category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ജീവൻ' സിനിമകളിൽ: കത്തോലിക്ക സഭയ്ക്ക് പറയാനുള്ളതെന്താണ്?
Content2021 ജൂലൈയിൽ റിലീസ് ആയ രണ്ട് ചലച്ചിത്രങ്ങളാണ് സാറാസ് എന്ന മലയാളം സിനിമയും, മിമി എന്ന ഹിന്ദി സിനിമയും. ആ സിനിമകൾക്ക് ചില സാമ്യങ്ങളുണ്ട്. രണ്ടു സിനിമകളുടെയും പ്രതിപാദ്യ വിഷയം ഗർഭച്ഛിദ്രമായിരുന്നു. രണ്ടു സിനിമകളുടെയും പേര് അതിലെ നായികമാരുടേതാണ്. രണ്ടു നായികമാരും ഒരുപാട് സ്വപ്നങ്ങളുള്ളവരും, സിനിമാ മേഖലയിൽ സജീവമാകാൻ ആഗ്രഹിക്കുന്നവരുമാണ്. എന്നാൽ, ഒരു മനുഷ്യജീവൻ എത്രമാത്രം വിലകൽപ്പിക്കപ്പെടണം എന്നുള്ള ചോദ്യത്തിനുള്ള വ്യത്യസ്തമായ രണ്ട് ഉത്തരങ്ങളാണ് രണ്ടു സിനിമകളും കാഴ്ചക്കാർക്ക് നൽകിയത്. ഒരു സിനിമയിലെ നായികാ കഥാപാത്രം ഉദരത്തിലെ സ്വന്തം കുഞ്ഞിൻറെ ജീവനേക്കാൾ തൻറെ തൊഴിലിനെയും സ്വപ്നങ്ങളെയും വിലമതിച്ചപ്പോൾ, രണ്ടാമത്തെ സിനിമയായ 'മിമി'യിലെ കേന്ദ്ര കഥാപാത്രം, തന്റെ ഉദരത്തിലെങ്കിലും തന്റേതല്ലാത്ത കുഞ്ഞിന്റെ ജീവനുവേണ്ടി എല്ലാ സ്വപ്നങ്ങളെയും ത്യജിക്കുകയാണ്. 2011 ൽ റിലീസ് ആയ ഒരു മറാത്തി സിനിമയുടെ റീമേയ്ക്ക്കൂടിയാണ് മിമി. മുൻകാലങ്ങളെക്കാൾ അധികമായി ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള തർക്കങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ 'മിമി'പോലൊരു ഇന്ത്യൻ സിനിമ നിർമ്മിക്കപ്പെടുകയും ഈ സമൂഹം അതിനെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരിക്കുന്നത് ആശ്വാസപ്രദമായ കാര്യമാണ്. 20 ലക്ഷം രൂപ പ്രതിഫലം പ്രതീക്ഷിച്ച് വാടക ഗർഭധാരണത്തിന് (Surrogacy) തയ്യാറാവുന്ന ഒരു പെൺകുട്ടിയാണ് മിമി. അതുപ്രകാരം സ്വന്തം കുടുംബാംഗങ്ങൾ പോലുമറിയാതെ അവൾ ഒമ്പത് മാസത്തേക്കുള്ള കരാറിൽ ഒപ്പിടുകയും ചെയ്യുന്നു. എന്നാൽ, ഗർഭസ്ഥ ശിശുവിന് ചില തകരാറുകളുണ്ടെന്ന സ്കാനിംഗിലെ കണ്ടെത്തലിൽ തകർന്നുപോകുന്ന അമേരിക്കക്കാരായ മാതാപിതാക്കൾ കരാറിൽനിന്ന് പിന്മാറുകയും, കുട്ടിയെ നശിപ്പിക്കാൻ മിമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കേണ്ടിവരികയും തന്റെ ഭാവിയും സ്വപ്നങ്ങളും തകർന്നടിയുകയും ചെയ്യും എന്ന് മനസ്സിലാക്കിയിട്ടും തൻറെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാൻ അവൾ തയ്യാറാകുന്നില്ല. ആ കുഞ്ഞിനുവേണ്ടി ജീവിക്കാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ, ഗർഭസ്ഥകാലം പൂർത്തിയാക്കി കുഞ്ഞ് ജനിക്കുമ്പോൾ അവന് തകരാറുകളൊന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് കഥ. അതിന്റെ തുടർച്ചയായി നാടകീയമായ സംഭവ വികാസങ്ങളിലേക്കും വൈകാരിക മുഹൂർത്തങ്ങളിലേക്കും സിനിമ മുന്നേറുകയും ചെയ്യുന്നു. പക്ഷെ, ഒറ്റവാക്കിൽ പറഞ്ഞാൽ, ലോകം അവസാനിക്കുമെന്ന് വന്നാൽപ്പോലും, ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ തയ്യാറാകാത്ത ഒരു 'വാടക' മാതാവിന്റെ കഥയാണ് മിമി. ഏത് കഠിന ഹൃദയനെയും അൽപ്പമൊന്നുലയ്ക്കാൻ കഴിയുന്ന ശക്തമായ ഒരു പ്രോലൈഫ് സന്ദേശമാണ് ആ സിനിമ ലോകത്തിന് നൽകുന്നത്. കേരളത്തിൽ സമ്മിശ്ര പ്രതികരണം ലഭിക്കുകയും കുറെയേറെ വിമർശനങ്ങൾക്കും, അതേസമയം ചില പുരോഗമനവാദികളുടെ പ്രശംസയ്ക്കും പാത്രമാവുകയും ചെയ്ത സിനിമയാണ് 'സാറാസ്'. വിവാഹശേഷം അപ്രതീക്ഷിതമായി ഗർഭിണിയായ സാറ തന്റെ മനസികാവസ്ഥയേയും തൊഴിലിലെ പുരോഗതിയെയും പ്രതി വളരെ 'സ്വാഭാവികതയോടെ' കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിക്കുന്നതാണ് സാറാസിന്റെ ഇതിവൃത്തം. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അവൾക്കുണ്ടെന്നും, അതാണ് പുരോഗമന ചിന്തയെന്നും ചലച്ചിത്രത്തിൽ സ്ഥാപിക്കപ്പെടുന്നു. ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20 ൽ നിന്ന് 24 ആഴ്ചയായി ഉയർത്താനുള്ള വ്യവസ്ഥ കൂട്ടിച്ചേർത്തുകൊണ്ട് 1971 ലെ ഗർഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യാനുള്ള 2021 മാർച്ച് മാസത്തിലെ ലോക്സഭാ തീരുമാനത്തെ തുടർന്ന് അനുകൂലവും പ്രതികൂലവുമായ ചർച്ചകൾ നമുക്കിടയിൽ നടക്കുകയുണ്ടായിരുന്നു. പിന്നീട് 'ഇനി വിട്ടുവീഴ്ച വേണ്ട' എന്ന ഹാഷ്ടാഗോടുകൂടി ഭ്രൂണഹത്യയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിൻറെ പരസ്യം സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുകയുമുണ്ടായി. തുടർന്നിങ്ങോട്ട്, ഗർഭഛിദ്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണ് എന്ന പരസ്യ നിലപാട് പലരും പ്രകടിപ്പിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ജീവന് താരതമ്യേന കുറഞ്ഞ പരിഗണനയേ നൽകേണ്ടതുള്ളൂ എന്ന് വാദിക്കുകയും ചെയ്തു പോരുന്നു. അത്തരം നിലപാടുകളുടെ കുത്തൊഴുക്കാണ് സാറാസ് എന്ന സിനിമയുടെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലടക്കം സംഭവിച്ചത്. ഏറ്റവുമൊടുവിൽ, 2021 സെപ്റ്റംബർ 24ന് എംടിപി നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതായും നാം കണ്ടു. ഈ കാലഘട്ടത്തിന്റെ മാറിയ കാഴ്ചപ്പാടുകളും, ഉപഭോക്തൃ സംസ്കാരത്തിന്റെ കടന്നുകയറ്റവും, സ്വാർത്ഥ ചിന്തകളുടെ അതിപ്രസരവും, കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഈ സമൂഹത്തിൻറെ നിലപാട് മാറ്റങ്ങളും തുടങ്ങി ഒട്ടേറെസ്വാധീനങ്ങളാണ് നമുക്കിടയിൽ അനേകരെ കുഞ്ഞുങ്ങളുടെ ജീവനും അവരുടെ ജീവിതത്തിനും എതിരായി സംസാരിക്കാനും നിലപാടുകൾ സ്വീകരിക്കാനും പ്രേരിപ്പിക്കുന്നത്. സിനിമ ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെ സ്വാധീനം പ്രധാനമാണ്. 