Content | ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാൻ വന്ന ദൈവപുത്രനു സംരക്ഷണമൊരുക്കാൻ ലോകത്തിനു മുമ്പിൽ സ്വയം പിൻനിരയിലേക്കു പിന്മാറിയ നല്ല മനുഷ്യനായിരുന്നു യൗസേപ്പിതാവ്. ആ പിന്മാറ്റം സ്വർഗ്ഗരാജ്യത്തിൻ മുമ്പന്മാരിൽ ഒരാളാക്കി യൗസേപ്പിതാവിനെ മാറ്റി. ലോകം നൽകുന്ന നേട്ടങ്ങളോ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ആശങ്കകളോ ദൈവഹിതം നിറവേറ്റുന്നതിൽ നിന്നു ആ മരപ്പണിക്കാരനെ പിൻതിരിപ്പിച്ചില്ല. നീതിമാൻ എന്നതിനു സ്വയം ആത്മപരിത്യാഗത്തിൻ്റെ നേർവശം കൂടിയുണ്ട് എന്നാ വത്സല പിതാവു ലോകത്തെ പഠിപ്പിച്ചു.
നിശബ്ദതയിലൂടെ ദൈവത്തോടു ഹൃദയ ഐക്യം സ്ഥാപിക്കാമെന്നും അവൻ കാട്ടി തന്നു. വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യമല്ല സ്വർഗ്ഗരാജ്യം. വിധേയത്വത്തിലൂടെയും അനുസരണയിലൂടെയും നിങ്ങുമ്പോൾ ദൈവം നമുക്കു മുമ്പിൽ തുറന്നു തരുന്ന വാതിലാണത്. സ്വയം പിൻനിരയിൽ നിൽക്കാൻ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ജോസഫ്. ദൈവപുത്രനും ദൈവമാതാവിനും യൗസേപ്പിതാവ് സംരക്ഷണമൊരുക്കിയത് സാമ്പത്തിക സുസ്ഥിരത കൊണ്ടായിരുന്നില്ല. അടിയുറച്ച ദൈവാശ്രയ ബോധത്തിലധിഷ്ഠിതമായ കഠിനാധ്വാനം കൊണ്ടായിരുന്നു.
സമ്പത്തുകൊണ്ടും സ്ഥാനമാനങ്ങൾകണ്ടും നേടാനാവാത്ത സ്വർഗ്ഗരാജ്യം ദൈവഹിതപ്രകാരമുള്ള പിന്മാറ്റത്തിലുടെയും ആത്മസമർപ്പണത്തിലൂടെയും കരഗതമാക്കാൻ നമുക്കും പരിശ്രമിക്കാം. |