Content | ഇന്നലെ ഒക്ടോബർ രണ്ടാം തീയതി കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിച്ചിരിന്നല്ലോ.കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. യുവജന മതബോധന ഗ്രന്ഥത്തിൽ (YOUCAT) "ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു” (55) എന്നു പഠിപ്പിക്കുന്നു. ദൈവപുത്രനായ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിനു ഈശോയുടെ കാവൽ മാലാഖയുടെ ചുമതല കൂടി ഉണ്ടായിരുന്നു എന്നു വേണമെങ്കിൽ പറയാം.കാവൽ മാലാഖപോലെ ഈശോയെ അവൻ അനുയാത്ര ചെയ്തു. മരണകരമായ അപകടങ്ങളിൽ നിന്നു രക്ഷിച്ചു.
നിതാന്ത ജാഗ്രതയും അടിയുറച്ച വിശ്വസ്തതയും നിർലോഭമായ വിധേയത്വവും കാവൽ മാലാഖയുടെ ഗുണങ്ങളാണങ്കിൽ യൗസേപ്പിതാവിൽ അതു സമൃദ്ധമായി ഉണ്ടായിരുന്നു. മന്നിൽ മനുഷ്യനായി പിറന്ന ദൈവകുമാരനു സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ ഭൂമിയിലെ കാവൽ മാലാഖയായിന്നു നസറത്തിലെ യൗസേപ്പ് .നിതാന്ത ജാഗ്രതയോടെ ഈശോയുടെ തുടർച്ചയായ തിരുസഭയെയും അവൻ പരിപാലിക്കുന്നു. കാവൽ മാലാഖയുടെ ഗുണങ്ങളുള്ള യൗസേപ്പിതാവിൻ്റെ സന്നിധേ ആത്മവിശ്വാസത്തോടെ നമുക്കണയാം. |