'സാറാസ്' എന്ന ചിത്രത്തിൽ, നായികയായ കഥാപാത്രം സൽഗുണസമ്പന്നയായ ഒരു വ്യക്തിത്വമല്ല. സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി ആരെയും വേദനിപ്പിക്കാൻ മടിയില്ലാത്തവളും, സ്വാർത്ഥമതിയുമായാണ് അവൾ അവതരിപ്പിക്കപ്പെടുന്നത്. എന്നിട്ടും, ഗർഭച്ഛിദ്രം നടത്താൻ അവളെടുക്കുന്ന തീരുമാനത്തേയും കഥാന്ത്യത്തിൽ അവൾ നേടുന്ന വിജയത്തേയും കാഴ്ചക്കാർ കയ്യടിയോടെസ്വീകരിക്കും വിധത്തിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അവളുടെ നിലപാടുകൾ മാതൃകാപരമാണ് എന്ന രീതിയിലാണ് നിരൂപകരിലേയും പൊതുസമൂഹത്തിലേയും മോശമല്ലാത്ത ഒരു വിഭാഗം സ്വീകരിച്ചത്. അത് തുടർന്ന് വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു. കാലം മാറിവരുമ്പോൾ മാറ്റാൻ കഴിയുന്നതാണോ ജീവന്റെ മൂല്യം എന്ന ചോദ്യം അവശേഷിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പറയുന്നു: 'മനഃപൂർവ്വം നടത്തുന്ന ഗർഭച്ഛിദ്രം ധാർമ്മിക തിന്മയാണെന്ന് സഭ ആദ്യ നൂറ്റാണ്ടുമുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിന് മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭച്ഛിദ്രം, അതായത് ലക്ഷ്യമായോ മാർഗ്ഗമായോ ഗർഭച്ഛിദ്രം, ഗൗരവപൂർണ്ണമാം വിധം ധാർമ്മിക നിയമത്തിനെതിരാണ്.'(CCC 2271) ജീവിച്ചിരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ തന്നെ അവകാശങ്ങളുള്ള ഒരു പൂർണ്ണ വ്യക്തിയായാണ് ഗർഭസ്ഥ ശിശുവിനെ കത്തോലിക്കാ സഭ കാണുന്നത്. അത് കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളുടെ തുടർച്ചയല്ല, ജാതി മത വർഗ്ഗ ഭേദമന്യേ ഈ ലോകത്തിൽ നിലനിൽക്കുന്ന അലംഘനീയമായ ധാർമ്മിക നിയമങ്ങളുടെ ഭാഗമായ നിലപാടാണ്. ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറയുന്നു: 'ഗർഭച്ഛിദ്രം അതിൽത്തന്നെ ഒരു തിന്മയാണ്. അതൊരു മതപരമായ തിന്മയല്ല, മനുഷ്യത്വപരമായ തിന്മയാണ്. അത്തരം തിന്മകളിൽ എല്ലാ കൊലപാതകങ്ങളെയും പോലെ തീർച്ചയായും അതും ശിക്ഷാർഹമാണ്.' മിമി എന്ന സിനിമയിൽ, തന്നോട് ഗർഭച്ഛിദ്രം ചെയ്യാൻ ഉപദേശിക്കുന്ന ഡോക്ടറോട് മിമി ചോദിക്കുന്നു: 'എൻറെ ഉദരത്തിലുള്ള കുഞ്ഞിന് ജീവനുള്ളതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് വളരുന്നു, ശ്വസിക്കുന്നു, ആഹാരം സ്വീകരിക്കുന്നു, ചലിക്കുന്നു. അതിന് കേൾക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നു. ജനനശേഷം ഒരു കുഞ്ഞിനെ കൊല്ലുന്നത് കുറ്റമാണ്. എന്നാൽ, ഗർഭപാത്രത്തിലുള്ളപ്പോൾ അങ്ങനെയല്ല. അതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിനെ ഒരു മനുഷ്യക്കുഞ്ഞായി സ്വീകരിക്കാൻ പലർക്കും കഴിയാത്തത്? ആയിരിക്കുന്ന ഇടങ്ങൾക്കതീതമായി കുഞ്ഞ് എല്ലായ്പ്പോഴും കുഞ്ഞ് തന്നെയല്ലേ?' ഈ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ ഡോക്ടർ അവളെ തലോടുന്നു. മനുഷ്യനായി പിറന്ന ഒരാൾക്കും തള്ളിക്കളയാൻ കഴിയാത്ത വാക്കുകളാണ് നായികയുടെ നാവുകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് മിമിയുടെ സൃഷ്ടാക്കൾ നിക്ഷേപിക്കുന്നത്. സുഖത്തിനും സൗകര്യങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന ഒരു ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ നന്മയുടെ അടയാളങ്ങൾ ആയിക്കൊള്ളണമെന്നില്ല. മാറ്റമില്ലാത്ത മൂല്യങ്ങളെ തള്ളിപ്പറഞ്ഞ് നേടുന്ന