Content | കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021 - 2023 ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കും. സിനഡാത്മകതയും സഭാനവീകരണവും 2022 - 2025 എന്ന പേരില്‍ സഭാ നവീകരണ കാലം ആചരിക്കാന്‍ കെസിബിസിയുടെ ശീതകാല സമ്മേളനം തീരുമാനിച്ചു. സഭയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനു വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും ഇത് അവസരം ഒരുക്കും. വ്യക്തികളിലും ഇടവകകളിലും സ്ഥാപനങ്ങളിലും സഭയുടെ മറ്റെല്ലാ തലങ്ങളിലും ആത്മീയ നവീകരണം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് കെസിബിസി പ്രസ്താവനയില്‍ അറിയിച്ചു.
കെസിബിസി ശീതകാല സമ്മേളനത്തില്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. തീരദേശ നിവാസികളുടെ ആശങ്കകള്‍ ഗൗരവമായി കാണുവാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുക്കണം. കേരള ഹൈക്കോടതി ഈ അടുത്തകാലത്ത് പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. തീരശോഷണത്തിന്റെ കാരണങ്ങളും അത് ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളും തീരപരിപാലന വിജ്ഞാപനം ഉയര്‍ത്തുന്ന പ്രതിസന്ധികളും പരിഗണിച്ച കോടതി സര്‍ക്കാരിനോട് പരാതികളിന്മേല്‍ സത്വരമായ നടപടികള്‍ സ്വീകരിച്ച് തീരദേശവാസികളുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്നുതന്നെ തീരുമാനമെടുക്കണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സത്വരമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു.
സമ്മേളനത്തില്‍ ജൂബിലി ആഘോഷിക്കുന്ന മെത്രാന്മാരെ കെസിബിസി ആദരിച്ചു. പൗരോഹിത്യ സുവര്‍ണജൂബിലിയുടെയും മെത്രാഭിഷേക രജതജൂബിലിയുടെയും നിറവില്‍ ആയിരിക്കുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പൗരോഹിത്യ സുവര്‍ണജൂബിലിയിലെത്തിയ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് വിന്‍സന്റ് സാമുവല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരെ നിയമിച്ചു. സിസ്റ്റര്‍ ഡോ. ലില്ലിസാ എസ്എബിഎസ് (ഹെല്‍ത്ത് കമ്മീഷന്‍), ഫാ. ജോജു കൊക്കാട്ട് (ബൈബിള്‍ കമ്മീഷന്‍), ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍ (ഫാമിലി കമ്മീഷന്‍), പ്രഫ. കെ.എം. ഫ്രാന്‍സിസ് (അല്മായ കമ്മീഷന്‍) എന്നിവരാണു പുതിയ സെക്രട്ടറിമാര്‍. സാരഥിയുടെ ഡയറക്ടറായി റവ. ഫാ. ഷിന്റോ, ജീസസ് ഫ്രട്ടേര്‍ണിറ്റിയുടെ ഡയറക്ടറായി ഫാ. മാര്‍ട്ടിന്‍ തട്ടില്‍, സിഎല്‍സിയുടെ പ്രമോട്ടറായി ഫാ. ഫ്രജോ വാഴപ്പിള്ളി, പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് ആയി ഫാ. ടോണി കോഴിമണ്ണില്‍ എന്നിവരെ നിയമിച്ചു.
വനിതാ, മീഡിയാ, ലേബര്‍, യൂത്ത് കെസിഎസ്എല്‍ കമ്മീഷന്‍ സെക്രട്ടറിമാരുടെ സേവന കാലാവധി അടുത്ത മൂന്നു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് കെസിബിസി സമ്മേളനം നന്ദി രേഖപ്പെടുത്തി. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണജൂബിലി ആചരണത്തിനു പ്രസിഡന്റ് ഫാ. സുജന്‍ അമൃതത്തിനു നിര്‍ദേശങ്ങള്‍ നല്‍കിയതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ശീതകാല സമ്മേളനം ഇന്നലെ സമാപിച്ചു. |