Content | ജക്കാർത്ത: ആഗോളതലത്തില്‍ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായി കണക്കാക്കപ്പെടുന്ന ഇന്തോനേഷ്യയില്‍ ക്രിസ്തു വിശ്വാസത്തെ സധൈര്യം പ്രഘോഷിക്കുവാന്‍ തിരുപ്പട്ടം സ്വീകരിച്ച് എട്ടു നവവൈദികര്‍. പാപ്പുവ പ്രവിശ്യയിലെ ടിമിക രൂപതയിലാണ് രണ്ടു ദിവസങ്ങളായി വൈദികരുടെയും ഡീക്കൻമാരുടെയും പട്ടസ്വീകരണം നടന്നത്. ബന്ദൂങ്ങിലെ (പശ്ചിമ ജാവ) ബിഷപ്പ് അന്റോണിയസ് സുബിയാന്റോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്തോനേഷ്യന്‍ സുരക്ഷസേനയും പാപ്പുവ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്മെന്‍റും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ മേഖലയാണിത്.
ഫാ.ഫ്രാൻസിസ്‌കസ് സോണ്ടെഗൗ, ഫാ.ജോസഫ് ബുനൈ, ഫാ.യെസ്‌കിയേൽ ബെലാവു, ഫാ.സിൽവസ്റ്റർ ബോബി, ഫാ.സിൽവസ്റ്റർ ഡോഗോമോ, ഫാ.വിൻസെന്റിയസ് ബുഡി നഹിബ, ഫാ.ഫെബ്രോണിയസ് ആഞ്ചലോ, ഫാ.പൗലോസ് ലിയോ പാറ്റി യെരൂവുയാൻ, ഫാ.റീക്കി ഐകാർ ഐ എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇമ്മാനുവൽ റിച്ചാർഡസ് ബുവാങ്‌ലെല, റിക്കി ഇക്കറോൾ യൂയാനൻ എന്നിവര്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു.
ഇന്തോനേഷ്യയിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനും പ്രാദേശിക സഭയ്ക്കും തിരുപ്പട്ട സ്വീകരണം ഏറെ ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്. മധ്യ പാപ്പുവ മുതൽ ഗ്രേറ്റ് ദ്വീപിന്റെ വടക്ക് വരെ തെക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശം ഉള്‍ക്കൊള്ളുന്നതാണ് ടിമിക രൂപത. 1.2 ദശലക്ഷം ജനസംഖ്യയിൽ 114,680 കത്തോലിക്ക വിശ്വാസികളാണുള്ളത്.
|