Content | സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കൊർഡിലിയോണിയുടെ ആഹ്വാനപ്രകാരം ഗ്വാഡലുപ്പ മാതാവിന്റെ തിരുനാൾ ദിനമായിരുന്ന ഡിസംബർ പന്ത്രണ്ടാം തീയതി അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ മാനസാന്തരത്തിന് വേണ്ടി 7700 റോസാപ്പൂക്കളുടെ ശേഖരണം നടന്നു. 'കത്തോലിക്കാ വിശ്വാസിയാണ്' എന്നവകാശപ്പെടുന്ന ഡെമോക്രാറ്റിക് പാർട്ടി അംഗമായ പെലോസി ഭ്രൂണഹത്യ അനുകൂല നിലപാടുള്ള വ്യക്തിയാണ്. ഇതിൽനിന്ന് അവരെ പിൻതിരിപ്പിക്കുക എന്ന ആത്മീയ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിന് മുന്നിൽ റോസാപ്പൂക്കളുടെ ശേഖരണം നടന്നത്.
ജീവന്റെ സുവിശേഷത്തിലേക്കു സ്പീക്കർ മാനസാന്തരപ്പെടാൻ വേണ്ടി വിശ്വാസികൾ നടത്തുന്ന പ്രാർത്ഥനയെയും, ഉപവാസത്തെയുമാണ് ഓരോ റോസാപ്പൂക്കളും സൂചിപ്പിക്കുന്നതെന്നും, ഗർഭസ്ഥ ശിശുക്കളുടെ മധ്യസ്ഥയായ ഗ്വാഡലുപ്പ മാതാവിന്റെ തിരുനാൾ ദിനം റോസാപ്പൂക്കൾ അയക്കാൻ ഏറ്റവും യോജിച്ച ദിവസമാണെന്നും ആർച്ച് ബിഷപ്പ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. ബെനഡിക്റ്റ് മാർപാപ്പയുടെ പേരിലുള്ള ഒരു സംഘടനയാണ് 'റോസ് ആൻഡ് എ റോസറി ഫോർ നാൻസി' എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിന് ചുക്കാൻ പിടിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിക്കുന്ന ഓരോ വ്യക്തികൾക്കും വേണ്ടി ഒരു റോസാപ്പൂവ് വെച്ച് സംഘടന, നാൻസി പെലോസിക്ക് അയച്ചു നൽകും.
ഒരു രാഷ്ട്രീയ റാലിയായല്ല മറിച്ച് തങ്ങൾ പ്രാർത്ഥനയുടെ ഭാഗമായാണ് റോസാപ്പൂക്കൾ ശേഖരിച്ചതെന്ന് ബെനഡിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാഗി ഗല്ലഹർ പറഞ്ഞു. 7700 റോസാപ്പൂക്കൾ സ്പീക്കർക്ക് നേരിട്ട് കൈമാറാതെ ക്യാപിറ്റോൾ കെട്ടിടത്തിന് മുന്നിലാണ് ശേഖരിച്ചുവച്ചതെന്നും അവർ കൂട്ടി ചേർത്തു . ഓരോ ദിവസവും 100 റോസാപ്പൂക്കൾ വച്ച് നാൻസി പെലോസിക്ക് അയച്ചു നൽകാനാണ് സംഘടന പദ്ധതിയിടുന്നത്. ഗ്വാഡലുപ്പ മാതാവിന്റെ തിരുനാൾ ദിനം 16381 കത്തോലിക്ക വിശ്വാസികൾ ക്യാമ്പയിന്റെ ഭാഗമാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയതായി ക്യാമ്പയിന്റെ ഭാഗമാകാൻ താല്പര്യം അറിയിച്ച വിശ്വാസികൾക്ക് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി.
|