Content | അബൂജ: കൊലപാതകങ്ങളും, അക്രമങ്ങളും ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാഷ്ട്രമായ നൈജീരിയന്‍ ജനത അനുഭവിക്കുന്ന കഷ്ടതകള്‍ക്കും ആശങ്കകള്‍ക്കുമുള്ള പ്രതിവിധി ജപമാലയിലൂടെ നിത്യസഹായ മാതാവിന്റെ സഹായം അഭ്യര്‍ത്ഥിക്കുക മാത്രമാണെന്ന് അബൂജ ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കയിഗാമ. എനുഗു രൂപതയിലെ ഉഗ്വോഗോ-നിക്കേയിലെ മരിയന്‍ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം പറഞ്ഞത്. പരിശുദ്ധ കന്യകാമാതാവ് അനുഭവിച്ച സഹനങ്ങളെക്കുറിച്ച് വിവരിച്ച ബിഷപ്പ്, ദിവ്യകാരുണ്യ ഭക്തിയും, മരിയന്‍ ഭക്തിയുമാണ് കത്തോലിക്കരുടെ ആത്മീയ യാത്രയിലെ സവിശേഷതകളായ രണ്ട് തൂണുകളെന്നും നമ്മെ ഭവനരഹിതരാക്കുന്ന അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും നിത്യസഹായ മാതാവിനോട് പറയണമെന്നും ഓര്‍മ്മിപ്പിച്ചു.
നാം പട്ടിണിയും ദാരിദ്ര്യവും നേരിട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ പൊതു സേവനങ്ങള്‍ അഴിമതിക്കും, വര്‍ഗ്ഗീയവും മതപരവുമായ പക്ഷപാതത്തിനും ഇരയായിരിക്കുന്നു. നമുക്ക് നമ്മുടെ രാഷ്ട്രം നേരിടുന്ന വിഷമതകളും പ്രശ്നങ്ങളും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് ജപമാലയിലൂടെ ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുകയും, ദിവ്യകാരുണ്യ ആരാധനയില്‍ പങ്കുചേരുകയും, നിനവേ നിവാസികളെപ്പോലെ നമ്മുടെ പാപങ്ങളില്‍ അനുതപിക്കുകയും ചെയ്യാം. നൈജീരിയയിലെ ദൈവമക്കളായ നമ്മള്‍ ഈ അത്യാവശ്യ ഘട്ടത്തില്‍ മാതാവിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തണം. കാനായില്‍ അപേക്ഷിച്ചതുപോലെ നൈജീരിയക്ക് വേണ്ടിയും ദൈവമാതാവ് മാധ്യസ്ഥം യാചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവവചനം കേള്‍ക്കുകയും, അതുപോലെ ജീവിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയമാണ് ആദ്യ ശിഷ്യയും, സുവിശേഷവത്കരണത്തിന്റെ താരവും. ദൈവമാതാവിന്റെ നാമം ഉച്ചരിക്കുകയോ, ജപമാല ധരിക്കുകയോ ചെയ്‌താല്‍ മാത്രം പോര, അവിടുത്തെ ജീവിതത്തേക്കുറിച്ചും ധ്യാനിക്കണമെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, രാഷ്ട്രത്തിനും, കുടുംബത്തിനും, മതനേതാക്കള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ നൈജീരിയായില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന തീരായാതന ഓരോ ദിവസവും ചര്‍ച്ചയാകുന്നുണ്ട്. |