Content | ഹോ ചി മിന്‍ സിറ്റി: കൊറോണ മഹാമാരിയുടെ നടുവിലും വിയറ്റ്നാമിലെ സഭയ്ക്കു പങ്കുവെക്കാൻ ഉള്ളത് ദൈവാനുഗ്രഹത്തിന്റെ അനുഭവങ്ങള്‍. വിയറ്റ്നാമിൽ അടുത്തിടെ 78 പേര്‍ തിരുപ്പട്ടം സ്വീകരിച്ചപ്പോള്‍ ഇരുന്നൂറ്റിഅന്‍പതോളം സന്യസ്തരാണ് നിത്യവ്രതവാഗ്ദാനം നടത്തിയത്. ഏജന്‍സിയ ഫിഡെസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടന്ന്ചെന്നു ഭൗതികവും, ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ പുതിയ വൈദികരുടെയും, സന്യസ്തരുടെയും ശുശ്രൂഷ സഹായകരമാകുമെന്ന് മധ്യ വിയറ്റ്നാമിൽ തിരുഹൃദയ സന്യാസിനികളുടെ നിത്യവ്രതവാഗ്ദാന ചടങ്ങിൽ ഹ്യൂ ആർച്ച് ബിഷപ്പായ ന്ഗുയെൻ ചി ലിൻ പറഞ്ഞു.
നിത്യവ്രതവാഗ്ദാനം നടത്തിയ വ്യക്തി തന്റെ സ്നേഹം ദൈവത്തിന് നൽകുന്ന ആളാണെന്നും, ആ വ്യക്തി കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയിൽ സഹനങ്ങള്‍ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ തിളക്കമാർന്ന ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ വേണ്ടി കുരിശിൽ നിന്ന് പ്രചോദനം സ്വീകരിക്കുന്നവരാണ് അവരെന്നും ന്ഗുയെൻ ചി ലിൻ ഓർമ്മിപ്പിച്ചു. വൈറസ് പ്രതിസന്ധി കാലഘട്ടത്തിലടക്കം സ്നേഹത്തിലൂടെയും, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും വിശ്വാസത്തിന് സാക്ഷ്യം നൽകാൻ എല്ലാവരോടും, പ്രത്യേകിച്ച് വ്രതവാഗ്ദാനം നടത്തിയവരോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
തന്റെ ആത്മീയ ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ ദിവസത്തിനുവേണ്ടി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് ഉത്തര വിയറ്റ്നാമിലെ ബാക്ക് നിൻഹ് രൂപതയിൽ ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിന് വേണ്ടി നിത്യവ്രതവാഗ്ദാനം നടത്തിയ വു ഹിൻ എന്ന സന്യാസിനി പറഞ്ഞു. സാഹചര്യം എന്തുതന്നെയായാലും, ദൈവത്തിന്റെ കൃപയുടെ ശക്തിയാൽ ജീവിതം മുഴുവൻ ദൈവത്തിനു സമർപ്പിക്കുകയാണെന്നും, നിശബ്ദതയിൽ ഉള്ള പ്രാർത്ഥന തുടരുമെന്നും സിസ്റ്റർ വു ഹിൻ കൂട്ടിച്ചേർത്തു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൗരോഹിത്യ സ്വീകരണ ചടങ്ങും നിത്യവ്രത വാഗ്ദാന ചടങ്ങും നടന്നത്. ദക്ഷിണ വിയറ്റ്നാമിൽ ഡെൽറ്റാ വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പൗരോഹിത്യ സ്വീകരണവും, നിത്യവ്രതവാഗ്ദാനങ്ങളും നീട്ടി വെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയുടെ നാളുകളിലും സമര്‍പ്പിത ദൌത്യത്തിന് പൂര്‍ണ്ണമായ ഉത്തരം നല്‍കിക്കൊണ്ട് നടന്ന അഭിഷേക കര്‍മ്മങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസി സമൂഹം നോക്കി കാണുന്നത്. ആകെ 70 ലക്ഷം കത്തോലിക്കരാണ് വിയറ്റ്നാമിലുള്ളത്.
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GOiVVzDzmpvGydwvEmsEkD}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |