Content | ബ്യൂണസ് അയേഴ്സ്: അർജന്റീനയിലെ സാൻ ഇസിദോരോ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതി മോഷണം പോയതിനെ തുടർന്ന് രൂപതാധ്യക്ഷൻ ഇന്നലെ ഡിസംബർ 19 പ്രത്യേക പാപ പരിഹാര ബലിയര്‍പ്പണവും പ്രത്യേക പ്രാർത്ഥനയും നടത്തി. ഡിസംബർ പതിനഞ്ചാം തീയതിയാണ് മോഷണം നടന്നതെന്നും, മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിസംബർ 17നു പുറത്തുവിട്ട കുറിപ്പിൽ രൂപത വ്യക്തമാക്കിയിരുന്നു. കത്തീഡ്രൽ ദേവാലയത്തിൽ തന്നെ നടന്ന പാപപരിഹാര പ്രാർത്ഥനകൾക്ക് അർജന്റീനയുടെ മെത്രാൻ സമിതി അധ്യക്ഷൻ കൂടിയായ ബിഷപ്പ് ഓസ്കർ ഒജിയ നേതൃത്വം നൽകി.
പാപ പരിഹാര പ്രാർത്ഥന നടത്തിയതിനെ അർജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് നിയമിച്ച ലഹരി വിരുദ്ധ വകുപ്പിന്റെ തലവൻ ജുവാൻ കാർലോസ് മോലീന വിമർശിച്ചിരുന്നു. കത്തോലിക്ക സഭയുടെ പ്രബോധനം അനുസരിച്ച് മോഷണം പാപമാണെന്നും, തിരുവോസ്തിയെ അപമാനിക്കുന്നത് വലിയ തിന്മയാണെന്നും അതിനാലാണ് പാപ പരിഹാര പ്രാർത്ഥന നടത്തിയതെന്നും ജാവിയർ ഒലിവേറ റാവാസി എന്ന വൈദികൻ മറുപടി നൽകി. ഫ്രഞ്ച് വാസ്തുശില്പികളായ ഡുനന്റും പാക്വിനും ചേർന്ന് രൂപകൽപ്പന ചെയ്ത കത്തീഡ്രൽ 1898 ജൂലൈ 14നാണ് ഉദ്ഘാടനം ചെയ്തത്. |