Content | റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച ഇന്നു നടക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്ന് കാര്യത്തില്‍. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ആസ്ഥാനം റോമിലാണ്.അവിടെയും ഉച്ചകോടികൾക്കും ഇറ്റലിയുമായി ഉഭയകക്ഷി ചർച്ചകൾക്കും പോകുന്ന രാഷ്ട്ര നേതാക്കൾ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുകയെന്നത് കീഴ്വഴക്കമാണ്. വത്തിക്കാൻ രാഷ്ട്രത്തലവൻ എന്നതല്ല കത്തോലിക്കരുടെ പരമാധ്യക്ഷൻ എന്ന നിലയ്ക്കുള്ള ആത്മീയ പദവി പരിഗണിച്ചാണ് ഈ കീഴ്വഴക്കം. എന്നാൽ, ഇറ്റലി സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ എല്ലാവരും ഈ കീഴ്വഴക്കം പാലിച്ചിട്ടുമില്ല. ഇപ്പോഴത്തെ സന്ദര്‍ശനത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.
മുന്‍പ് പലതവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിബിസിഐ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ വിലങ്ങു തടയിടുകയായിരിന്നു. 2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു.
ഇന്ത്യയും വത്തിക്കാനുമായി നയതന്ത്ര ബന്ധം തുടങ്ങിയത് 1948ലാണ്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി, 1955 ജൂണിൽ വത്തിക്കാനിൽ 12-ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ചു. അന്നത്തെ സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി. 21 വര്‍ഷം മുന്പ് 2000-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ ചെന്നു കാണുന്നതെന്ന പ്രത്യേകത ഇന്നത്തെ കണ്ടുമുട്ടലില്‍ ഉണ്ട്. കൂടിക്കാഴ്ചയില്‍ പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണമോയെന്ന് അറിയുവാന്‍ ഏവരും ഉറ്റുനോക്കുകയാണ്. |