category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരമോന്നത നീതിപീഠം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍
Content(സന്യാസിനികളുടെ താമസസ്ഥലങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും കേരള കെട്ടിട നികുതി നിയമത്തിന്‍റെ വസ്തു നികുതി ഇളവിനുള്ള അവകാശമുണ്ട് എന്ന 2021 മാര്‍ച്ച് 1 ാം തീയതിയിലെ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിര്‍ണ്ണായകമായ വിധിക്ക് പിന്നില്‍...) സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഭയം കൂടാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നിങ്ങനെ അനുദിനജീവിതം സുഗമമായി തീരാന്‍ രാജ്യത്തെ ഓരോ പൗരനും വേണ്ടിയും സേവനം ചെയ്യുക തുടങ്ങിയ ധര്‍മ്മങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നവരെയാണ് നാം ജനപ്രതിനിധികള്‍ എന്ന് വിളിക്കുന്നത്. നിസ്വാര്‍ത്ഥമായി രാഷ്ട്രത്തെ സേവിക്കുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കേണ്ടതും. ഇന്ത്യ ഇത്തരം അനവധി ഉത്തമരായ രാഷ്ട്രീയ നേതാക്കള്‍ക്കും നലം തികഞ്ഞ പൊതുപ്രവര്‍ത്തകര്‍ക്കും സാമൂഹ്യസേവകര്‍ക്കും ജന്മം കൊടുത്ത പുണ്യഭൂമിയാണ്. ഇന്ത്യ എന്ന ഒറ്റ വികാരത്തെ ഒരു മതമായി സങ്കല്‍പ്പിച്ചാല്‍ അവളുടെ പുണ്യ ഗ്രന്ഥമാണ് 'ഇന്ത്യന്‍ ഭരണഘടന'. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനകള്‍ പഠിച്ചറിഞ്ഞ് അവയിലെ മാനുഷികമൂല്യങ്ങള്‍ മുഴുവനും കടഞ്ഞെടുത്ത് ഭരണ ഘടനാ ശില്പികള്‍ കൊത്തിയെടുത്തതാണ് ഇന്ത്യന്‍ ഭരണ ഘടന. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂന പക്ഷങ്ങള്‍ക്കും തുടങ്ങി, സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേക പരിഗണനയും ഇളവുകളും ആനുകൂല്യങ്ങളും വേണ്ടതാണെന്ന് ഭരണ ഘടന പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ നിയമങ്ങളും ഭരണഘടനാപരമായ ഇത്തരം ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും യാതൊരു കോട്ടവും തട്ടാത്ത രീതിയില്‍ തന്നെ വേണം നിര്‍മ്മിക്കുവാന്‍ എന്നും ഭരണഘടനാശില്പികള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇപ്രകാരം ഒരു ഇളവും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് ഇവിടെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 2021 മാര്‍ച്ച് 1ാം തീയതി സുപ്രീം കോടതി കേരളാ ഗവണ്‍മെന്‍റിന്‍റെ ഒരു അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. 'സന്യാസിനികളുടെ താമസസ്ഥലങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും കേരള കെട്ടിട നികുതി നിയമത്തിന്‍റെ വസ്തു നികുതി ഇളവ് നല്‍കുന്ന സെക്ഷന്‍ 3(1)(എ) പ്രകാരമുള്ള അവകാശമുണ്ട്.' എന്നതാണ് വിധി. ഈ വിധി ഇത്ര പ്രധാനപ്പെട്ടതാകാന്‍ കാരണമുണ്ട്. 2002ാം ആണ്ട് മാര്‍ച്ച് പതിനാറിന് കേരള സര്‍ക്കാരിന്‍റെ ഒരു ഉത്തരവ് വന്നു. സന്യാസിനികള്‍ താമസിക്കുന്ന കെട്ടിടം താമസ ആവശ്യങ്ങള്‍ക്ക് ഉള്ളതായതിനാല്‍ നികുതി ഇളവ് അനുവദിക്കാന്‍ ആവില്ല എന്നതായിരുന്നു ആ ഉത്തരവ്. 'വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കു പുറമേ, കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്‍റ്, സെക്ഷന്‍ 3(1)(എ) യുടെ ഇളവില്‍ വരുന്നതല്ലെന്നും അത് പൂര്‍ണ്ണമായും പാര്‍പ്പിടത്തിനായി മാത്രമുള്ളതാകയാല്‍ നികുതി ഇളവ് അനുവദിക്കാനാവില്ല എന്നതുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് വേണ്ട നടപടിയെടുക്കാന്‍ തഹസീല്‍ദാര്‍ക്കു നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. അതിനെതിരെ തൊടുപുഴ ശാന്തിഭവന്‍ അഡോറേഷന്‍ കോണ്‍വെന്‍റ് മദര്‍ സുപ്പീരിയര്‍ OP 11246/2002 ഫയല്‍ ചെയ്യുകയും 29/5/2002 ല്‍ കേരള ഹൈക്കോടതി സിങ്കിള്‍ ബഞ്ച് സ്റ്റേ ചെയ്യുകയുണ്ടായി. 2004 ഫെബ്രുവരി പത്തിന് നടന്ന വാദത്തില്‍ മദര്‍ സുപ്പീരിയര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: സിസ്റ്റേഴ്സാണ് പ്രസ്തുത മഠത്തില്‍ താമസിക്കുന്നത്, അത് മഠത്തോടു ചേര്‍ന്നുള്ള വിജയമാതാ പള്ളിയില്‍ ആത്മീയമായ ശുശ്രൂഷകള്‍ക്കും പരിസരപ്രദേശങ്ങളിലെ നാനാജാതിമതസ്തരായവര്‍ക്ക് ഔദാര്യപൂര്‍ണ്ണമായ സേവനങ്ങള്‍ ചെയ്യുന്നതിനും വേണ്ടി മാത്രമാണ്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പഠിക്കുന്ന ജൂനിയര്‍ സിസ്റ്റേഴ്സുംകൂടി ആ ഭവനത്തില്‍ താമസിക്കുന്നുണ്ട്. അവര്‍ വിദ്യാഭ്യാസമെന്ന ഉദ്ദേശ്യത്തിനാണ് അവിടെ താമസിക്കുന്നത്. പ്രസ്തുത കെട്ടിടം ഒരിക്കല്‍പോലും പണം വാങ്ങി ഉപയോഗിക്കാന്‍ കൊടുക്കുകയോ, ഭാവിയില്‍ അപ്രകാരം ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല. പൂര്‍ണ്ണമായും മേല്‍പ്പറഞ്ഞ ആവശ്യത്തിനായുള്ള കെട്ടിടമായി തന്നെ അത് ഉപയോഗിക്കുകയും ചെയ്യും. വാദമുഖങ്ങളെല്ലാം സര്‍ക്കാര്‍ മനസിലാക്കിയെങ്കിലും അവ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയും അത് സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് കൈമാറുകയും ചെയ്തു. കാര്യകാരണസഹിതം അതു പഠിച്ച് ഡിവിഷന്‍ ബഞ്ച് സിസ്റ്റേഴ്സിന് അനുകൂലമായി വിധിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ സിവില്‍ അപ്പീല്‍ (202/2012) സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഒടുവില്‍ വിശദമായ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം രാജ്യത്തിന്‍റെ പരമോന്നത കോടതിയും കേരളാ ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട് സര്‍ക്കാരിന്‍റെ അപ്പീല്‍ തള്ളുകയും, കേരള കെട്ടിട നികുതി നിയമം Sec-3(1)(B) നല്‍കിയിരിക്കുന്ന വസ്തുനികുതി ഇളവിന് സിസ്റ്റേഴ്സു താമസിക്കുന്ന കെട്ടിടവും അര്‍ഹമാണ് എന്നു വിധിക്കുകയും ചെയ്തു! ഒരു സ്കൂളിനോടോ കോളേജിനോടോ ചേര്‍ന്ന് കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ, അവ സ്കൂളിന്‍റെയോ കോളേജിന്‍റെയോ ഭാഗമല്ലെന്നും വിദ്യാഭ്യസ ആവശ്യത്തിനായുള്ളത് അല്ലെന്നും എങ്ങനെ സ്ഥാപിക്കാന്‍ കഴിയും? ഒരു