Content | ആഗസ്റ്റു മാസം ഇരുപത്തി നാലാം തീയതി തിരുസഭ വിശുദ്ധ ബര്‍ത്തലോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു .ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പരാമർശിക്കപ്പെടുന്ന നഥാനിയേല്‍ വിശുദ്ധ ബര്‍ത്തലോമിയോ ആണ്. ഈശോയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഈശോ അവനെ വിശേഷിപ്പിക്കുക “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍” എന്നാണ്. "നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍" (യോഹ 1 : 47).
ദൈവപുത്രൻ കണ്ട നിഷ്‌കപടനായ മനുഷ്യൻ നഥാനയേൽ ആയിരുന്നെങ്കിൽ ദൈവ പിതാവു കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരനായിരുന്നു യൗസേപ്പിതാവ്. തൻ്റെ പ്രിയപുത്രനെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്കയക്കാൻ തീരുമാനിച്ചപ്പോൾ സ്വർഗ്ഗീയ പിതാവിൻ്റെ കണ്ണുകൾ ഉടക്കിയത് നസറത്തിലെ നിഷ്കപടനായ യൗസേപ്പിതാവിലായിരുന്നു. ആ ഭൗത്യം ആ പിതാവു ഭംഗിയായി നിറവേറ്റി. ദൈവം നിഷ്കപടരായി കാണുന്ന മനുഷ്യരെ ശരിക്കും ഭാഗ്യവാൻമാർ അവരയല്ലേ നമ്മൾ യാർത്ഥത്തിൽ മാതൃകയാക്കേണ്ടതും അനുകരിക്കേണ്ടതും.
നീതിയുടെ മാനദണ്ഡമായി സങ്കീർത്തകൻ ചൂണ്ടിക്കാണിക്കുന്ന ഒരു ഗുണം നിഷ്കളങ്കതയാണ്: "നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍." (സങ്കീ: 15 : 2). നീതിമാനായ യൗസേപ്പിതാവ് നിഷ്കളങ്കതയിലൂടെ ദൈവ പിതാവിനു പ്രീതനായതുപോലെ കളങ്കമില്ലാതെ ജീവിച്ചു ഈശോയ്ക്കു ഇഷ്ടപ്പെടവരാകാൻ നമുക്കു പരിശ്രമിക്കാം. അതിനായി മാർ യൗസേപ്പിതാവും ബർത്തിലോമിയോ ശ്ലീഹായും നമ്മെ സഹായിക്കട്ടെ. |