category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്ക് സഭയുടെ പ്രത്യുത്തരം"; സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു.
Contentമാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ നിലവിലിരുന്ന "യോഗം" എന്ന്‍ വിളിക്കപ്പെടുന്ന പുരാതന സഭാ സംവിധാനത്തിന്‍റെ പുനരുദ്ധരിച്ചതും നവീകൃതവുമായ രൂപമാണ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി. സാധാരണയായി മേജര്‍ ആര്‍ച്ച് ബിഷപ്പ് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അസംബ്ലി വിളിച്ചു കൂട്ടുകയും, സഭാശുശ്രൂഷകളുടെയും, സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത്, കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുന്നു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കി ആനുകാലിക ലോകത്തില്‍ കൂടുതല്‍ ക്രിയാത്മകമായി വര്‍ത്തിക്കുന്നതിന് ഉപകരിക്കുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ്‌ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന അടുത്ത അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്നു. ഇത്തവണത്തെ അസംബ്ലി, മൗണ്ട് സെന്‍റ് തോമസിന് പുറത്ത്, ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടിയില്‍ വെച്ച് നടത്തുന്നു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ മൂന്ന്‍ ആനുകാലിക പ്രസക്തമായ വിഷയങ്ങള്‍ ഇന്നിന്‍റെ വെല്ലുവിളികള്‍‍ക്കുള്ള സഭയുടെ പ്രത്യുത്തരമെന്ന നിലയില്‍ 2015 ഓഗസ്റ്റില്‍ ചേര്‍ന്ന മെത്രാന്‍ സിനഡ് തിരഞ്ഞെടുത്തു. ഇതിനെ ആസ്പദമാക്കി 110 പേജുകള്‍ വരുന്ന മാര്‍ഗരേഖ (Lineamenta) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന്‍ വിഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്ന ഈ മാര്‍ഗരേഖ സഭാത്മക ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളുടെ സമ്പൂര്‍ണ്ണമായ അവതരണമോ നവീകരണമോ ഉള്‍ക്കൊള്ളുന്നില്ലെങ്കിലും അവ അസംബ്ലിയിലെ ചര്‍ച്ചകള്‍ക്ക് ദിശാബോധം നല്‍കുവാന്‍ പര്യാപ്തമാണെന്നതില്‍ സംശയമില്ല. അപ്രകാരം സഭയില്‍ പൊതുവായും, അസംബ്ലിയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് പ്രത്യേകമായും ആശയങ്ങളുടെയും, അനുഭവങ്ങളുടെയും, ആദ്ധ്യാത്മികദാനങ്ങളുടെയും പരസ്പരം പങ്കുവയ്ക്കലിന് ജനം വഴി തെളിക്കും. "ജീവിതത്തിലെ ലാളിത്യം" എന്നതാണ് വിഷയങ്ങളില്‍ ഒന്നാമതായി ഈ മാര്‍ഗരേഖയില്‍ വിശകലനം ചെയ്യുന്നത്. ക്രിസ്തു ശിഷ്യരുടെ കൂട്ടായ്മയെന്ന നിലയില്‍ ക്രൈസ്തവ സഭ, നസ്രത്തിലെ ഈശോയുടെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് നിരന്തരമായി ലളിതജീവിത ശൈലിയിലേയ്ക്ക് തിരിയണം. ആധുനിക കാലഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പ സുവിശേഷ മൂല്യങ്ങളുടെ ഉള്‍ക്കാമ്പിനെക്കുറിച്ചുള്ള ചിന്തകള്‍ തമ്മില്‍ ഉണര്‍ത്തിക്കൊണ്ട് ലാളിത്യത്തിന്‍റെ ആള്‍രൂപമായിത്തീര്‍ന്നിരിക്കുന്നു. