Content | ബെയ്ജിംഗ്: ചൈനയില്‍ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് പുതിയ വിലക്കുകള്‍ പ്രഖ്യാപിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് റിലീജിയസ് അഫയേഴ്സ് ഡിസംബര്‍ 20-ന് പ്രഖ്യാപിച്ച വിലക്കുകള്‍ 2022 മാര്‍ച്ച് 1 മുതലാണ് പ്രാബല്യത്തില്‍ വരിക. വിശുദ്ധ കുര്‍ബാന, ഇതര ചടങ്ങുകള്‍, വൈദിക സന്യസ്തരുടെ രൂപീകരണം, ചൈനീസ് സംസ്കാരത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ പറയുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങിയവയെ പുതിയ വിലക്കുകള്‍ ബാധിക്കും. ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങളേയാണ് കൂടുതലായി ബാധിക്കുക.
ഓണ്‍ലൈനിലൂടെയുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായി വരുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. പുതിയ വിലക്കുകള്‍ക്ക് ഡിസംബര്‍ മൂന്നിനാണ് കേന്ദ്ര ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നു ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ നടന്ന നാഷ്ണല്‍ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തക സമിതിയില്‍ മതങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) യുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഷി ജിന്‍പിങ് സൂചിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്ന കാര്യം മതങ്ങള്‍ മനസ്സിലാക്കണമെന്നും വിദേശ സ്വാധീനങ്ങളെ ഉപേക്ഷിക്കണമെന്നും ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി മതപരമായ വിവരങ്ങള്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രൊവിന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിലീജിയസ് അഫയേഴ്സിന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രത്യേക ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇനിമുതല്‍ സെമിനാരികള്‍ക്കും, ദേവാലയങ്ങള്‍ക്കും, വ്യക്തികള്‍ക്കും വിശ്വാസപരമായ ചടങ്ങുകളും പ്രസംഗങ്ങളും, ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈനിലൂടെ മതപരമായ കാര്യങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനും, ചൈനയിലുള്ള വിദേശ സംഘടനകളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്.
മതങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായി സാംസ്കാരികവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് ഈ വിലക്കുകളെന്ന കാര്യം വ്യക്തമാണ്. സഭാധികാരികള്‍ക്കും, വൈദികര്‍ക്കും, സന്യാസിമാര്‍ക്കും, മെത്രാന്മാര്‍ക്കുമുള്ള അറിയിപ്പ് ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. 2018-ലും മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പിട്ട ഉടമ്പടി 2020 ഒക്ടോബറില്‍ പുതുക്കുകയുണ്ടായെങ്കിലും ക്രിസ്ത്യന്‍ സഭകളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ല.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CnquqL0mJ8ZKVIX12UfxjJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |