Content | സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ കണ്ട ഒരു നാലു വരി ചിന്താശലകമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
അഭിനയങ്ങളില്ലാതെ ജീവിക്കുക
ആശ്രയിക്കാതെ സ്നേഹിക്കുക
ന്യായീകരിക്കാതെ കേൾക്കുക
മുറിപ്പെടുത്താതെ സംസാരിക്കുക.
ഈ നാലു വരികളിൽ യൗസേപ്പിതാവിന്റെ ചൈതന്യം ഒളിഞ്ഞു കിടപ്പുണ്ട്. യൗസേപ്പിതാവിന്റെ ജീവിതത്തിൽ അഭിനയം ഇല്ലാതിരുന്നു. അഭിനയം അഭിനേതാവിൻ്റെ കലയാണ്. മനുഷ്യവതാര രഹസ്യം സജീവനായ ദൈവത്തിൻ്റെ മനുഷ്യ രക്ഷാ പദ്ധതി ആയിരുന്നതിനാൽ നാട്യങ്ങളോ ചമയങ്ങളോ അതിനാവശ്യമില്ലായിരുന്നു. ജീവിതം നൽകി യൗസേപ്പിതാവ് സഹകരിക്കുക മാത്രമാണ് ചെയ്തത്. മറ്റു മനുഷ്യരെ ആശ്രയിച്ചു സ്വയം വളരുന്നതിനെക്കാൾ അവരെ സ്നേഹിക്കുകയായിരുന്നു അവന്റെ ജീവപ്രമാണം. നിശബ്ദനായ യൗസേപ്പിതാവ് ഒരിക്കലും ഒരു ന്യായീകരണ തൊഴിലാളിയായി സ്വയം മാറിയില്ല.
നീതിമാനായ അവൻ വാക്കുകൾകൊണ്ട് ആരെയും മുറിപ്പെടുത്തുകയോ ഇകഴ്ത്തികെട്ടുകയോ ചെയ്തില്ല. സാധാരണക്കാരായ മനുഷ്യർക്കു അനുകരിക്കാൻ സാധിക്കുന്ന യൗസേപ്പിതാവ് ഇന്നേ ദിനം നമ്മെ സഹായിക്കട്ടെ.
|