മെഡിക്കല്‍ കോളേജിനോടു ചേര്‍ന്ന് കോളേജ്ഹോസ്റ്റല്‍ ഇല്ലാതിരിക്കാനാവില്ല, അതിനെ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത ഒരു കെട്ടിടമായി പരിഗണിക്കാനാവില്ലല്ലോ എന്നും കോടതി ചോദിക്കുന്നു. അതുപോലെ തന്നെയാണ് സന്യാസിനികള്‍ കോണ്‍വെന്‍റിലെ കെട്ടിടത്തില്‍ താമസിക്കുന്നതും. അവര്‍ പ്രധാനമായും മതപരമായ ആവശ്യത്തിനായിത്തന്നെയാണ് ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ലാഭകരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല മറിച്ച്, സാമൂഹികമോ വിദ്യാഭ്യാസപരമോ ആയ കാര്യങ്ങള്‍ക്കായി മാത്രമാണ് സന്യാസിനികള്‍ അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു നടത്തുന്ന ഹോസ്റ്റലുകള്‍ക്കും ഇതേ ലക്ഷ്യം തന്നെ. എന്നാല്‍ ചിലര്‍ സ്കൂള്‍ പരിസരങ്ങളിലൊക്കെ മറ്റ് ആവശ്യങ്ങള്‍ക്കായി ലോഡ്ജുകള്‍ നടത്താറുണ്ട്. അവ സ്കൂള്‍ പരിസരത്തിന്‍റെ പേരില്‍ നിയമ ഒഴിവിന് അര്‍ഹമല്ല എന്നും കൃത്യമായി പറഞ്ഞ് മനസ്സിലാക്കിതരുന്നുമുണ്ട്! ഭരണഘടന ഉറപ്പു നല്‍കുന്നതും സംസ്ഥാന നിയമനിര്‍മ്മാണ സമിതി വളരെ സൂക്ഷ്മതയോടെ, എഴുതി ചേര്‍ത്തതുമായ ചില ആനുകൂല്യങ്ങള്‍ ചില മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചും, സ്ഥാപിത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായും അവഗണിക്കാനും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം അത് അറിയാതെ പോകരുത്; ഉണര്‍ന്നു പോരാടാതിരിക്കരുത് എന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. നിയമം നല്‍കുന്ന ഇളവുകള്‍ വ്യാഖ്യാനിക്കുമ്പോഴും അനുവദിക്കുമ്പോഴും അത് കര്‍ശനമായി തന്നെ ചെയ്തിരിക്കണം; എന്നാല്‍ തികച്ചും സാമൂഹ്യ ക്ഷേമപരവും കൂടുതല്‍ സമഗ്രമായ നന്മകള്‍ക്ക് വഴിയൊരുക്കും വിധവും ഇത്തരത്തിലുള്ള നിയമങ്ങള്‍ ഏറ്റവും സര്‍ഗ്ഗാത്മകവും വിശാലവുമായി വേണം വ്യാഖ്യാനിക്കാന്‍ എന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി അഭിപ്രായപ്പെടുന്നുണ്ട്. ഉള്ളിലെ സ്പര്‍ദ്ധയും, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനങ്ങളും മാറ്റി വച്ച് നാടിന്‍റെ നന്മയ്ക്കായി അദ്ധ്വാനിക്കുന്ന നേതാക്കളെയാണ് ഇന്ന് നമുക്കാവശ്യം. അവരുടെ ഈ ലക്ഷ്യത്തോട് ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുവാന്‍ സന്യാസിനികളെ സഹായിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടത്. സമൂഹത്തിന്‍റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കുമായി അഹോരാത്രം പ്രയത്നിക്കുന്ന സന്യാസികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമൊക്കെ ഭരണകൂടം സംരക്ഷണം നല്‍കുകയും, അവരുടെ പ്രവര്‍ത്തനമേഖലകളിലെ പ്രതിബന്ധങ്ങള്‍ നീക്കുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു നല്ല നേതൃത്വം കേരളത്തിനുണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-21 14:25:00
Keywordsനീതിപീ, സന്യാസ
Created Date2021-12-21 14:26:26