Content | തൃശൂര്‍: അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കു യാതൊരുവിധ ക്ഷേമ പെന്‍ഷനുകള്‍ക്കും അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ ഉത്തരവ്. ധനവകുപ്പാണ് ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളത്. 2016 ജനുവരി 30 നു സാമൂഹ്യനീതി വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഏതെങ്കിലും ക്ഷേമ പെന്‍ഷന് ഇത്തരം അന്തേവാസികള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. ഇതില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ്, അനാഥ/അഗതി/ വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്കു സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ല എന്ന് ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുള്ളത്.
ഇതോടെ അഗതി അനാഥമന്ദിരങ്ങളിലെ പതിനായിരക്കണക്കിനു വൃദ്ധരും അംഗപരിമിതരും മാനസിക വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ അന്തേവാസികള്‍ക്കു പെന്‍ഷന്‍ ലഭിക്കാതാകും. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ വീടുകളില്‍ താമസിക്കുന്ന അനേക ലക്ഷംപേര്‍ക്കു വിവിധ ക്ഷേമ പെന്‍ഷനുകള്‍ വീട്ടില്‍ കൊണ്ടുചെന്നു നല്‍കുന്നതിനിടയ്ക്കാണ് ഈ വിരോധാഭാസം. അന്തേവാസികള്‍ അനാഥമന്ദിരങ്ങളുടെ പൂര്‍ണ സംരക്ഷണയിലാണെന്നും, അര്‍ഹതയുള്ള അഗതിമന്ദിരങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നുമാണ് പുതിയ ഉത്തരവിലെ ന്യായീകരണം.
2014 നു ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നി ല്ല. മറ്റു സ്ഥാപനങ്ങളില്‍ ഗ്രാന്റായി നല്‍കുന്നത് ഒരാള്‍ക്ക് 1100 രൂപ വീതം മാത്രവും. സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ പണലഭ്യത അനുസരിച്ചു മാത്രമാണു തിരിച്ചുനല്കുന്നത്. എല്ലാ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകളും 1600 രൂപയാണെന്നിരിക്കേയാണ് അന്തേവാസികള്‍ക്ക് 1100 രൂപ നല്‍കുന്നത്. ഏഴുവര്‍ഷം മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണു ഗ്രാന്റ് 250 രൂപയില്‍നിന്ന് 1000 രൂപയാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ വെറും 100 രൂപ മാത്രമാണ് ഗ്രാന്റ് വര്‍ധിപ്പിച്ചത്.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞ് വൃദ്ധസദനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം ചെലവഴിച്ച തുകയില്‍ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യല്‍ ഓഡിറ്റിനുശേഷം 40 ശതമാനം മാത്രമെ ഇതുവരെ വിതരണം ചെയ്തുള്ളൂ. ശാരീരിക വൈകല്യമുള്ളവരുടെ സ്ഥാപനങ്ങള്‍ക്കും സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ചെലവഴിച്ച തുകയില്‍ ഒരു രൂപപോലും നല്‍കിയിട്ടുമില്ല. കോവിഡിന്റെ 18 മാസ കാലയളവില്‍ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കു നാലുപേര്‍ക്ക് ഒന്നെന്ന നിലയില്‍ മൂന്നുതവണയേ സൗജന്യ കിറ്റുകള്‍ നല്‍കിയിട്ടുള്ളൂ. ഈ ഓണത്തിന് ഇതുവരെ അഗതിമന്ദിര അന്തേവാസികള്‍ക്കു കിറ്റ് പ്രഖ്യാപിച്ചിട്ടുമില്ല. |