Content | കൊച്ചി: 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഉദാരമാക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഫാമിലി കമ്മീഷന്‍ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഭ്രൂണഹത്യയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന കരട് ബില്‍. ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രം കര്‍ശന നിയന്ത്രണത്തിലൂടെ ഗര്‍ഭചിദ്രം നടത്തുവാനുളള സാഹചര്യമാണുളളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ നിയമത്തില്‍ ഗര്‍ഭചിദ്ര ശസ്ത്രക്രിയയ്ക്ക് മിഡ് വൈഫ് നഴ്‌സുമാര്‍ക്കുപോലും അനുമതി നല്‍കുന്നതിനുളള നീക്കമാണുളളത്. ഇത് ഉപേക്ഷിക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നടന്ന ഫാമിലി കമ്മീഷന്‍ രൂപതാ ഡയറക്ടര്‍മാരുടെയും പ്രൊലൈഫ് സംസ്ഥാനതല പ്രവര്‍ത്തകരുടെയും എറണാകുളം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍ഭ്രൂണഹത്യയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും വഴിയൊരുക്കി നരഹത്യയ്ക്ക് സാഹചര്യമൊരുക്കുന്ന നിയമനിര്‍മാണത്തിനെതിരെ വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങളും പൊതു സമ്മേളനങ്ങളും നടത്തുന്നതാണ്. വിവിധ മത, സാംസ്‌ക്കാരിക, രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് ജീവന്‍ സംരക്ഷണ സന്ദേശ റാലികള്‍ സംഘടിപ്പിക്കുന്നതാണ്. ജനിക്കുവാനുളള അവകാശം നിഷേധിക്കുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് കളങ്കമേല്‍പ്പിക്കുമെന്ന് സമ്മേളനം വിലയിരുത്തി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവത്കരണ സമ്മേളനങ്ങള്‍ക്ക് ഫാമിലി കമ്മീഷനും പ്രൊലൈഫ് സമിതിയും നേതൃത്വം നല്‍കും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. സിബിച്ചന്‍, ഫാ ജോണ്‍സണ്‍ റോച്ച, ജോര്‍ജ്ജ് എഫ് സേവ്യര്‍, സാബുജോസ്, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂനസ്, കെ.എക്‌സ് ആന്റണി, ജോബി വി.എന്‍, ജാന്‍സി ജോബി, ജോണ്‍സണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
|