Content | ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ ഒരാളായ വി. പാദ്രെ പിയോയുടെ തിരുനാൾ ദിനമാണ് സെപ്റ്റംബർ 23. 1968 സെപ്തംബർ 23-ാം തിയതി 81-മത്തെ വയസ്സിലാണ് പിയോ അച്ചൻ സ്വർഗ്ഗത്തിലേക്കു യാത്രയായത്. തന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, വിശുദ്ധ യൗസേപ്പിതാവിൻ്റെ ഒരു ചിത്രം തന്റെ മുറിക്കു സമീപം സമീപം സ്ഥാപിക്കാൽ പാദ്രെ പിയോ സഹോദരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ ദിവസവും ചിത്രത്തിനു മുമ്പിലൂടെ നടക്കുമ്പോൾ കുറച്ചു സമയം യൗസേപ്പിതാവിനെ നിശബ്ദമായി നോക്കി നിൽക്കുന്നത് പിയോ പതിവാക്കിയിരുന്നതായി സഹ സന്യാസിമാർ സാക്ഷ്യപ്പെടുത്തുന്നു . നല്ല മരണത്തിനു ഒരുക്കമായി വിശുദ്ധ യൗസേപ്പിതാവിനോട് പിയോ നിശബ്ദമായി പ്രാർത്ഥിച്ചിരുന്ന സമയമായിരുന്നു ഇതെന്ന് പിന്നീടാണ് അവർക്കു മനസ്സിലായത്. (പാദ്രെ പിയോ പ്രാർത്ഥിച്ചിരുന്ന യൗസേപ്പിതാവിൻ്റെ ചിത്രമാണ് മുകളിൽ ചേർത്തിരിക്കുന്നത് ).
തന്റെ അന്ത്യം അടുത്തുവരികയാണെന്ന് അറിഞ്ഞപ്പോൾ യൗസേപ്പിതാവിനെപ്പോലെ നിശബ്ദതയിലാണ് പിയോ അച്ചൻ ഒരുങ്ങിയിരുന്നതെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാൾ സാക്ഷ്യപ്പെടുത്തുന്നു “പാദ്രെ പിയോയുടെ ജീവിതം പ്രാർത്ഥനയ്ക്കായി സമർപ്പിച്ചിരുന്നു, പീറ്റർചെനിയയിലെ കുട്ടിക്കാലത്ത് പിയോ മനപാഠമാക്കിയ കൊച്ചു പ്രാർത്ഥനകൾ ഈ സമയത്തു അദ്ദേഹം ചൊല്ലിയിരുന്നു. ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയാണ് അവൻ സെല്ലിൽ നിന്ന് മുഴങ്ങിയിരുന്നത്. അവന്റെ പ്രലോഭനങ്ങളിലും സന്തോഷങ്ങളിലും അവൻ പ്രാർത്ഥിച്ചു, ജീവിതത്തിലെ പല പ്രതിസന്ധികളിലും അവൻ പ്രാർത്ഥിച്ചു, അസുഖത്തിൽ അവൻ പ്രാർത്ഥിച്ചു. ദൈവം അവന്റെ മുഴുവൻ അസ്തിത്വവും അവന്റെ എല്ലാ പ്രവർത്തനങ്ങളും പ്രാർത്ഥനയിൽ ഉൾക്കൊള്ളാൻ അനുവദിച്ചു. ”
വിശുദ്ധ പാദ്രെ പിയോയെപ്പോലെ നല്ലമരണത്തിനായി യൗസേപ്പിതാവിനോട് പ്രാർത്ഥിച്ചൊരുങ്ങുന്ന ശീലം നമുക്കു ശീലമാക്കാം. |