Content | കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ പലപ്പോഴായി ഉയർന്നുവരികയും ചൂടേറിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാർ ഡാം. കൂടുതൽ ശക്തമായ രീതിയിൽ ഈ ദിവസങ്ങളിൽ വീണ്ടും ഒരിക്കൽക്കൂടി ഈ വിഷയം സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. ഒരു ചാരിറ്റബിൾ ട്രസ്റ്റും ഒരു വ്യക്തിയും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഏറ്റവും ഒടുവിൽ സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പതിവായി പുലർത്തിവരുന്ന നിഷ്ക്രിയത്വമാണ് കേരളസമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
126 വർഷം പഴക്കമുള്ളതും നിരവധി റിപ്പോർട്ടുകൾ പ്രകാരം അപകടകരമായ സാഹചര്യത്തിൽ നിലനിൽക്കുന്നതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട് എന്ന് കഴിഞ്ഞ ദിവസവും ബഹു. മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ നാൽപ്പത് വർഷമായി തുടരുന്ന മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച തർക്കങ്ങളിലും വ്യവഹാരങ്ങളിലും ഇന്നോളവും ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ കേരളസർക്കാരിന് കഴിഞ്ഞിട്ടില്ല. പൂർണ്ണമായും കേരളത്തിന്റെ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് കരാർ പ്രകാരം അന്യസംസ്ഥാനത്തിന് ഉപയോഗിക്കാൻ വിട്ടു നൽകിയിരിക്കുന്നു എങ്കിലും, കേരളത്തെയും കേരള ജനതയെയും പ്രത്യക്ഷമായിത്തന്നെ ബാധിക്കുന്ന വിഷയമായതിനാൽ ഡാമിന്റെ കാര്യത്തിൽ കേരളത്തിന് ഉത്തരവാദിത്തമില്ലാതാകുന്നില്ല.
മുല്ലപ്പെരിയാർ അണക്കെട്ടിനായി നിയമ പോരാട്ടം നടത്തിവരുന്നതിൽ പ്രമുഖനായ അഡ്വ. റസൽ ജോയി ഉന്നയിക്കുന്ന ആശയങ്ങളിൽ പ്രധാനമായ ഒന്ന്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പൂർണ്ണ അധികാരം കേരളത്തിനാണ് എന്നുള്ളതാണ്. ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലും, ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകും എന്നതിനാലും ആ ഡാമിന് മേലുള്ള കേരളത്തിന്റെ അവകാശത്തെ പൂർണ്ണമായി നിരാകരിക്കാൻ ലോകത്ത് ഒരു കോടതിക്കും കഴിയില്ല.
ഇപ്പോഴുള്ള ഡാമിൽനിന്ന് 500 മീറ്റർ മാറി പുതിയ ഡാം നിർമ്മിക്കാവുന്നതാണ് എന്ന് ജിയോളജിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ 2010ൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ കേരളസർക്കാർ ഇനിയും ശ്രമിച്ചിട്ടുള്ളതായി അറിവില്ല. 2014ലെ സുപ്രീം കോടതി വിധിയനുസരിച്ച് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ തമിഴ്നാട് സർക്കാർ യാതൊരു നടപടികളും ഇന്നോളം സ്വീകരിച്ചിട്ടില്ല. അത്യാവശ്യമായ അറ്റകുറ്റപ്പണികൾ ഉടനടി പൂർത്തിയാക്കണം, ഭൂകമ്പ സാദ്ധ്യതകൾ മനസിലാക്കാൻ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കണം, അണക്കെട്ടിന്റെ ചുവട്ടിൽ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുകയും വേണം, അടിയന്തിര ഘട്ടത്തിൽ വെള്ളം തുറന്നുവിടാൻ അമ്പത് അടി ഉയരത്തിൽ ടണലുകൾ നിർമ്മിക്കണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളാണ് അന്ന് സുപ്രീംകോടതി നൽകിയിരുന്നത്. അത്തരം വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേരളസർക്കാരിനുണ്ടായിരുന്നു. എന്നാൽ ഗൗരവതരമായ അലംഭാവമാണ് അവിടെയും സംഭവിച്ചത്.
കേരളത്തിന്റെ സുരക്ഷിതത്വം പോലെത്തന്നെ തമിഴ്‌നാടിന്റെ ആവശ്യവും പ്രധാനപ്പെട്ടത് തന്നെയാണ്. മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള വെള്ളം തമിഴ്‌നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ജീവനു തുല്യമാണ്. അവരുടെ ജീവിതവും ഉപജീവനമാർഗ്ഗങ്ങളും മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ തമിഴ്‌നാട്ടിലെ ജനലക്ഷങ്ങളുടെ കാര്യത്തിൽ തുടർന്നും കേരളം കരുതൽ കാണിക്കേണ്ടതുണ്ട്.
എന്നാൽ, ലോകത്തിലേക്കും വച്ച് ഏറ്റവും കൂടിയ അപകട സാധ്യതയിലായിരിക്കുന്ന ഒരു ഡാമിന്റെ ഡീകമ്മീഷനിംഗ് അക്കാരണംകൊണ്ട് വൈകിപ്പിക്കാനും പാടില്ല. സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പുതിയ ഡാം നിർമ്മിക്കുന്ന കാര്യത്തിൽ വ്യക്തമായ നടപടികൾ ഉടനടി സ്വീകരിക്കുകയാണ് ആവശ്യം. കേരളത്തിന്റെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത് അഭിനന്ദനാർഹമായ നടപടിയാണ്. എന്നാൽ, ശാശ്വതമായ ഒരു പരിഹാരത്തിലേയ്ക്ക് ചർച്ചകൾ എത്തിച്ചേരുകയും വേണം.
സോഷ്യൽമീഡിയയിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നവരും മുഖ്യധാരാമാധ്യമങ്ങളും കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപെടലുകൾ നടത്താൻ ശ്രമിക്കേണ്ടതുണ്ട്. കേരളസമൂഹത്തെ മുഴുവൻ പരിഭ്രാന്തരാക്കുന്ന വിധത്തിൽ പ്രചരണങ്ങൾ നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഇത്തരം വിഷയങ്ങൾ വിവേകത്തോടെയും നയപരമായും കൈകാര്യം ചെയ്യപ്പെടേണ്ടതും യഥാസമയം ശരിയായ പരിഹാരം ഉണ്ടാകേണ്ടതുമാണ്. വൈകാരികമായ ആശയ പ്രചാരണങ്ങൾ കലാപത്തിലേയ്ക്ക് എത്തിച്ചേർന്ന മുന്നനുഭവങ്ങൾ പലതുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ തന്നെ പത്തുവർഷം മുമ്പ് കേരളസമൂഹത്തിനും തമിഴ് ജനതയ്ക്കും ഇടയിൽ രൂക്ഷമായ കലഹങ്ങൾ ഉണ്ടായിട്ടുള്ളത് ആരും മറന്നുകാണാൻ ഇടയില്ല.
ഇപ്പോഴത്തെ ചർച്ചകൾ അത്തരം പ്രവണതകളിലേയ്ക്ക് വഴിമാറിയാൽ ഇരുസംസ്ഥാനങ്ങളിലേയ്ക്കും പരസ്പരം കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് പേരുടെ സുരക്ഷിതത്വത്തെ തന്നെ ബാധിച്ചേക്കും.
ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നതനുസരിച്ച് മുല്ലപ്പെരിയാർ ഡാമിന്റെ പഴക്കത്തെക്കാൾ കൂടുതൽ ഗുരുതരമായ വിഷയം ആ പ്രദേശത്ത് നിലനിൽക്കുന്ന ഭൂകമ്പ സാധ്യതയാണ്. വിവിധ വർഷങ്ങളിലായി കാര്യമായ രീതിയിലുള്ള ബലപ്പെടുത്തൽ പ്രവൃത്തികൾ നടന്നിട്ടുള്ളതിനാലും അതൊരു "ഗ്രാവിറ്റി ഡാം" ആയതിനാലും പലരും ഭാവനയിൽ കാണുന്നതുപോലുള്ള ഒരു തകർച്ച ഉണ്ടാവാനിടയില്ല എന്നതാണ് വാസ്തവം.
എന്നാൽ, ഭൂകമ്പ സാധ്യത ഉള്ളതിനാൽ നിലവിലുള്ള ബലക്ഷയത്തെ അതീവ ഗൗരവത്തോടെ കാണുക തന്നെ വേണം. 1979ൽ ഗുജറാത്തിലെ മച്ചു ഡാം തകർന്ന് ആയിരക്കണക്കിന് ആൾക്കാർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചത്. അതുപോലൊരു ദുരന്തം ഇവിടെയും ആവർത്തിക്കുമോ എന്നുള്ള സാധാരണക്കാരുടെ ആശങ്കയെ ചെറുതായിക്കാണാൻ കഴിയില്ല.
മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയപ്പെടണം എന്ന ആവശ്യം യാതൊരു വിട്ടുവീഴ്ചയും കൂടാതെ തന്നെ മുന്നോട്ടു വയ്ക്കുന്നതോടൊപ്പം സാധാരണ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കുകയും വേണം. ഡാമിനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് ജനങ്ങളെ അറിയിച്ച മുഖ്യമന്ത്രി ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്ന ഭീതിക്ക് ശമനമുണ്ടാകാൻ വേണ്ട ശരിയായ നടപടികൾ സ്വീകരിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന പക്ഷം അവരുടെ ആശങ്കകൾ അവസാനിക്കും എന്നത് തീർച്ചയാണ്.
കേരളം ഇതിനകം ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്ന നിലപാടുകളും പ്രായോഗിക നടപടികളും സംബന്ധിച്ച വിവരങ്ങൾ അസ്വസ്ഥതാജനകമാണ്. തമിഴ്‌നാട്ടിലെ ജലലഭ്യതയുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാർ ഡാം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന തമിഴ്നാട് സർക്കാർ ആ ലക്ഷ്യത്തിനായി മാത്രം നിരവധി ഉദ്യോഗസ്ഥരെ വിന്യസിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്യുമ്പോൾ, കേരളത്തിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ വിഷയമായിട്ടുപോലും ഇക്കാര്യത്തിന് കേരളത്തിൽ ഒരു ഓഫീസ് പോലുമില്ല എന്നതാണ് യാഥാർത്ഥ്യം.
ഇതുവരെ ഇപ്രകാരമായിരുന്നെങ്കിൽ തന്നെയും, തുടർന്നെങ്കിലും കേരളസർക്കാർ ഈ വിഷയത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകി നടപടികൾ സ്വീകരിക്കുമെന്ന് കരുതാം. രാഷ്ട്രീയമായും സാമൂഹികമായും വളരെ അനുകൂലമായ ഈ സാഹചര്യത്തിൽ തമിഴ്നാട് സർക്കാരുമായി കൂടിയാലോചനകൾ നടത്തി അടിയന്തിര സ്വഭാവത്തോടെ ഡാം പുതുക്കിപ്പണിയൽ നടപടികളുമായി മുന്നോട്ടു പോവുകയാണ് കേരളജനതയുടെ ആവശ്യം.
(ലേഖകനായ ഫാ. ജേക്കബ് പാലക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയാണ്) |