category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ആരോഗ്യനിലയില്‍ പുരോഗതി: പ്രാര്‍ത്ഥനയ്ക്കു നന്ദി അറിയിച്ച് ട്വീറ്റ്
Contentവാഷിംഗ്‌ടണ്‍ ഡി.സി: കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‍ വെന്റിലേറ്ററില്‍ ആയിരുന്ന അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിട്ടറി ഓര്‍ഡര്‍ മുന്‍ അധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനും തിരുസഭ പാരമ്പര്യങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുന്നതിന്റെ പേരില്‍ തിരുസഭയില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച കര്‍ദ്ദിനാളാണ് ഇദ്ദേഹം. ആരോഗ്യ നില സംബന്ധിച്ച വിവരം ഇക്കഴിഞ്ഞ ശനിയാഴ്ച കര്‍ദ്ദിനാള്‍ ബുര്‍ക്കെ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും, ഇപ്പോള്‍ മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും തനിക്ക് വളരെ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിന്റെ ട്വീറ്റില്‍ പറയുന്നു. ദൈവത്തിനും, തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും കര്‍ദ്ദിനാള്‍ നന്ദി അറിയിച്ചു. കര്‍ദ്ദിനാളിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയിലായിരുന്ന വിശ്വാസീസമൂഹത്തിന് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് ശനിയാഴ്ചത്തെ ട്വീറ്റ്. തിരുസഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലക്കൊള്ളുന്നതിന്റെ പേരില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ സ്വീകാര്യതയുള്ള കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ സൗഖ്യത്തിനു വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നു. അർപ്പണബോധത്തോടെ തന്നെ ചികിത്സിച്ച പ്രൊഫഷണലുകൾക്കും, തനിക്ക് വേണ്ടി കൗദാശിക ശുശ്രൂഷകള്‍ ചെയ്ത വൈദികർക്കും, മെഴുകുതിരി കത്തിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചവര്‍ക്കും വിശുദ്ധ കുർബാന അർപ്പിക്കുകയോ, പ്രാർത്ഥിക്കുകയോ ചെയ്ത മെത്രാന്‍ സഹോദരന്മാര്‍ക്കും വൈദികര്‍ക്കും തന്റെ നന്ദി അറിയിക്കുന്നുവെന്നും അവര്‍ക്കായി കർത്താവിനോടു പ്രത്യേകം അപേക്ഷിക്കുന്നുവെന്നും ട്വീറ്റിനോടൊപ്പം പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. വിസ്കോണ്‍സിന്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ കോവിഡ് ബാധിച്ച കര്‍ദ്ദിനാളിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിന്നു. രോഗബാധിതനായിരുന്ന സമയത്ത് തനിക്ക് വന്ന ഫോണുകള്‍ക്കും, കത്തുകള്‍ക്കും മറുപടി പറയുവാന്‍ കഴിയാത്തതില്‍ അദ്ദേഹം ക്ഷമ യാചിച്ചു. “നിങ്ങളെ പ്രതിയുള്ള സഹനങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരം വഴി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു (കൊളോ.1:24) എന്ന ബൈബിള്‍ വാക്യത്തോടെയാണ് ട്വീറ്റിനോടൊപ്പമുള്ള പ്രസ്താവന അദ്ദേഹം ചുരുക്കുന്നത്. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീ പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളിലും കൂദാശകള്‍ സംബന്ധിച്ചും തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിന് വേണ്ടി ഏറ്റവും ശക്തമായ വിധത്തില്‍ സ്വരമുയര്‍ത്തിയിട്ടുള്ള കര്‍ദ്ദിനാളാണ് ബുര്‍ക്കെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-30 16:13:00
Keywordsബുര്‍ക്കെ
Created Date2021-08-30 16:14:14