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും "മതി" എന്നു പറയാനുള്ള ആത്മീയ കരുത്താണ് ലാളിത്യം. എന്നിരുന്നാലും ലാളിത്യമെന്നത് ആത്മീയ പിശുക്ക് അല്ല! മറിച്ച് ഭൗതിക വസ്തുക്കളുടെ നീതിപൂര്‍വ്വകവും മിതവുമായ ഉപയോഗത്തിനും, ആവശ്യക്കാരുമായുള്ള ഔദാര്യപൂര്‍ണ്ണമായ പങ്കുവയ്ക്കലിനും അത് ഒരുവനെ നിര്‍ബന്ധിക്കുന്നു. ആത്യന്തികമായി, എല്ലാം സൃഷ്ടിച്ചവനും എല്ലാറ്റിന്‍റെയും ഉടയവനുമായ ദൈവത്തോടുള്ള ആനന്ദപൂര്‍ണ്ണമായ അടുപ്പം വഴിയാണ് ലളിത ജീവിതം വളര്‍ത്തേണ്ടതും നിലനിര്‍ത്തേണ്ടതുമെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാണിക്കുന്നു. ഈശോ അഭിലഷിക്കുന്നതു പോലെയും ഒപ്പം കാലികലോകം ആഗ്രഹിക്കുന്നതു പോലെയും, ക്രിസ്ത്യാനികള്‍ തങ്ങളുടെ മനോഭാവത്തിലും പ്രവര്‍ത്തനശൈലികളിലും, സഭയുടെ ഘടനകളിലും കൂടുതല്‍ ലാളിത്യം പുലര്‍ത്തണം. സമൃദ്ധിയുടെ സംസ്ക്കാരത്തില്‍, ഈശോയുടെ ജീവിതത്തിലെ ലാളിത്യമെന്ന നന്മയെക്കുറിച്ച് ധ്യാനിക്കുവാന്‍, അതിന്‍റെ വെളിച്ചത്തില്‍ തന്‍റെ യഥാര്‍ത്ഥ ജീവിതത്തിന്‍റെ വഴികളെ വിലയിരുത്തുവാന്‍ ഒരുവന് അസാമാന്യമായ ആത്മാര്‍ത്ഥതയും ധീരതയും ആവശ്യമാണ്‌. ഉപഭോഗവാദം, വ്യക്തിവാദം എന്നിവയില്‍ സ്വാധീനിക്കപ്പെട്ട ഈ ലോകത്തില്‍, "ജീവിതത്തിലെ ലാളിത്യം" എന്ന തലക്കെട്ടോടു കൂടിയ ഒന്നാം ഭാഗം നമ്മെ ആത്മവിചിന്തനത്തിലേയ്ക്കും നവീകരണത്തിലേയ്ക്കും നയിക്കുന്നു. "കുടുംബത്തിലെ സാക്ഷ്യം" എന്ന വിഷയമാണ് മാര്‍ഗരേഖയുടെ രണ്ടാം വിഭാഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിശുദ്ധ ഗ്രന്ഥം, സഭാ പാരമ്പര്യങ്ങള്‍, സഭാ പ്രബോധനങ്ങള്‍ എന്നിവയ്ക്കാണ് ഈ മാര്‍ഗരേഖയിലെ കുടുംബത്തെക്കുറിച്ചുള്ള പ്രഥമ ഭാഗം ഊന്നല്‍ കൊടുക്കുന്നത്. ത്രിത്വൈക സ്നേഹം മൂര്‍ത്തവത്ക്കരിക്കുന്നുവെന്ന രീതിയില്‍ ദൈവശാസ്ത്ര യാഥാര്‍ത്ഥ്യമായും ഗാര്‍ഹിക സഭ എന്ന രീതിയില്‍ സഭാ യാഥാര്‍ഥൃ‍മായും കുടുംബത്തെ വിലയിരുത്തുവാന്‍ ആദ്യഭാഗം നമ്മെ ക്ഷണിക്കുന്നു. സമകാലിക കുടുംബങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെ തിരിച്ചറിയുന്നതിനുള്ള പരിശ്രമമാണ് ഇതിന്‍റെ രണ്ടാംഭാഗത്തുള്ളത്. ആധുനിക കാലഘട്ടത്തില്‍ കുടുംബജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് മൂന്നാം ഭാഗം മുന്നോട്ടു വയ്ക്കുന്നത്. സമകാലിക കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തിരിച്ചറിയുവാനും, നമ്മുടെ കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കി രൂപാന്തരപ്പെടുത്തുവാനുമുള്ള പ്രായോഗിക മാനങ്ങള്‍ കണ്ടെത്തുവാനും, ഈ മാര്‍ഗരേഖയെ ചുവടു പിടിച്ചുള്ള ചര്‍ച്ച ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. "പ്രവാസികളുടെ ദൗത്യം" എന്നതാണ് മൂന്നാമതായി ഈ മാര്‍ഗരേഖയില്‍ ചര്‍ച്ച ചെയ്യുന്നത്. സീറോ മലബാര്‍ വിശ്വാസികളുടെ പ്രേഷിതപ്രവര്‍ത്തനവും ഭാരതത്തിന്‍റെയും, ലോകത്തിന്‍റെ തന്നെയും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള കുടിയേറ്റവും മൂലം, സഭയ്ക്ക് ആഗോളമാനം കൈവന്നിരുന്നു. തത്വത്തില്‍, മിഷന്‍ പ്രവര്‍ത്തനവും, കുടിയേറ്റവും ഓരോ നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലെയാണ്. വിശ്വാസത്തിന്‍റെയും, പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും, കുടുംബങ്ങളുടെ പവിത്രതയിലും സഭയിലെ വിശ്വാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കുവാന്‍, ലോകത്തിന്‍റെ എല്ലാ ഇടങ്ങളിലും മെച്ചപ്പെട്ട അജപാലന ശുശ്രൂഷ നല്‍കുവാന്‍ സീറോ മലബാര്‍ സഭ നിര്‍ബന്ധിക്കപ്പെടുന്നു. സഭയുടെ ആത്മവിചിന്തനത്തിനും, വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍ എന്നീ തലങ്ങളിലുള്ള നവീകര‍ണത്തിനുമായി ഒരുക്കുന്ന അമൂല്യ അവസരമാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി. ഇന്നിന്‍റെ വെല്ലുവിളികള്‍ക്കുള്ള സഭയുടെ പ്രത്യുത്തരം, വിശിഷ്യാ അനുദിന ജീവിതത്തിലെ ലാളിത്യം, നമ്മുടെ കുടുംബങ്ങളിലെ ക്രിസ്തീയ സാക്ഷ്യം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സീറോ മലബാര്‍ പ്രവാസികളുടെ ദൗത്യം എന്നിവ പ്രതിപാദിക്കുന്ന ഈ മാര്‍ഗരേഖയുടെ ശ്രദ്ധാപൂര്‍വമായ പഠനവും തുറന്ന ചര്‍ച്ചകളും ഇപ്പോള്‍ രൂപതകളിലും സഭാസംവിധാനത്തിലെ വിവിധ തലങ്ങളിലും നടന്നു വരുന്നു. (ലേഖകനായ സാബു ജോസ് കെ.സി.ബി.സി പ്രൊലൈഫ് സമിതിയുടെ ജനറല്‍ സെക്രട്ടറിയും, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ മാനേജിംഗ് കൗണ്‍സില്‍ അംഗവും മുന്‍ ജോയിന്‍റ് സെക്രട്ടറിയും സീറോ മലബാര്‍ സഭയുടെ പൊതുകാര്യ കമ്മീഷന്‍ അംഗവും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ എറണാകുളം അതിരൂപതാ സമിതി കണ്‍വീനറും ആണ്).
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-22 00:00:00
Keywords
Created Date2016-06-22 13:41:48