Content | അട്ടപ്പാടി: നവയുഗ ആത്മീയതകളായ യോഗ, റെയ്കി. പ്രാണിക് ഹീലിംങ്, ഹോളി സ്റ്റിക്ക് ഹീലിംങ്, തുടങ്ങിയവയോടും സദൃശ്യമായ മറ്റുള്ളവയോടുമുള്ള ക്രൈസ്തവന്റെ സമീപനവും നിലപാടും എന്തായിരിക്കണമെന്ന് വ്യക്തമായി നിഷ്കര്‍ഷിക്കുന്ന സഭയുടെ ഔദ്യോഗിക പഠനരേഖകളുടെ മലയാള പരിഭാഷ, ചില്‍ഡ്രന്‍ ഓഫ് ഇമ്മാകുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി പ്രസിദ്ധീകരിക്കുന്ന 'യേശു ക്രിസ്തു ജീവ ജലത്തിന്റെ വാഹകന്‍' പ്രകാശനം ചെയ്തു. താവളം അഭിഷേകാഗ്നി കുരിശുമലയില്‍ നടന്ന ചടങ്ങില്‍ പാലക്കാട് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജേക്കബ്ബ് മനത്തോടത്ത് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. 1989-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബിഷപ്പുമാര്‍ക്കയച്ച ഒറാസിയോന്നിസ് ഫോര്‍മാസ്, 2003-ല്‍ പുറത്തിറക്കിയ ജീസസ് ക്രൈസ്റ്റ് ദ ബെയറര്‍ ഓഫ് ദ വാട്ടര്‍ ഓഫ് ലൈഫ് എന്നീ പ്രബോധനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അജപാലക- വിശ്വാസ സമൂഹങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് ബിഷപ്പ് അഭിപ്രായപ്പെട്ടു.
കേരളത്തിലെയും മറ്റ് മിഷന്‍ പ്രദേശങ്ങളിലെയും വിവിധ രൂപതകളില്‍ നിന്നും വന്ന നിരവധി വൈദികര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍, ചില്‍ഡ്രന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി സ്പിരിട്ച്ച്വല്‍ ഡയറക്റ്റര്‍ ഫാ.ഫ്രാന്‍സിസ് ഏഴാനിക്കാട്ട് എംഎസ്‌ടി, മാര്‍ട്ടിന്‍ തോമസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ പ്രമുഖ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാക്കുമെന്ന് ചില്‍ഡ്രന്‍ ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് ഹോളി മേരി പ്രവര്‍ത്തകര്‍ അറിയിച്ചു. |