ഇന്നലെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുന്നോടിയായി നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിൻറെ ഹൃദയത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് യുക്തമാണെങ്കിലും നമ്മുടെ പ്രതീക്ഷകൾക്കതീതമായ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവ്, സർവ്വോപരി, നമ്മോടൊപ്പം സ്നേഹബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
നമുക്കെല്ലാവർക്കും നമ്മോടുതന്നെ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം ഇതാ: എന്തുകൊണ്ടാണ് നമ്മൾ കർത്താവിനെ അന്വേഷിക്കുന്നത്? ഞാൻ എന്തുകൊണ്ട് കർത്താവിനെ അന്വേഷിക്കുന്നു? എൻറെ വിശ്വാസത്തിൻറെ, നമ്മുടെ വിശ്വാസത്തിൻറെ കാരണങ്ങൾ എന്തൊക്കെയാണ്? നാം ഇത് തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി പ്രലോഭനങ്ങൾക്കിടയിൽ, വിഗ്രഹാരാധന പ്രലോഭനം എന്ന് വിളിക്കാവുന്ന ഒരു പ്രലോഭനം ഉണ്ട്. നമ്മുടെ സ്വന്തം ഉപയോഗത്തിനും ഉപഭോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ദൈവത്തെ തേടാനും, നമ്മുടെ താല്പര്യങ്ങൾക്കനുസാരം നമുക്കു തനിച്ചു നേടാൻ കഴിയാത്തവ തന്നതിന് ദൈവത്തോടു നന്ദിയുള്ളവരായിരിക്കാനും നാം പ്രേരിതരാകുന്നു. എന്നാൽ ഇത്തരത്തിലുള്ള വിശ്വാസം ഉപരിപ്ലവമാണ്.
നാം വിശപ്പടക്കാൻ ദൈവത്തെ തേടുന്നു, എന്നാൽ നാം തൃപ്തരാകുമ്പോൾ അവിടത്തെ വിസ്മരിക്കുന്നു. ഈ അപക്വമായ വിശ്വാസത്തിൻറെ കേന്ദ്രത്തിൽ ദൈവമില്ല, നമ്മുടെ ആവശ്യങ്ങളാണുള്ളത്. ഞാൻ നമ്മുടെ താൽപ്പര്യങ്ങളെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയാണ്. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിൻറെ ഹൃദയത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് യുക്തമാണ്, എന്നാൽ നമ്മുടെ പ്രതീക്ഷകൾക്കതീതമായ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവ്, സർവ്വോപരി, നമ്മോടൊപ്പം സ്നേഹബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. യഥാർത്ഥ സ്നേഹം നിസ്സ്വാർത്ഥമാണ്, അത് സൗജന്യമാണ്: പകരം ഒരു ആനുകൂല്യം ലഭിക്കാൻ അല്ല സ്നേഹിക്കുന്നത്! അങ്ങനെയുള്ളത് സ്വാർത്ഥ താൽപ്പര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. |