Content | "ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നു അറിയപ്പെട്ടിരുന്ന വിശുദ്ധ കജേറ്റന്റെ (1480-1547) തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം ഏഴാം തീയതി. വിശുദ്ധൻ്റേതായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ഉദ്ധരണികളാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. തീയാറ്റിൻസ് (The Congregation of Clerics Regular) എന്ന സമർപ്പിത സമൂഹത്തിൻ്റെ സഹസ്ഥാപകനായിരുന്ന കജേറ്റൻ "എന്റെ ആഗ്രഹം എന്റെ വഴികൾ പിൻതുടരുകയല്ല മറിച്ച് നിന്റെ വഴികളിലൂടെ നീങ്ങുകയാണ് " എന്നു ഇടയ്ക്കിടെ പറയുമായിരുന്നു.
സ്നേഹിക്കുക മാത്രം ജിവിത നിയമമാക്കിയ കജേറ്റൻ മറ്റുള്ളവരെ ഇപ്രകാരം ഉപദേശിച്ചിരുന്നു:
"ഈശോ നിങ്ങളെ സ്നേഹിക്കണമെന്നും സഹായിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ അവനെ സ്നേഹിക്കുകയും
എപ്പോഴും അവനെ എല്ലാക്കര്യങ്ങളിലും പ്രസാദിപ്പിക്കുകയും ചെയ്യണം. നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കരുത് കാരണം എല്ലാ വിശുദ്ധരും സൃഷ്ട പ്രഞ്ചത്തിലെ സകല ജീവികളും നിന്നെ ഉപേക്ഷിച്ചാലും, ഈശോ നിങ്ങളുടെ ആവശ്യങ്ങൾ എന്തായിരുന്നാലും എപ്പോഴും നിങ്ങളുടെ അടുത്തായിരിക്കും ".
യൗസേപ്പിതാവിനു സ്വന്തം വഴികൾ ഇല്ലായിരുന്നു, ദൈവത്തിന്റെ വഴി സ്വന്തം വഴിയാക്കി ഈ വിശുദ്ധ മരപ്പണിക്കാരൻ രൂപാന്തരപ്പെടുത്തുകയായിരുന്നു. ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവിൻ്റെ ജീവിത നിയോഗം ഈശോയെ എല്ലാ നിമിഷങ്ങളിലും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുകയായിരുന്നു. ചുരുക്കത്തിൽ അവൻ്റെ ജീവിത മന്ത്രം തന്നെ ദൈവത്തെ പ്രസാദിപ്പിക്കുകയായിരുന്നു. ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളാക്കി ഈശോയെ സ്നേഹിക്കുകയും അവനെ പ്രസാദിപ്പിക്കുകയും ചെയ്യാം
|