Content | യഹൂദമതത്തിലെ പ്രധാന തിരുനാളുകളിലൊന്നാണ് യോംകിപ്പൂർ’ അഥവാ പാപപരിഹാര ദിനം (The Day of Atonement). യോം, കിപ്പൂർ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഈ പദത്തിൻ്റെ ഉൽപത്തി "യോം " എന്നാൽ ദിവസം ”കിപ്പൂർ ” എന്നാൽ പ്രായശ്ചിത്തം എന്നുമാണർത്ഥം. യഹൂദ കലണ്ടറിലെ ഏഴാം മാസമായ (Tishrei) പത്താം ദിനം ആഘോഷിക്കുന്ന ഈ തിരുനാൾ സാബത്തുകളുടെ സാബത്ത് എന്നാണ് അറിയപ്പെടുന്നത്.
ലേവ്യരുടെ പുസ്തകം പതിനാറാം അധ്യായത്തിൽ പാപപരിഹാര ദിനത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്: "ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള നിയമമാണ്. ഏഴാംമാസം പത്താംദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലിചെയ്യ രുത്. പാപങ്ങളില്‍നിന്നെല്ലാം ശുദ്‌ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്.(ലേവ്യര്‍ 16 : 29- 30 ) ഈ വർഷം സെപ്റ്റംബർ 15, 16 തീയതികളിലായിരുന്നു യോംകിപ്പൂർ തിരുനാൾ. അനുതാപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും 25 യാമങ്ങള്‍ വിശ്വസ്തതയോടെ ചിലവഴിക്കുന്ന ഒരു യഹൂർക്കാണ് യോം കിപ്പൂര്‍ ആചരണം ഫലവത്താകുന്നത്.
മിദ്രാഷ് പാരമ്പര്യമനുസരിച്ച് മോശയ്ക്കു ദൈവം പത്തു കൽപനകളുടെ രണ്ടാം ഭാഗം നൽകിയത് യോം കിപ്പൂർ ദിനത്തിലാണ്. സ്വർണ്ണകാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിനു ഇസ്രായേൽ ജനത്തിനു ദൈവം പാപപരിഹാരം നൽകിയ ദിനം കൂടിയാണിത്. നീതിമാനായ ഒരു യഹൂദൻ എന്ന നിലയിൽ യൗസേപ്പിതാവ് ഏറ്റവും വിശുദ്ധമായി ഈ തിരുനാൾ ആഘോഷിച്ചിരിക്കണം.ഈ ദിനത്തിൽ ദൈവത്തിൽ നിന്നു പാപപരിഹാരം നേടുന്നതിനു വേണ്ടി മൂന്നു കാര്യങ്ങൾ ചെയ്യണം എന്നാണ് യഹൂദമതം അനുശാസിക്കുന്നത്.
1. പ്രാർത്ഥിക്കുക
2. പാപങ്ങളെക്കുറിച്ച് അനുതപിക്കുക
3. ദാനധർമ്മം ചെയ്യുക.
ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ ഈശോയെ വളർത്തിയ യൗസേപ്പിതാവ് തീർച്ചയായും യോം കീപ്പൂർ ദിനത്തിൻ്റെ ശ്രേഷ്ഠതയെപ്പറ്റി. ഈശോയോടു പറഞ്ഞു കൊടുത്തട്ടുണ്ടാവും. സീറോ മലബാർ കുർബാന ക്രമത്തിലെ അനുസ്മരണ ഗീതത്തിലെ "അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം" എന്ന പ്രാർത്ഥനയിലും യോം കീപ്പൂർ ദിനത്തിൻ്റെ ചൈതന്യം കാണാൻ കഴിയും. |