Content | #{blue->none->b-> ഒന്നാമത്തെ പ്രാർത്ഥന }#
ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എന്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എന്റെ അമ്മേ, നിൻ്റെ കന്യാത്വത്തിന്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എന്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിന്റെ എല്ലാ ശക്തികളിൽ നിന്നും പ്രത്യേകിച്ച് പുണ്യത്തിൻ്റെ മുഖംമൂടി ധരിച്ച് അതിനു പിന്നിൽ തങ്ങളുടെ ദുഷ്ടത മറച്ചുവെക്കുന്നവരിൽ നിന്നും നിൻ്റെ ശക്തിയാൽ എന്നെ സംരക്ഷിക്കണമേ.
വേദന എൻ്റെ ആത്മാവിനെ തർക്കാതിരിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. കൃപയുടെ മാതാവേ, ദൈവീക ശക്തിയാൽ ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. ഓ മറിയമേ, ഭയാനകമായ ഒരു വാൾ നിന്റെ ആത്മാവിൽ തുളച്ചു കയറി. ദൈവത്തിനല്ലാതെ ആർക്കും നിൻ്റെ സഹനങ്ങൾ അറിയാൻ കഴിയുകയില്ല. നിന്റെ ആത്മാവ് ഒരിക്കലും തളരുകയില്ല, അതു ധൈര്യമുള്ളതാണ് കാരണം അതെപ്പോഴും ഈശോയോടൊപ്പമാണല്ലോ.
മാധുര്യമുള്ള അമ്മേ, എന്റെ ആത്മാവിനെ ഈശോയോട് ഐക്യപ്പെടുത്തണമേ. അപ്പോൾ മാത്രമാണ് എല്ലാ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും എനിക്കു അതിജീവിക്കാൻ കഴിയു. ഈശോയോടു ഐക്യപ്പെട്ടിരുന്നാലേ എൻ്റെ ചെറിയ ത്യാഗങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുകയുള്ളു. ഏറ്റവും മാധുര്യമുള്ള അമ്മേ, ആന്തരിക ജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കുന്നത് തുടരണമേ. കഷ്ടതയുടെ വാൾ ഒരിക്കലും എന്നെ തകർക്കാതിരിക്കട്ടെ. ഓ പരിശുദ്ധ കന്യകേ, എൻ്റെ ഹൃദയത്തിലേക്കു ധൈര്യം പകരുകയും അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. ആമ്മേൻ.
#{blue->none->b-> രണ്ടാമത്തെ പ്രാർത്ഥന }#
ഓ മറിയമേ, അമലോത്ഭവ കന്യകേ, എന്റെ ഹൃദയത്തിന്റെ പരിശുദ്ധമായ പളുങ്കേ, നീ എൻ്റെ ശക്തിയാണ്, സുരക്ഷിതമായ നങ്കൂരമാണ്. ദുർബലമായ ഹൃദയത്തിൻ്റെ ചരിചയും സംരക്ഷണവും നീ തന്നെ. ഓ മറിയമേ, പരിശുദ്ധയും സമാനതകളില്ലാത്തവളുമാണ് നീ. ഒരേ സമയം കന്യകയും അമ്മയും അശുദ്ധിയുടെ കണിക പോലും ഇല്ലാത്ത നീ സൂര്യനെപ്പോലെ സുന്ദരിയാണ്. നിന്റെ ആത്മാവിന്റെ പരിശുദ്ധിയുമായി താരതമ്യം ചെയ്യാൻ യോഗ്യമായ യാതൊന്നും ഇവിടെയില്ല. നിന്റെ സൗന്ദര്യം അത്യുന്നതൻ്റെ കണ്ണിൽ നിന്നെ ആകൃഷ്ടയാക്കി.
അവൻ സ്വർഗ്ഗത്തിൽ നിന്നു സ്വർഗ്ഗസിംഹാസനം ഉപേക്ഷിച്ച് ഭൂമിയിൽ ഇറങ്ങി വന്നു. നിൻ്റെ ഹൃദയത്തിൽ നിന്നു ശരീര രക്തങ്ങൾ സ്വീകരിച്ചു. ഒൻപതു മാസം കന്യകയായ നിൻ്റെ ഹൃദയത്തിൽ മറഞ്ഞിരുന്നു. ഓ അമ്മേ, കന്യകയേ, അനശ്വരനായ ദൈവം മനുഷ്യനായിതീർന്നു. ഈ രഹസ്യം ആർക്കും ഉൾകൊള്ളാൻ കഴിയുകയില്ല. ഇത് സ്നേഹവും അവൻ്റെ അദൃശ്യമായ കരുണയുടെ നിയോഗവും മാത്രമാണ്.
അമ്മേ, നിന്നിലൂടെ - അവനോടൊപ്പം എന്നേക്കും ജീവിക്കാൻ ഞങ്ങൾക്കു അവസരം ലഭിച്ചിരിക്കുന്നു. ഓ മറിയമേ, കന്യകയായ അമ്മേ, സ്വർഗ്ഗത്തിൻ്റെ കവാടമേ, നിന്നിലൂടെ രക്ഷ ഞങ്ങളിലേക്കു വന്നു.
നിൻ്റെ കൈകളിലൂടെ കൃപയുടെ അരുവികൾ ഞങ്ങളിലേക്ക് ഒഴുകുന്നു. നിന്നെ വിശ്വസ്തയോടെ അനുകരിക്കുന്നത് മാത്രമേ എന്നെ വിശുദ്ധികരിക്കു. ഓ കന്യകയായ അമ്മേ, ഏറ്റവും മനോഹരിയായി ലില്ലി പുഷ്പമേ, നിൻ്റെ ഹൃദയമായിരുന്നു ഈശോയ്ക്കു വേണ്ടിയുള്ള ഈ ഭൂമിയിലെ ആദ്യത്തെ സക്രാരി. മാലാഖ വൃന്ദങ്ങളെക്കാളും വിശുദ്ധരെക്കാലും നിന്നെ ഉയർത്തിയ നിൻ്റെ എളിമ ഏറ്റവും ആഴമുള്ളതാണ്.
ഓ മറിയമേ, എന്റെ മാധുര്യമുള്ള അമ്മേ, നിനക്കു ഞാൻ എൻ്റെ പാവപ്പെട്ട ആത്മാവും ശരീരവും ഹൃദയവും നൽകുന്നു. നീ എൻ്റെ ജീവിതത്തിന്റെ , പ്രത്യേകിച്ച് എന്റെ മരണ നേരത്ത്, എന്റെ അവസാന പോരാട്ടത്തിൽ സംരക്ഷകയാകണമേ. ആമ്മേൻ.
(നോട്ടുബുക്ക് 161).
സ്വതന്ത്ര വിവർത്തനം: ഫാ. ജയ്സൺ കുന്നേൽ |