സുഖവും സൗകര്യങ്ങളും ശാശ്വത നിലനിൽപ്പുള്ളതോ, സമാധാനം നൽകുന്നവയോ ആയിരിക്കില്ല എന്നുള്ള പാഠം ഒട്ടേറെ അനുഭവങ്ങളിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിൽനിന്നുള്ള നവീനമായ ആശയങ്ങൾ എന്ന ധാരണയിൽ ആൾക്കൂട്ടങ്ങൾക്കൊപ്പം ചേരുമ്പോൾ, കൈവിട്ടുപോകുന്ന മൂല്യങ്ങളും അവ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന നായിക തന്റെ ഉറച്ച തീരുമാനപ്രകാരം ഗർഭച്ഛിദ്രം വേണ്ടെന്നുവയ്ക്കുകയും ഗർഭകാലം പൂർത്തിയായപ്പോൾ യാതൊരു വൈകല്യങ്ങളുമില്ലാത്ത കോമളനായ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു. ഗർഭവസ്ഥയിലുള്ള പരിശോധനാഫലങ്ങളിൽ തെറ്റുകൾ കടന്നുകൂടാം എന്നതാണ് മറ്റൊരു ഡോക്ടർ വിശദീകരിക്കുന്നത്. വാസ്തവമാണത്. ഏറ്റവുമധികം ഭ്രൂണഹത്യകൾ നമുക്കിടയിൽ നടക്കുന്നതിന് കാരണമാകുന്നത് ഗർഭവസ്ഥയിലുള്ളപ്പോൾ കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടെന്നുള്ള റിപ്പോർട്ടുകളാണ്. എന്നാൽ, ആ സാഹചര്യത്തിലും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായിട്ടുള്ള മാതാപിതാക്കളിൽ കുറെയേറെ പേർക്ക് യാതൊരു വൈകല്യങ്ങളുമില്ലാത്ത കുഞ്ഞിനെ ലഭിച്ച അനുഭവങ്ങളുണ്ട്. വൈകല്യങ്ങൾക്കുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും, ഗർഭച്ഛിദ്രത്തെ അതിനുള്ള പരിഹാരമായി കാണുന്ന രീതി എത്രമാത്രം മനുഷ്യത്വ രഹിതമാണെന്ന് നാം തിരിച്ചറിയണം. ന്യായമെന്ന് ഈ സമൂഹം നിരുപാധികം കരുതുന്ന ചില കാരണങ്ങൾ മുതൽ, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അബദ്ധങ്ങളുടെയും പേരിൽ പോലും ഗർഭച്ഛിദ്രത്തെ അനുവദനീയമായി കരുതുന്നവരോട് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ്: 'മനുഷ്യജീവൻ ഗർഭധാരണത്തിൻറെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപെട്ടതാണ്.' (CCC 2270) അമേരിക്കയിൽ വച്ച് ഒരു പ്രസംഗത്തിൽ വി. മദർതെരേസ ഇപ്രകാരം പറയുകയുണ്ടായി: 'അമ്മയുടെ ഉദരത്തിലിരിക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ ശിശുവിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു രാജ്യത്തിന് വികസിതരാജ്യമെന്ന പേരിന് അവകാശമില്ല'. ഇന്നത്തെ ലോകത്തിൽ മദറിന്റെ വാക്കുകൾ നാം ഉറക്കെ പ്രഘോഷിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് നാം കടന്നുവരുന്നതെങ്കിൽ പരിഷ്കൃത സമൂഹമെന്ന് നാം അറിയപ്പെടുകയില്ല. അങ്ങനെയെങ്കിൽ, ഒരു പ്രാകൃത സംസ്കാരത്തിലേക്ക് നാം തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ, ഇത്തരം പ്രകൃതവും മനുഷ്യത്വരഹിതവുമായ കൃത്യങ്ങളെ മഹത്വവൽക്കരിക്കുന്ന പ്രവണതകളെ തള്ളിപ്പറയാനും സമൂഹം തയ്യാറാകണം. (ലേഖകനായ ഫാ. പോൾസൺ സിമേതി കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയാണ്. കെസിബിസി ജാഗ്രത ന്യൂസ് ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-11 19:41:00
Keywordsസാറാ
Created Date2021-10-11 19:42:19