Content | ആത്മീയ ജീവിതത്തിൽ വളരാൻ ആവശ്യമായ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്നേഹവും വിശുദ്ധ യൗസേപ്പിതാവിൻ്റെ പക്കൽ കടലോളമുണ്ട്. പുണ്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠം സ്നേഹമാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാമാവോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുന്നതാണ് അലൗകികമായ സ്നേഹം. ഈ സ്നേഹത്താൽ സ്വർഗ്ഗരാജ്യത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് യൗസേപ്പിതാവ്. മറിയം കഴിഞ്ഞാൽ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. അതിനാൽ ആത്മീയ പാതയിൽ ഇടർച്ച വരാതിരിക്കാൻ ആ നല്ല പിതാവിനോടു ചേർന്നു നിന്നാൽ മതി.
ദൈവത്തോടുള്ള അവൻ്റ സ്നേഹം ജ്വലിക്കുന്ന അഗ്നിപോലെയായിരുന്നു. ആ സ്നേഹത്തെ അകമഴിഞ്ഞു ആശ്രയിച്ചതിനാൽ ഏതു സംശയങ്ങളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാൻ അവനു സാധിച്ചു. വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ആദ്രതയിലും കരുതലുമുള്ള സ്നേഹത്തിലും അമ്മ ത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയതുപോലെ നമുക്കും നമ്മുടെ ആത്മീയ ജീവിതത്തിൽ യൗസേപ്പിതാവിനോടുള്ള സ്വർഗ്ഗീയ മധ്യസ്ഥതയിലും വളരാം. ദൈവത്തോടും അയൽക്കാരോടുമുള്ള ഉത്ക്കടമായ സ്നേഹം മൂലം യൗസേപ്പ് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ തീപ്പൊരി വിതറുന്നു. യൗസേപ്പിതാവേ നിന്നെപ്പോലെ ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാൻ , സ്നേഹം കൊണ്ടു മരിക്കുവാൻ എന്നെ പഠിപ്പിക്കണമേ. |