Content | കൊച്ചി: അധ്യാപകരുടെ സേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രതിബദ്ധതയോടും ശുശ്രൂഷാ മനോഭാവത്തോടും കൂടി വിദ്യാഭ്യാസമേഖലയില്‍ സേവനം ചെയ്യാന്‍ അധ്യാപകര്‍ക്കു സാധിക്കേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഒരുക്കമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ കോളജ് പ്രഫസര്‍മാരുടെയും പ്രഫഷണലുകളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാരുണ്യത്തില്‍ അടിയുറച്ചതാണു സഭയുടെ ശുശ്രൂഷകളെല്ലാം. കാരുണ്യവും നീതിയും സമന്വയിപ്പിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. സംഘര്‍ഷഭരിതമായ ലോകത്തില്‍ കാരുണ്യപൂര്‍ണമായ സമീപനം ക്രൈസ്തവസാക്ഷ്യത്തിന്റെ വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ആര്‍ജവത്തോടെ ഏറ്റെടുക്കാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. അധാര്‍മികതയുടെ സമ്പത്ത് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമില്ലെന്നു സധൈര്യം നാം പറയണം.
സഭയില്‍ വ്യക്തികളും കുടുംബങ്ങളും പ്രാദേശികസഭകളും സാക്ഷ്യത്തിന്റെ സുവിശേഷമാണു പങ്കുവയ്ക്കുന്നത്. സഭയുടെ സാമൂഹ്യസാക്ഷ്യം ചിലപ്പോഴെങ്കിലും എതിര്‍സാക്ഷ്യങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നതു ഖേദകരമാണ്. സഭാംഗങ്ങള്‍ സഭാവിഷയങ്ങളിലുള്ള വിമര്‍ശനം സഭാവേദികളിലാണു നടത്തേണ്ടത്. ക്രിസ്തീയമായ വിവേചനയോടെ പ്രശ്‌നങ്ങളെ സമീപിക്കണം. കുടുംബങ്ങളുടെ കൂട്ടായ്മയാണു സഭ എന്നതിനാല്‍ കുടുംബാരൂപി സഭയില്‍ എപ്പോഴും നിലനില്‍ക്കേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
അസംബ്ലി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, അസംബ്ലി സെക്രട്ടറി ഫാ. ഷാജി കൊച്ചുപുരയില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോബി മാപ്രങ്കാവില്‍, സിസ്റ്റര്‍ ഗ്രീന എന്നിവര്‍ പ്രസംഗിച്ചു.
റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലവുത്തിങ്കല്‍ എന്നിവര്‍ അസംബ്ലിയുടെ മാര്‍ഗരേഖ സംബന്ധിച്ചു വിഷയാവതരണം നടത്തി.
|