Content | രണ്ടാം ക്രിസ്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ തിരുനാളാണ് ഒക്ടോബർ നാലാം തീയതി. അസീസിയുടെ സമാധാന പ്രാർത്ഥനയുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ഓ ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ".
വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒരു പ്രാർത്ഥനാ ഭാഗമാണിത്. ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഈശോയുടെ വളർത്തപ്പൻ.
മറ്റുള്ളവരെ ആശ്വസിപ്പിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനും ദൈവ പിതാവിൻ്റെ പ്രത്യേക കരസ്പർശനമുള്ള വ്യക്തിയായിരുന്നു യൗസേപ്പിതാവ്. സ്വപ്നത്തിലുള്ള ദൈവദൂതൻ്റെ സന്ദേശം പോലും ശ്രവിച്ച് മനസ്സിലാക്കാൻ അവനു കഴിഞ്ഞു .മറ്റുള്ളവർ തന്നെ സ്നേഹിക്കാൻ അവൻ സ്വയം നിന്നുകൊടുത്തില്ല. അവൻ്റെ ഭാര്യയും മകനും മറ്റെല്ലാവരെയുകാൾ സ്നേഹിക്കപ്പെടുന്നതിന് അവൻ ആഗ്രഹിച്ചു. തിരുസഭയെയും കുടുംബങ്ങളെയും സമൂഹങ്ങളെയും മനസ്സിലാക്കാൻ അവനു സവിശേഷമായ സിദ്ധിയുണ്ട്.
മനസ്സിലാക്കലിന്റെയും ആശ്വസിപ്പിക്കലിന്റെയും സ്നേഹിക്കലിന്റെയും ബാലപാഠങ്ങൾ യൗസേപ്പിതാവിൽ നിന്നു നമുക്കു പഠിക്കാം. |